പേരാമ്പ്ര മാതാ കേന്ദ്രത്തെ സ്‌കൂള്‍ കലോത്സവങ്ങളില്‍ ഇനി പങ്കെടുപ്പിക്കില്ല: മന്ത്രി വി. ശിവന്‍കുട്ടി
Kerala News
പേരാമ്പ്ര മാതാ കേന്ദ്രത്തെ സ്‌കൂള്‍ കലോത്സവങ്ങളില്‍ ഇനി പങ്കെടുപ്പിക്കില്ല: മന്ത്രി വി. ശിവന്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th January 2023, 11:54 am

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്‌കാരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടപടി സ്വീകരിച്ച് സര്‍ക്കാര്‍. സ്വാഗതഗാനം അവതരിപ്പിച്ച കോഴിക്കോട് പേരാമ്പ്ര മാതാ കേന്ദ്രത്തിന് ഇനി സ്‌കൂള്‍ കലോത്സവത്തില്‍ അവസരം നല്‍കില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചത്.

സ്‌കൂള്‍ കലോത്സ വേദിയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് സ്വാഗതഗാനം പരിശോധിച്ചിരുന്നെന്നും എന്നാല്‍ അപ്പോള്‍ വിവാദമായ വേഷം ഗാനത്തില്‍ ഉണ്ടായിരുന്നില്ല എന്നും മന്ത്രി വ്യക്തമാക്കി.

”എന്തുകൊണ്ട് അങ്ങനെ ഉണ്ടായി എന്ന് പരിശോധിക്കും. ഇനി വരാന്‍ പോകുന്ന മേളകളില്‍ ഈ പ്രോഗ്രാം ചെയ്ത സംഘത്തെ കലാമേളയില്‍ പങ്കെടുപ്പിക്കാതിരിക്കാനുള്ള നടപടിയും സ്വീകരിക്കും.

പരിശോധിച്ചതിന് ശേഷം ഇനി മേലില്‍ ഇങ്ങനെ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും. ഇനി അതല്ലേ ചെയ്യാന്‍ പറ്റൂ,” മന്ത്രി വി. ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

സി.പി.ഐ.എം ജില്ലാ സമ്മേളനങ്ങളിലും സര്‍ക്കാരിന്റെ മറ്റ് പരിപാടികളിലും നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള സാംസ്‌കാരിക- കലാ കേന്ദ്രമാണ് പേരാമ്പ്ര മാതാ.

അതിനിടെ, സ്വാഗതഗാന വിവാദത്തില്‍ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിരുന്നു.

ദൃശ്യാവിഷ്‌കാരം ഇടതുനിലപാടിനും കേരളത്തിന്റെ പൊതുബോധത്തിനും വിരുദ്ധമാണെന്നും സംഭവത്തില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്നും തീവ്രവാദവും ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നമല്ലെന്നുമായിരുന്നു ജില്ലാ സെക്രട്ടറിയേറ്റ് ഔദ്യോഗികമായി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞത്.

”കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്‌കാരം ഇതിനിടയില്‍ വിമര്‍ശനത്തിനിടയാക്കിയത് സി.പി.ഐ.എം ഗൗരവത്തോടെ കാണുന്നു. ദൃശ്യാവിഷ്‌കാരത്തില്‍ ഒരു ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്‌ലിം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരും കേരളീയ സമൂഹവും ഉയര്‍ത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണ്.

തീവ്രവാദവും ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഇത്തരമൊരു ചിത്രീകരണം ഉണ്ടായതെങ്ങനെയെന്ന് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അവശ്യപ്പെടുന്നു,” എന്നാണ് പ്രസ്താവനയില്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് പ്രതികരിച്ചിരുന്നു. സ്വാഗതഗാനവും അത് തയ്യാറാക്കിയവരുടെ താല്‍പര്യവും ദൃശ്യാവിഷ്‌കാരത്തിലെ സംഘപരിവാര്‍ ബന്ധവും പരിശോധിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

കലോത്സവത്തിനിടെ ബോധപൂര്‍വം കലാപന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചോയെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച സംഗീത ശില്‍പത്തില്‍ മുസ്‌ലിം വിരുദ്ധതയുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. തീവ്രവാദിയായി മുസ്‌ലിം വേഷധാരിയെ ചിത്രീകരിച്ചതിനെതിരെ മുസ്‌ലിം ലീഗ് നേതാക്കളടക്കം രംഗത്തുവന്നിരുന്നു.

കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറിയ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ ഇന്ത്യന്‍ സുരക്ഷാ സേന പിടികൂടുന്ന തീവ്രവാദിയെ അറബി ശിരോവസ്ത്രമായ കഫിയ്യ ധരിച്ചയാളുടെ വേഷത്തില്‍ അവതരിപ്പിച്ചതിനെതിരെയാണ് സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനമുയര്‍ന്നത്.

സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം സംവിധാനം ചെയ്തത് സേവാഭാരതി പ്രവര്‍ത്തകനാണെന്ന തെളിവുകളും ഇതിനിടെ പുറത്തുവന്നിരുന്നു.

Content Highlight: Minister V. Sivankutty says perambra Matha group won’t get any opportunity in School Kalotsavam on the recent Welcome Song dance Controversy