മലയാള സിനിമയിലെ അതുല്യ കലാകാരന്മാരിൽ ഒരാളാണ് ഇന്ദ്രൻസ്. ഒരു കോസ്റ്റ്യൂം ഡിസൈനറായി സിനിമാജീവിതം ആരംഭിച്ച അദ്ദേഹം, ഇന്ന് ഇന്ത്യൻ സിനിമയിൽത്തന്നെ ശ്രദ്ധേയനായ നടനായി മാറിക്കഴിഞ്ഞു. ‘ആട്’ എന്ന ചിത്രത്തിലെ പി.പി. ശശി എന്ന ഹാസ്യകഥാപാത്രം മുതൽ ‘അഞ്ചാം പാതിര’യിലെ റിപ്പർ രവി , ‘കറുപ്പ്’ എന്ന ചിത്രത്തിലെ മട്ടാഞ്ചേരി സുകുമാരൻ എന്നിങ്ങനെ വൈവിധ്യമാർന്ന വേഷങ്ങളിലൂടെയുള്ള ഇന്ദ്രൻസിന്റെ ഭാവമാറ്റം പ്രേക്ഷകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
2014ൽ മാധവ് രാംദാസ് സംവിധാനം ചെയ്ത ‘അപ്പോത്തിക്കിരി’ എന്ന സിനിമയിലെ ഇന്ദ്രൻസിന്റെ അച്ഛൻ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ആ കഥാപാത്രത്തെ അവതരിപ്പിച്ചതിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം. ‘കൗമുദി മൂവീസിന്’ നൽകിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രൻസിന്റെ ഈ പ്രതികരണം.
‘അപ്പോത്തിക്കിരി’ എന്ന സിനിമയിലെ ‘ജോസ്’ എന്ന അച്ഛൻ കഥാപാത്രം ഞാൻ എന്റെ അച്ഛനെത്തന്നെ മനസിൽ കണ്ട് ചെയ്തതാണ്. അച്ഛൻ വളരെ മിതമായിട്ടേ സംസാരിക്കൂ, അച്ഛന്റെ മുഖഭാവവും ഒക്കെ അങ്ങനെതന്നെയാണ്. അതുകൊണ്ടുതന്നെ ആ കഥാപാത്രം ഏറെക്കുറെ എന്റെ അച്ഛനെപ്പോലെ എനിക്ക് തോന്നി. ആ അച്ഛന്റെ നിസ്സഹായതയും മറ്റു കാര്യങ്ങളുമൊക്കെ ഞാൻ അച്ഛനിൽ കണ്ടിട്ടുള്ളതാണ്.
സ്ക്രിപ്റ്റിൽ അത് വായിക്കുമ്പോഴും അവർ അഭിനയിക്കാൻ പറഞ്ഞുതരുമ്പോഴും ആരായാലും അത് ഭംഗിയായി ചെയ്തുപോകും. അങ്ങനെ ചില സംവിധായകരുടെ കൈകളിൽ നമ്മൾ ചെന്നുപെടും. ‘അപ്പോത്തിക്കിരി’യുടെ സംവിധായകൻ മാധവ് രാംദാസിനെപ്പോലെയുള്ളവരുടെ അടുത്ത് ചെല്ലുമ്പോൾ, അവർ നമ്മളെ വേറെയൊരു തലത്തിലേക്ക് കൊണ്ടുപോകും. നമ്മൾ ആ കഥാപാത്രമായി മാറുന്നത് നമ്മൾപോലും അറിയാറില്ല.
‘അഞ്ചാം പാതിര’യിലെ ‘റിപ്പർ രവി’ എന്ന കഥാപാത്രം തികച്ചും വ്യത്യസ്തമായൊരു അനുഭവമായിരുന്നു. അത്രയും പേരെ കൊന്നൊടുക്കുമ്പോൾ കിട്ടുന്ന സന്തോഷം ഒരു പ്രഥമൻ കുടിക്കുന്ന സുഖമാണ് അയാൾക്ക് അതിലൂടെ ലഭിക്കുന്നത്. അത് അങ്ങനെ മനസിൽ കണ്ടുകൊണ്ടാണ് ആ വേഷം ചെയ്തത്. ശരിക്കും നിരീക്ഷണങ്ങളാണ് ഓരോ കഥാപാത്രത്തെയും മികച്ചതാക്കാൻ നമ്മളെ സഹായിക്കുന്നത്.
ജീവിതത്തെ നിരീക്ഷിക്കുമ്പോൾത്തന്നെ നമുക്ക് ചുറ്റുമുള്ള അയൽവക്കത്തെയും നാട്ടുകാരെയും കൂട്ടുകാരെയും മനസ്സിലാക്കാൻ സാധിക്കും. നമ്മൾ കുറച്ചു യാത്ര ചെയ്യുകയും ആളുകളെ ശ്രദ്ധിക്കുകയും ചെയ്താൽ, എഴുത്തുകാരൻ സൃഷ്ടിച്ച ഒരു കഥാപാത്രത്തെ മറ്റൊരു തലത്തിലേക്ക് മാറ്റിയെടുക്കാൻ നമുക്ക് സാധിക്കും’, ഇന്ദ്രൻസ് പറഞ്ഞു.
Content Highlight:Indrans talks about his character in Appothikkiri movie