വെസ്റ്റ് ഇൻഡീസിനെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യ 24 റൺസിന് പരാജയപ്പെട്ടിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 247 റൺസിന്റെ കൂറ്റൻ ടോട്ടലാണ് ഇന്ത്യക്കെതിരെ ഉയർത്തിയത്. വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടെ ഇന്നിങ്സ് 19.3 ഓവറിൽ 223 റൺസിൽ അവസാനിക്കുകയായിരുന്നു.
മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ഒരു ചരിത്ര നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യയുടെ സിക്സർ മഴയിൽ ചരിത്ര നേട്ടമാണ് പിറന്നത്. ഇന്റർനാഷണൽ ടി-20യിൽ 2000 നേടുന്ന രണ്ടാമത്തെ ടീമായാണ് ഇന്ത്യ ചരിത്രം കുറിച്ചത്. ആദ്യമായി ഈ നേട്ടത്തിലെത്തിയത് വെസ്റ്റ് ഇൻഡീസാണ്.

മലയാളി സൂപ്പർ താരം സഞ്ജു സാംസൺ സിക്സിലൂടെയാണ് ഇന്ത്യ 2000 സിക്സ് ക്ലബ്ബിൽ ഇടം നേടിയത്. ഇന്ത്യക്ക് വേണ്ടി ടി-20യിൽ ആദ്യ സിക്സർ നേടിയത് മുൻ ഓപ്പണർ വീരേന്ദർ സേവാഗ് ആയിരുന്നു. 2006ൽ സൗത്ത് ആഫ്രിക്കെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ സിക്സർ പിറന്നത്.
ടി-20യിലെ ഇന്ത്യയുടെ ആയിരാമത്തെ സിക്സ് പിറന്നത് മുൻ നായകൻ സൂര്യകുമാർ യാദവിന്റെ ബാറ്റിൽ നിന്നുമാണ്. 2023ൽ കരീബിയൻ പടയ്ക്കെതിരെയായിരുന്നു സ്കൈയുടെ സിക്സർ പിറന്നത്. ഇപ്പോൾ മൂന്ന് വർഷങ്ങൾക്ക് ശേഷം ഇതേ വിൻഡീസിനെതിരെ തന്നെ സഞ്ജുവും ചരിത്രം കുറിച്ചിരിക്കുകയാണ്.
മത്സരത്തിൽ 23 പന്തിൽ നിന്ന് നാല് സിക്സും ആറ് ഫോറും ഉൾപ്പെടെ 56 റൺസ് നേടിയാണ് സഞ്ജു തിളങ്ങിയത്. 243.48 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ ആക്രമണ ബാറ്റിങ്.
സഞ്ജുവിന് പുറമേ ഇന്ത്യക്ക് വേണ്ടി തിലക് വർമ 43 റൺസും നിതീഷ് കുമാർ റെഡ്ഢി 41 റൺസും അഭിഷേക് ശർമ 29 സ്വന്തമാക്കി മികച്ച പ്രകടനം നടത്തിയെങ്കിലും 24 റൺസകലെ ടീമിന് വിജയം നഷ്ടമാവുകയായിരുന്നു.
വിൻഡീസ് ബൗളിങ് നിരയിൽ കീമോ പോൾ അഞ്ച് വിക്കറ്റുകൾ നേടി തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഗുഡാഗേഷ് മോട്ടി രണ്ട് വിക്കറ്റും ഷാമർ സ്പ്രിങർ, റൊമാരിയോ ഷെപ്പേർഡ് എന്നിവർ ഓരോ വീതം വിക്കറ്റും സ്വന്തമാക്കി ടീമിന്റെ വിജയത്തിൽ നിർണായകമായി.
അതേസമയം ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ സെഞ്ച്വറി കരുത്തിലാണ് വിൻഡീസ് വമ്പൻ സ്കോറിലെത്തിയത്. ബാക് ടു ബാക് സിക്സർ പറത്തി നേരിട്ട 50ാം പന്തിൽ പുറത്താകാതെ 102* റൺസാണ് ഹോപ്പ് അടിച്ചെടുത്തത്. 204.00 എന്ന പ്രഹര ശേഷിയിൽ ഒമ്പത് സിക്സും നാല് ഫോറും ഉൾപ്പെടെയാണ് ഹോപ്പ് സെഞ്ച്വറി പൂർത്തിയാക്കിയത്.

ഹോപ്പിന് പുറമെ 26 പന്തിൽ 49* റൺസ് നേടി ഷെർഫേൻ റൂഥർഫോർഡ് മികവ് പുലർത്തി. മത്സരത്തിൽ വിൻഡീസിന് വേണ്ടി 21 റൺസാണ് യുവ ഓപ്പണർ ജുവൽ ആൻഡ്രൂ നേടിയത്. ഷിംറോൺ ഹെറ്റ്മെയർ 12 പന്തിൽ 32 റൺസിന്റെ വെടിക്കെട്ട് പ്രകടനവും നടത്തി മടങ്ങി. പിന്നീട് ഇറങ്ങിയ റോവ്മാൻ പവൽ 17 പന്തിൽ 24 റൺസും നേടി.
ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്, അക്സർ പട്ടേൽ എന്നിവർ ഓരോ വീതം വിക്കറ്റ് വീഴ്ത്തി.
Content Highlight: Indian cricket team completed 2000 sixes in T20 format
