ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ ഋതുരാജ് ഗെയ്ക്വാദിനും ദല്‍ഹി ക്യാപിറ്റല്‍സ് താരം നിതീഷ് റാണയ്ക്കും പിഴ ചുമത്തി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. കഴിഞ്ഞ ദിവസം നടന്ന സി.എസ്.കെ – ഡി.സി മത്സരത്തില്‍ ഐ.പി.എല്‍ പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് ഇരുവര്‍ക്കും പിഴ ചുമത്തിയത്.
മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനാണ് ഗെയ്ക്വാദിന് പിഴ ലഭിച്ചത്. താരം പിഴയായി ഒടുക്കേണ്ടത് 12 ലക്ഷം രൂപയാണ്. ഐ.പി.എല്ലിന്റെ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.22 പ്രകാരമാണ് താരത്തിനെതിരെയുള്ള നടപടി.
ഋതുരാജ് ഗെയ്ക്വാദ്. Photo: Chennai Super Kings/ x.com
ഈ സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷ ലഭിക്കുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ് ഗെയ്ക്വാദ്. നേരത്തെ, പഞ്ചാബ് കിങ്സ് നായകന്‍ ശ്രേയസ് അയ്യരിനും ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും പിഴ ലഭിച്ചിരുന്നു.
അതേസമയം, മത്സരത്തിനിടെ അമ്പറുമായി കയര്‍ത്തതിനാണ് റാണയ്ക്ക് പിഴ ലഭിച്ചത്. മാച്ച് ഫീയുടെ 25 ശതമാനമാണ് താരത്തിന് പിഴ. താരത്തിന് ഒരു ഡിമെറിറ്റ് പോയിന്റും ചുമത്തിയിട്ടുണ്ട്. ഐ.പി.എല്‍ പെരുമാറ്റ ചട്ടത്തിലെ ലെവല്‍ വണ്‍ ലംഘിച്ചതിനാണ് താരത്തിനെതിരെ നടപടി എടുത്തത്.
നിതീഷ് റാണ. Photo: Sportsstar
‘ഐ.പി.എല്ലിന്റെ പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ വണ്‍ ലംഘിച്ചതിന് ദല്‍ഹി ക്യാപിറ്റല്‍സ് ബാറ്റര്‍ നിതീഷ് റാണയ്ക്ക് മാച്ച് ഫീയുടെ 25% പിഴ ചുമത്തിയിട്ടുണ്ട്. താരത്തിന് ഒരു ഡിമെറിറ്റ് പോയിന്റും ലഭിച്ചു.
ഐ. പി. എല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.3 റാണ ലംഘിച്ചതായി കണ്ടെത്തി. മത്സരത്തിനിടെ എല്ലാവരും കേള്‍ക്കാവുന്ന തരത്തില്‍ അശ്ലീല പദങ്ങള്‍ ഉപയോഗിച്ചതിനാണ് താരത്തിനെതിരെ ഈ നടപടി യെടുത്തിരിക്കുന്നത്,’ ഐ.പി.എല്‍ പ്രസ്താവനയില്‍ പറഞ്ഞു.