കിങ്ങിനൊപ്പം ഇനി സഞ്ജുവും; ഇവര്‍ 'ഇരട്ട സെഞ്ച്വറി'യിലെ പുലികള്‍!
Cricket
കിങ്ങിനൊപ്പം ഇനി സഞ്ജുവും; ഇവര്‍ 'ഇരട്ട സെഞ്ച്വറി'യിലെ പുലികള്‍!
ഫസീഹ പി.സി.
Sunday, 12th April 2026, 7:16 am

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ 23 റണ്‍സിനാണ് ആതിഥേയരുടെ വിജയം.

ചെന്നൈ ഉയര്‍ത്തിയ 213 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദല്‍ഹിക്ക് 189 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. അതോടെ ഈ സീസണിലെ ആദ്യ പോയിന്റും യെല്ലോ ആര്‍മി സ്വന്തമാക്കി.

മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ സെഞ്ച്വറി നേടിയിരുന്നു. 56 പന്തില്‍ 115 റണ്‍സ് നേടി പുറത്താകാതെ നിന്നു. നാല് സിക്സും 15 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 205.36 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ചെപ്പോക്കില്‍ വിക്കറ്റ് കീപ്പര്‍ താണ്ഡവമാടിയത്. നേരിട്ട 52ാം പന്തിലാണ് മലയാളി ബാറ്റര്‍ തന്റെ നാലാം ഐ.പി.എല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

സഞ്ജു സാംസൺ. Photo: IndianPremierLeague/x.com

ഇതോടെ ഒരു സൂപ്പര്‍ നേട്ടത്തിലും സഞ്ജു തന്റെ പേര് എഴുതി ചേര്‍ത്തു. 200+ ടീം ടോട്ടലുകളില്‍ ഏറ്റവും കൂടുതല്‍ ഐ.പി.എല്‍ സെഞ്ച്വറികള്‍ നേടിയ താരങ്ങളില്‍ രണ്ടാമതെത്താനാണ് ബാറ്റര്‍ക്ക് സാധിച്ചത്.

സഞ്ജുവിന് ടീം സ്‌കോര്‍ 200ന് മുകളില്‍ കടന്ന മത്സരങ്ങളിലുള്ളത് മൂന്ന് സെഞ്ച്വറികളാണ്. മലയാളി ബാറ്റര്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയ്‌ക്കൊപ്പമാണ് രണ്ടാം സ്ഥാനം പങ്കിടുന്നത്.

200+ ടീം ടോട്ടലുകളില്‍ ഏറ്റവും കൂടുതല്‍ ഐ.പി.എല്‍ സെഞ്ച്വറികള്‍ നേടിയ താരങ്ങള്‍

(താരം – ഇന്നിങ്സ് – എണ്ണം എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – 15 – 4

ജോസ് ബട്‌ലര്‍ – 23 – 4

സഞ്ജു സാംസണ്‍ – 24 – 3

വിരാട് കോഹ്ലി – 37 – 3

സഞ്ജുവിന് പുറമെ, യുവ താരം ആയുഷ് മാഹ്ത്രെയും തിളങ്ങി. 36 പന്തില്‍ നാല് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 59 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ദല്‍ഹിക്കായി ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റ് വീഴ്ത്തി.

ആയുഷ് മാഹ്ത്രെ. Photo: Chennai Super Kings/x.com

മറുവശത്ത് ദല്‍ഹിക്കായി തിളങ്ങിയത് ട്രിസ്റ്റന്‍ സ്റ്റബ്ബ്സും പാത്തും നിസങ്കയും മാത്രമാണ്. സ്റ്റബ്ബ്സ് 38 പന്തില്‍ 60 റണ്‍സെടുത്തപ്പോള്‍ നിസങ്ക 24 പന്തില്‍ 41 റണ്‍സും നേടി.

ചെന്നൈക്കായി ജെയ്മി ഓവര്‍ട്ടണ്‍ നാല് വിക്കറ്റും അന്‍ഷുല്‍ കംബോജ് മൂന്ന് വിക്കറ്റും വീഴ്ത്തി. ഗുജപ്രീത് സിങ്, നൂര്‍ അഹ്‌മദ്, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

 

Content Highlight: IPL 2026: CSK vs DC: Sanju Samson equals Virat Kohli in most IPL centuries in 200+ Team Totals

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി