വീറും വാശിയും മത്സരത്തില്‍ മാത്രം; ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച സൗഹൃദം കാത്തുസൂക്ഷിച്ച് ഇന്ത്യ- പാക് താരങ്ങള്‍
Cricket
വീറും വാശിയും മത്സരത്തില്‍ മാത്രം; ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച സൗഹൃദം കാത്തുസൂക്ഷിച്ച് ഇന്ത്യ- പാക് താരങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th August 2022, 10:02 am

ക്രിക്കറ്റില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തോളം വീറും വാശിയും നിറഞ്ഞ മറ്റൊരു മത്സരം കാണാന്‍ കഴിയില്ല. ഈ വീറും വാശിയും മത്സരത്തിനിടയില്‍ താരങ്ങള്‍ തമ്മിലുള്ള പരസ്പര ഏറ്റുമുട്ടലുകള്‍ക്കും ഇടയാക്കാറുണ്ട്. വിന്റേജ് ക്രിക്കറ്റില്‍ ഇന്ത്യ- പാകിസ്ഥാന്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ കൊമ്പുകോര്‍ക്കുന്ന കാഴ്ചയും ധാരാളമുണ്ടായിട്ടുണ്ട്.

ജാവേദ് മിയാന്‍ ദാദും ആമീര്‍ സുഹൈലും ഷാഹിദ് അഫ്രീദിയും വെങ്കിടേഷ് പ്രസാദും ഗൗതം ഗംഭീറുമൊക്കെ ഇത്തരം വാക് പോരുകളുടെ ഭാഗമായ ഇന്ത്യ- പാക് താരങ്ങളാണ്.

എന്നാല്‍ നിലവില്‍ ഇന്ത്യ- പാക് മത്സരങ്ങള്‍ നന്നേ കുറവാണെങ്കിലും ഇരു രാജ്യങ്ങളിലേയും താരങ്ങളുടെ സൗഹൃദമാണ് ചര്‍ച്ചയാകുന്നത്. മത്സരത്തിനിടയിലെയും പരിശീലനത്തിനിടയിലെയും ഇത്തരം നിമിഷങ്ങളുടെ വീഡിയോകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഫോം വീണ്ടെടുക്കാനായി വിരാട് കോഹ്‌ലിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് ഷഹീന്‍ ഷാ അഫ്രീദി പറയുന്ന വീഡിയോ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ഏറ്റെടുത്തിട്ടുണ്ട്.

സ്‌നേഹത്തോടെ ഫോം വീണ്ടെടുക്കാനായി പ്രാര്‍ത്ഥിക്കുന്നുവെന്ന് ഷഹീന്‍ ഷാ അഫ്രീദി പറയുമ്പോള്‍, താരത്തിന് ഷെയ്ക്ക് ഹാന്‍ഡ് നല്‍കി വിരാട് നന്ദി പറയുന്നതും വീഡിയോയിലുണ്ട്. ഇന്ത്യന്‍ ക്യാമ്പിലെ മറ്റ് താരങ്ങളും പാക് താരങ്ങളുമായി സൗഹൃദ നിമഷം പങ്കിടുന്ന വീഡിയോകളും ഇതിനോടൊപ്പം തന്നെ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

പരീശീലന സെഷനില്‍ പാക് നായകന്‍ ബാബര്‍ അസമിന് കൈകൊടുക്കുന്ന വിരാട് കോഹ്‌ലിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിന്നു. ഇരുവരും പരസ്പരം ചിരിച്ചുകൊണ്ടാണ് ഹസ്തദാനം നടത്തുന്നത്. കൂടാതെ, അഫ്ഗാനിസ്ഥാന്‍ താരങ്ങളുമായും ഇന്ത്യന്‍ താരങ്ങള്‍ സംസാരിക്കുന്നുണ്ട്.

കരിയറിലെ മോശം ഫോം തുടരുന്ന കോഹ്‌ലിക്ക് പിന്തുണയുമായി പാക് ക്യാപ്റ്റന്‍ ബാബര്‍ അസം രംഗത്തുവന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഈ സമയവും കടന്നുപോകും, ശക്തമായി ഇരിക്കൂ’ എന്നായിരുന്നു ബാബറിന്റെ ട്വീറ്റ്.’ നന്ദി, തിളങ്ങുകയും ഉയരുകയും ചെയ്യുക. എല്ലാവിധ ആശംസകളും നേരുന്നു,’ എന്ന് കോഹ്‌ലി ഈ ട്വീറ്റിനു താഴെ മറുപടിയും നല്‍കിയിരുന്നു.

2021ല്‍ ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനോട് തോറ്റ് ഇന്ത്യ പുറത്തായപ്പോള്‍ മത്സരശേഷം വിരാട് കോഹ്‌ലി പാക് താരങ്ങളായ ബാബര്‍ അസമിനെ അഭിനന്ദിക്കുന്നതും മുഹമ്മദ് റിസ്വാനെ ആലിംഗനം ചെയ്യുന്നതും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

അതേസമയം, ആവേശകരമായ മത്സരമായിരുന്നു ഏഷ്യാ കപ്പില്‍ ഇന്ത്യ പകിസ്ഥാനെതിരെ കഴിഞ്ഞ ദിവസം നടത്തിയത്. ക്രിക്കറ്റ് ആരാധകര്‍ ഒരുപാട് കാത്തിരുന്ന പോരാട്ടത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ മികച്ച വിജയം സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അവസാന ഓവറില്‍ മറി കടക്കുകയായിരുന്നു. ഓഗസ്റ്റ് 31നെതിരെ ഹോങ് കോങ്ങിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.