ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 587 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 387 പന്തുകള്‍ നേരിട്ട് 269 റണ്‍സാണ് അടിച്ചെടുത്തത്. മൂന്ന് സിക്സറും 30 ഫോറും അടങ്ങുന്നതായിരുന്നു നായകന്റെ ഇന്നിങ്സ്.

നിലവില്‍ മൂന്നാം ദിനം മത്സരം നടക്കുമ്പോള്‍ 31 ഓവറില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് നേടിയത്. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ബെന്‍ ഡക്കറ്റ് (0), ഒല്ലി പോപ്പ് (0), സാക്ക് ക്രോളി (19) എന്നിവരെ ഇന്ത്യ പുറത്താക്കിയിരുന്നു. ഡക്കറ്റിന്റേയും പോപ്പിന്റെയും വിക്കറ്റ് നേടിയത് ആകാശ് ദീപാണ്. ക്രോളിയുടെ വിക്കറ്റ് സിറാജും നേടി.

ശേഷം മൂന്നാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ ജോ റൂട്ടിനെ (46 പന്തില്‍ 26 റണ്‍സ്) സിറാജ് റിഷബ് പന്തിന്റെ കയ്യിലെത്തിച്ച് മികച്ച തുടക്കമാണ് നല്‍കിയത്. മാത്രമല്ല ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ പൂജ്യം റണ്‍സിന് വിക്കറ്റ് കീപ്പറുടെ കയ്യിലെത്തിച്ച് വീണ്ടും സിറാജ് തിളങ്ങി.

മികച്ച കീപ്പര്‍ ക്യാച്ചിലൂടെയാണ് രണ്ട് താരങ്ങളേയും പന്ത് പുറത്താക്കിയത്. മാത്രമല്ല ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഇംഗ്ലണ്ട് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ കീപ്പര്‍ ക്യാച്ച് നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറാകാനാണ് പന്തിന് സാധിച്ചത്.

ഇംഗ്ലണ്ട് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ കീപ്പര്‍ ക്യാച്ച് നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍

റിഷബ് പന്ത് – 38

എം.എസ്. ധോണി – 36

കിരണ്‍ മോര്‍ – 24

ഇന്ത്യയ്ക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും നേടി മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. നിലവില്‍ ഇംഗ്ലണ്ടിന് വേണ്ടി ക്രീസിലുള്ളത് 56 റണ്‍സ് നേടിയ ഹാരി ബ്രൂക്കും 27 റണ്‍സ് നേടിയ ജെയ്മി സ്മിത്തുമാണ്.

അതേസമയം ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സില്‍ ജഡേജയും നിര്‍ണായക പങ്ക് വഹിച്ചിരുന്നു. താരം ഏഴാമനായി ഇറങ്ങി ഒരു സിക്സറും പത്ത് ഫോറും ഉള്‍പ്പെടെ 89 റണ്‍സെടുത്തിരുന്നു. അതിന് പുറമെ ഗില്ലിനൊപ്പം 203 റണ്‍സിന്റെ കൂട്ടുകെട്ടും സ്പിന്‍ ഓള്‍ റൗണ്ടര്‍ പടുത്തുയര്‍ത്തിയിരുന്നു.

Content Highlight: India VS England: Rishabh Pant Surpass M.S Dhoni In Great Record Achievement In England Test