വെസ്റ്റ് ഇന്‍ഡീസും ഇന്ത്യന്‍ തമ്മിലുള്ള അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയിലെ അവസാന മത്സരം ബെംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മഴമൂലം ചുരുക്കിയ മത്സരത്തില്‍ ഇരു ടീമുകളും ഒമ്പത് ഓവറുകളാണ് നേരിടുക. രണ്ട് ഓവറും നാല് പന്തുമാണ് പവര്‍ പ്ലേ. മാത്രമല്ല ഓരോ ടീമിലെയും ഒരു ബൗളര്‍ക്ക് രണ്ട് ഓവറുകള്‍ മാത്രമായിരിക്കും ഉണ്ടാവുക. സീരീസ് ഡിസൈഡറില്‍ ഇരു ടീമുകളും വിജയം മാത്രമാണ് ലക്ഷ്യം വെക്കുന്നത്.

നിലവില്‍ 7.4 ഓവര്‍ പിന്നിടുമ്പോള്‍ ചിന്നസ്വാമിയില്‍ മഴ വീണ്ടും വില്ലനായി അവതരിച്ചിരിക്കുകയാണ്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സാണ് ഇന്ത്യന്‍ നേടിയത്.

എട്ടാമത്തെ ഓവറിലെ നാലാം പന്തില്‍ വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ പുറത്തായതോടെ നിലവില്‍ ക്രീസില്‍ ഉള്ളത് നമന്‍ ധിര്‍ ആണ്. ആറ് പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറും ഉള്‍പ്പെടെ 24 റണ്‍സാണ് താരം നേടിയത്. 400.00 സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്. തിലക് ഏഴ് റണ്‍സിനാണ് മടങ്ങിയത്.

വെടിക്കെട്ട് വീരന്‍ അഭിഷേക് ശര്‍മയെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ആദ്യ ഓവറിനെത്തിയ കീമോ പോളിന്റെ അഞ്ചാം പന്തില്‍ ബിഗ് ഹിറ്റിന് ശ്രമിച്ച താരം ഷമര്‍ ജോസഫിന്റെ കയ്യില്‍ കുരുങ്ങുകയായിരുന്നു. നാല് പന്തില്‍ ആറ് റണ്‍സ് ആണ് താരം നേടിയത്. ഒരു വമ്പന്‍ സിക്‌സര്‍ മാത്രം നേടിയിരുന്നു അഭിഷേകിന്റെ മടക്കം.

പിന്നീട് ഇന്ത്യക്ക് നഷ്ടമായത് മികച്ച പ്രകടനം നടത്തിയ ഇഷാനെയാണ്. 10 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 30 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്. 300 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ് പ്രകടനം. ഏഴ് പന്തില്‍ 16 റണ്‍സ് നേടിയ സഞ്ജു സാംസണിനെ ഷമര്‍ സ്പ്രിങ്ങര്‍ ബൗള്‍ഡാക്കി.

അതേസമയം വിന്‍ഡീസിന് വേണ്ടി നിലവില്‍ കീമോ പോളും ഷമര്‍ സ്പ്രിങ്ങറും രണ്ട് വിക്കറ്റുകള്‍ വീതം നേടി. ഷമര്‍ ജോസഫ് ഒരു വിക്കറ്റും കൈക്കലാക്കി.

ഇന്ത്യന്‍ ടീമില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം ശിവം ദുബെയും മായങ്ക് യാദവിന് പകരം ഭുവനേശ്വര്‍ കുമാറും ഇടംപിടിച്ചു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭുവനേശ്വര്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നത്. വെസ്റ്റ് ഇന്‍ഡീസ് കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തി.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, നമന്‍ ധിര്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിങ്.

വെസ്റ്റ് ഇന്‍ഡീസ് പ്ലെയിങ് ഇലവന്‍

ഷായ് ഹോപ്പ് (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ജൂവല്‍ ആന്‍ഡ്രൂ, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, റോവ്മാന്‍ പവല്‍, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, കിമോ പോള്‍, റോസ്റ്റണ്‍ ചേസ്, ഷമര്‍ സ്പ്രിംഗര്‍, ഷമര്‍ ജോസഫ്, ഗുഡകേഷ് മോട്ടി.

Content Highlight: India VS West Indies: Nman Dhir And Ishan Kishan Great Performance Against Windies