400* രണ്ട് റണ്‍സിന് ഫിഫ്റ്റി നഷ്ടമായെങ്കിലും സഞ്ജു തൂക്കിയത് അതുക്കും മേലെ
Cricket
400* രണ്ട് റണ്‍സിന് ഫിഫ്റ്റി നഷ്ടമായെങ്കിലും സഞ്ജു തൂക്കിയത് അതുക്കും മേലെ
ഫസീഹ പി.സി.
Tuesday, 14th April 2026, 9:16 pm

ഐ.പി.എല്ലില്‍ ചരിത്രം കുറിച്ച് മലയാളി താരം സഞ്ജു സാംസണ്‍. ടൂര്‍ണമെന്റില്‍ 400 ഫോറുകള്‍ എന്ന നാഴികകല്ലാണ് താരം പിന്നിട്ടത്. കൊല്‍ക്കത്തക്കെതിരെയുള്ള മത്സരത്തിനിടെയാണ് വിക്കറ്റ് കീപ്പറുടെ ഈ നേട്ടം.

കൊല്‍ക്കത്തക്കെതിരെയുടെ മത്സരത്തില്‍ സഞ്ജു നാല് ഫോറടിച്ചതോടെയാണ് ഈ നേട്ടത്തിലെത്തിയത്. താരം ഈ നാഴികകല്ല് പിന്നിട്ടത് തന്റെ 182ാം മത്സരത്തിലാണ്. ടൂര്‍ണമെന്റില്‍ രാജസ്ഥാന്‍ റോയല്‍സിനും ദല്‍ഹി ഡെയര്‍ഡെവിള്‍സിനും ചെന്നൈ സൂപ്പര്‍ കിങ്സിനും വേണ്ടി കളിച്ചാണ് വിക്കറ്റ് കീപ്പര്‍ ഈ നേട്ടം കൈവരിച്ചത്.

സഞ്ജു സാംസൺ.

ടൂര്‍ണമെന്റില്‍ 400 ഫോര്‍ പൂര്‍ത്തിയാക്കുന്ന 16ാം താരമാണ് സഞ്ജു. വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍, രോഹിത് ശര്‍മ, അജിന്‍ക്യ രഹാനെ, സുരേഷ് റെയ്ന, ഗൗതം ഗംഭീര്‍, റോബിന്‍ ഉത്തപ്പ, ദിനേഷ് കാര്‍ത്തിക്, സൂര്യകുമാര്‍ യാദവ്, കെ.എല്‍. രാഹുല്‍, ഫാഫ് ഡു പ്ലെസി, എ.ബി. ഡി വില്ലിയേഴ്സ്, ജോസ് ബട്ലര്‍, ക്രിസ് ഗെയ്ല്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.

അതേസമയം, മത്സരത്തില്‍ സഞ്ജു 32 പന്തില്‍ 48 റണ്‍സെടുത്ത് മടങ്ങി. നാല് ഫോറിന് പുറമെ മൂന്ന് സിക്‌സുകളും അടിച്ചിട്ടുണ്ട്. 150.0 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.

നിലവില്‍ 17 ഓവറുകള്‍ പിന്നിടുമ്പോള്‍ സി.എസ്.കെ നാല് വിക്കറ്റിന് 169 റണ്‍സെടുത്തിട്ടുണ്ട്. 27 പന്തില്‍ 41 റണ്‍സ് നേടിയ ഡെവാള്‍ഡ് ബ്രെവിസും രണ്ട് പന്തില്‍ ഒരു റണ്‍സ് നേടിയ ശിവം ദുബെയുമാണ് ക്രീസിലുള്ളത്.

ആയുഷ് മാഹ്ത്രെ. Photo: Chennai Super Kings/x.com

സഞ്ജുവിന് പുറമെ ആയുഷ് മാഹ്‌ത്രെ (26 പന്തില്‍ 41), സര്‍ഫറാസ് ഖാന്‍ (18 പന്തില്‍ 23), ഋതുരാജ് ഗെയ്ക്വാദ് (ആറ് പന്തില്‍ ഏഴ്) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി.

സുനില്‍ നരെയ്ന്‍, അനുകുല്‍ റോയ്, കാര്‍ത്തിക് ത്യാഗി, വൈഭവ് അറോറ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

Content Highlight: IPL 2026: CSK vs KKR: Sanju Samson completed 400 fours in IPL

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി