സാള്‍ട്ടോ പടിദാറോ അല്ല, ആര്‍.സി.ബിയുടെ യഥാര്‍ത്ഥ മാച്ച് വിന്നര്‍ ഈ താരം: ആകാശ് ചോപ്ര
Cricket
സാള്‍ട്ടോ പടിദാറോ അല്ല, ആര്‍.സി.ബിയുടെ യഥാര്‍ത്ഥ മാച്ച് വിന്നര്‍ ഈ താരം: ആകാശ് ചോപ്ര
ഫസീഹ പി.സി.
Monday, 13th April 2026, 2:22 pm

മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരത്തിലെ ക്രുണാല്‍ പാണ്ഡ്യയുടെ പ്രകടനത്തെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. റണ്ണൊഴുകിയ ഈ മത്സരത്തില്‍ ഏറ്റവും വലിയ വ്യത്യാസം ക്രുണാല്‍ പാണ്ഡ്യയായിരുന്നുവെന്നും താരത്തിന്റെ പ്രകടനം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

462 റണ്‍സ് പിറന്ന മത്സരത്തില്‍ നാല് ഓവറില്‍ വെറും 26 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തുന്നത് അമൂല്യമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.

ആകാശ് ചോപ്ര. Photo: Mahi Patel/x.com

‘ഈ മത്സരത്തില്‍ ഏറ്റവും വലിയ വ്യത്യാസം ക്രുണാല്‍ പാണ്ഡ്യയാണ്. 462 റണ്‍സ് പിറന്ന മത്സരത്തില്‍ നാല് ഓവറില്‍ വെറും 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റും അവന്‍ വീഴ്ത്തി. ഇത് അമൂല്യമാണ്. ഒരാളും അവന്‍ പ്ലെയര്‍ ഓഫ് ദി മാച്ച് നല്‍കില്ല. പക്ഷേ, ഇരു ടീമുകളും ബാറ്റിങ് കാഴ്ച്ചവെച്ച മത്സരത്തില്‍ വേറിട്ട് നിന്നത് അവന്‍ മാത്രമാണ്.

ഇരു ടീമുകളും ബാറ്റിങ്ങില്‍ തുല്യ പ്രകടനം കാഴ്ചവെച്ചതിനാല്‍ ആര്‍.സി.ബി 18 റണ്‍സിന് മാത്രമാണ് ജയിച്ചത്. ഇതിനിടയില്‍ ക്രുണാല്‍ വെറും 26 റണ്‍സാണ് വിട്ടുനല്‍കിയത് എന്നത് അതിശയകരമാണ് ബാറ്റിങ്ങിലെ വിടവ് നികത്താന്‍ ആര്‍ക്കും സാധിക്കും. അതിനാല്‍ തന്നെ അവന്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു,’ ചോപ്ര പറഞ്ഞു.

ക്രുണാൽ പാണ്ഡ്യ. Photo: Royal Challengers Bengaluru/x.com

മുംബൈക്കെതിരെ ആര്‍.സി.ബിയുടെ വിജയത്തില്‍ നിര്‍ണായക പ്രകടനമാണ് ക്രുണാല്‍ കാഴ്ച്ച വെച്ചത്. നാല് ഓവറില്‍ വെറും 26 റണ്‍സ് വിട്ടുനല്‍കിയ താരം സൂര്യകുമാര്‍ യാദവിനെ പുറത്താക്കിയിരുന്നു. ഈ സ്‌പെല്‍ മുന്‍ ചാമ്പ്യന്മാര്‍ക്ക് വലിയ സമ്മര്‍ദമാണ് നല്‍കിയത്.

ഈ മത്സരത്തില്‍ ക്രുണാലിന്റെ എക്കണോമി 6.50 ആയിരുന്നു. ഇരു ടീമുകളിലുമായി മറ്റൊരു താരത്തിനും ഏഴ് താഴെ എക്കോണമിയില്ല.

Content Highlight: IPL 2026: Akash Chopra lauds RCB’s Krunal Pandya’s spell against Mumbai Indians

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി