മോദി സ്‌റ്റേഡിയത്തിലെത്തുന്ന ഐ.പി.എല്‍ ഫൈനലും സംഘപരിവാര്‍ വിഴുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റും
Opinion
മോദി സ്‌റ്റേഡിയത്തിലെത്തുന്ന ഐ.പി.എല്‍ ഫൈനലും സംഘപരിവാര്‍ വിഴുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റും
സംഗീത് ശേഖര്‍
Monday, 1st June 2026, 5:24 pm
നടക്കുന്നത് കുംഭമേളയാണോ ശിവരാത്രിയാണോ എന്ന സംശയമുണര്‍ത്തുന്ന രീതിയില്‍ മതം കുത്തിക്കയറ്റിക്കൊണ്ടുള്ളൊരു ക്‌ളോസിങ് സെറിമണി കൂടിയാവുമ്പോള്‍ എല്ലാം പൂര്‍ണമാണ്. സംഘപരിവാറിന്റെ ഐഡിയോളജി മൊത്തത്തില്‍ ക്രിക്കറ്റിനെ വിഴുങ്ങിക്കഴിഞ്ഞു. അവരത് കൃത്യമായി കാണികളിലേക്കും കുത്തിവക്കുകയാണ്. ക്രിക്കറ്റിനൊന്നും ഇവിടെ പ്രസക്തിയില്ല.

ബെംഗളൂരു ചിന്നസ്വാമിയില്‍ നടക്കാനിരുന്ന ഇത്തവണത്തെ ഐ.പി.എല്‍ ഫൈനല്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് മാറ്റപ്പെട്ടത് ആകസ്മികമായൊരു സംഭവമായി കാണുന്നതേയില്ല. നിലവിലുള്ള ചാമ്പ്യന്മാര്‍ക്കായിരിക്കും ഫൈനലിലെ ആതിഥേയത്വം എന്ന രീതി ലംഘിക്കപ്പെട്ടത് രണ്ടേ രണ്ടു അവസരങ്ങളില്‍ മാത്രമായിരുന്നു.

രണ്ടു തവണയും അതിന്റെ ആനുകൂല്യം അനുഭവിച്ചത് നരേന്ദ്രമോദി സ്റ്റേഡിയം തന്നെയായിരുന്നു. 2022ല്‍ കൊവിഡ് നിയന്ത്രണങ്ങളുടെ പേര് പറഞ്ഞായിരുന്നെങ്കില്‍ 2025ല്‍ കാലാവസ്ഥയാണ് കാരണമായി പറഞ്ഞത്. ഈ രണ്ടവസരങ്ങളിലും ബി.ജെ.പിയെ എതിര്‍ക്കുന്ന സര്‍ക്കാരുകളായിരുന്നു അതാത് സംസ്ഥാനങ്ങളില്‍ അധികാരത്തിലിരുന്നതെന്നതൊരു രഹസ്യമല്ല.

ഇപ്പോള്‍ കര്‍ണാടകയിലും ബി.ജെ.പി ഇതര സര്‍ക്കാര്‍ തന്നെയാണ് അധികാരത്തിലുള്ളത്. ഞങ്ങളോട് ചേര്‍ന്ന് നില്‍ക്കാത്തവര്‍ക്ക്, വിധേയപ്പെട്ട് നില്‍ക്കാത്തവര്‍ക്ക് നഷ്ടങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നതാണ് സന്ദേശം.

നരേന്ദ്രമോദി സ്‌റ്റേഡിയം

ഗുജറാത്ത് ടൈറ്റന്‍സ് ഉടമകളായ ടോറന്റ് ഗ്രൂപ്പ് ഇലക്ടറല്‍ ബോണ്ട് വഴി ബി.ജെ.പിക്ക് ഫണ്ടിങ് നടത്തുന്നവരില്‍ പ്രമുഖരാണ്, സംഘപരിവാറുമായി സാമ്പത്തികവും ആശയപരവുമായ അടുത്ത ബന്ധങ്ങളുള്ള ഗ്രൂപ്പ്. ചെയര്‍മാന്‍ സുധീര്‍ മേത്ത മോദിയുടെ ഏറ്റവും അടുത്തയാളും കൂടിയാണ്.

രാജ്യത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയ പാര്‍ട്ടിയും, ബിസിനസ്സ് ഗ്രൂപ്പുകളും പവര്‍ ബ്രോക്കര്‍മാരുമടങ്ങിയ അതിശക്തമായ ഒരു നെക്‌സസിന്റെ പിന്തുണയുള്ള ഗുജറാത്ത് ടൈറ്റന്‍സ് ഇന്ത്യയില്‍ പൊളിറ്റിക്‌സും ക്രിക്കറ്റും നിയന്ത്രിക്കുന്നവരുടെ ടീമാണ്.

കഴിഞ്ഞ 5 സീസണുകളില്‍ 4 തവണയും ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് ഐ.പി.എല്‍ ഫൈനലിന് വേദിയായത്. ബി.സി.സി.ഐ യും ഐ.സി.സി.യും സര്‍ക്കാരുകളും എല്ലാം ചേര്‍ന്നൊരു കണ്‍സോര്‍ഷ്യം ആയി മാറി ഇന്ത്യന്‍ ക്രിക്കറ്റിനെ തികഞ്ഞ ഏകാധിപത്യ പ്രവണതയോടെ നിയന്ത്രിക്കുന്ന കാഴ്ച.

മറ്റുള്ളവര്‍ക്കിവിടെ കാഴ്ചക്കാരുടെ റോളുകള്‍ മാത്രമേയുള്ളൂ. ഗുജറാത്തിനെയും അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിനെയും ഇന്ത്യന്‍ ക്രിക്കറ്റിലെ ശക്തികേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രക്രിയ പൂര്‍ണമായി കഴിഞ്ഞതാണ്. കൊല്‍ക്കത്തയും മുംബൈയും ചെന്നൈയുമെല്ലാം അപ്രസക്തരായി മാറുന്ന രീതിയില്‍ ജയ് ഷാ , അമിത് ഷാ, നരേന്ദ്ര മോദി എന്നിവരുടെ നേതൃത്വത്തില്‍ ഒരു പവര്‍ ഷിഫ്റ്റ് സംഭവിച്ചു കഴിഞ്ഞു.

ഇത്തവണ വേദി ഗുജറാത്തിലേക്ക് മാറ്റുന്നതിന് കര്‍ണാടകയില്‍ രാഷ്ട്രീയക്കാര്‍ കൂടുതല്‍ ടിക്കറ്റുകള്‍ ആവശ്യപ്പെട്ടു എന്നതാണ് ഒരു പ്രധാന കാരണമായി ഉന്നയിച്ചത്, പിന്നെ പതിവുപോലെ അഹമ്മദാബാദ് സ്റ്റേഡിയത്തിലെ സീറ്റിങ് കപ്പാസിറ്റിയും ഡ്രെയിനേജ് സൗകര്യങ്ങളും പോലുള്ള കാര്യങ്ങളും.

സിമ്പിളായി പറഞ്ഞാല്‍ ഗുജറാത്തിലെ നരേന്ദ്രമോദി സ്റ്റേഡിയത്തെക്കാള്‍ വലിയൊരു സ്റ്റേഡിയം ഇന്ത്യയില്‍ വരാത്ത പക്ഷം ഇവിടെ നടക്കുന്ന പ്രധാനപ്പെട്ട ഇവന്റുകളെല്ലാം തന്നെ ഗുജറാത്തിനായിരിക്കും ലഭിക്കുന്നത്. കൂടുതല്‍ മെച്ചപ്പെട്ടൊരു സ്റ്റേഡിയം ഇവിടെ വരാനുള്ള നേരിയ സാധ്യത പോലും ഇവര്‍ ഭരണത്തിലുള്ളപ്പോള്‍ അനുവദിക്കുകയുമില്ല.

ബി.ജെ.പിക്ക് കരുത്തുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ സ്റ്റേഡിയങ്ങള്‍ വരുമെന്നത് ഉറപ്പാണ്. ഉത്തര്‍പ്രദേശിലെ വാരാണസിയിലൊക്കെ പ്രോജക്ട് ഓണ്‍ ആയിക്കഴിഞ്ഞു.

നരേന്ദ്രമോദി സ്‌റ്റേഡിയം

ഐ.പി.എല്‍ എന്ന എല്ലാ പരിധികളും ലംഘിച്ചു പണമൊഴുകിക്കൊണ്ടേയിരിക്കുന്ന ലോകത്തിലെ ഏറ്റവും സമ്പന്നമായ ഫ്രാഞ്ചൈസി ലീഗ് ഉള്‍പ്പെടുന്ന ഇന്ത്യന്‍ ജനതക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള ക്രിക്കറ്റ് എന്ന ഗെയിമിന്റെ പൂര്‍ണ നിയന്ത്രണം, അതുവഴി ജനറേറ്റ് ചെയ്യപ്പെടുന്ന കണക്കില്ലാത്ത വരുമാനം, കോര്‍പ്പറേറ്റുകളുമായുള്ള വഴിവിട്ട ബന്ധങ്ങള്‍, ഇതെല്ലാം കൃത്യമായി സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കപ്പെടുകയാണ്.

നടക്കുന്നത് കുംഭമേളയാണോ ശിവരാത്രിയാണോ എന്ന സംശയമുണര്‍ത്തുന്ന രീതിയില്‍ മതം കുത്തിക്കയറ്റിക്കൊണ്ടുള്ളൊരു ക്‌ളോസിങ് സെറിമണി കൂടിയാവുമ്പോള്‍ എല്ലാം പൂര്‍ണമാണ്. സംഘപരിവാറിന്റെ ഐഡിയോളജി മൊത്തത്തില്‍ ക്രിക്കറ്റിനെ വിഴുങ്ങിക്കഴിഞ്ഞു. അവരത് കൃത്യമായി കാണികളിലേക്കും കുത്തിവക്കുകയാണ്. ക്രിക്കറ്റിനൊന്നും ഇവിടെ പ്രസക്തിയില്ല.

വര്‍ഗീയത ആയുധമാക്കി, ജനങ്ങളെ വിഭജിപ്പിച്ചു നേടിയെടുത്ത അധികാരത്തിന്റെ ബലത്തില്‍ സകലതും വെട്ടിപ്പിടിച്ച, ഈ ഗെയിമിനെ തന്നെ മലീമസമാക്കിയവരുടെ സ്വന്തം ടീമുകള്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നേരിടുന്ന ഇത്തരം പരാജയങ്ങള്‍ ഈ ഉപജാപക സംഘത്തിന് കിട്ടുന്ന തിരിച്ചടിയായിട്ട് തന്നെ ആഘോഷിക്കപ്പെടേണ്ടതാണ്.

എല്ലാ ആനുകൂല്യങ്ങളും കയ്യടക്കി ജയമുറപ്പിച്ചു കളിക്കാനിറങ്ങുന്നവരുടെ, ക്രിക്കറ്റിനെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവരുടെ പ്രിവിലേജുകള്‍ക്കും അഹന്തക്കും മേലെ നേടിയ വിജയമായിട്ട് തന്നെയാണ് ബെംഗളൂരുവിന്റെ വിജയം അടയാളപ്പെടുത്തപ്പെടേണ്ടത്.

Content Highlight:  IPL Finals Heading to Modi Stadium and Indian Cricket Being Swallowed by the Sangh Parivar

 

സംഗീത് ശേഖര്‍
സ്‌പോര്‍ട്‌സ് അനലിസ്റ്റ്