ലൈം ലൈറ്റില്‍ നില്‍ക്കുന്ന പല നടന്‍മാരോടും കഥ പറഞ്ഞിട്ടുണ്ട്, പലരും ഒഴിഞ്ഞു, സിജു വില്‍സണ്‍ വരുന്നത് ആകസ്മികമായി: വിനയന്‍
Film News
ലൈം ലൈറ്റില്‍ നില്‍ക്കുന്ന പല നടന്‍മാരോടും കഥ പറഞ്ഞിട്ടുണ്ട്, പലരും ഒഴിഞ്ഞു, സിജു വില്‍സണ്‍ വരുന്നത് ആകസ്മികമായി: വിനയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 30th August 2022, 9:01 am

വിനയന്റെ സംവിധാനത്തില്‍ സിജു വില്‍സണ്‍ നായകനായ പത്തൊന്‍പതാം നൂറ്റാണ്ട് ഓണത്തിന് റിലീസ് ചെയ്യുകയാണ്. സിജു വില്‍സണ്‍ നായകനാവുന്ന രണ്ടാമത്തെ ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. ചിത്രത്തില്‍ അഭിനയിക്കാന്‍ ലൈം ലൈറ്റില്‍ നില്‍ക്കുന്ന പല നടന്മാരേയും സമീപിച്ചെങ്കിലും പല കാരണങ്ങളും പറഞ്ഞ് എല്ലാവരും ഒഴിഞ്ഞെന്ന് വിനയന്‍ പറഞ്ഞു.

അഭിനയിക്കാന്‍ അറിയുന്നവരെ കിട്ടിയാല്‍ മോള്‍ഡ് ചെയ്തെടുക്കാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും താന്‍ കൊണ്ടുവന്ന പല പുതുമുഖങ്ങളും സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നും മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ വിനയന്‍ പറഞ്ഞു.

‘സിജു വില്‍സണ്‍ ഈ സിനിമയിലേക്ക് ആകസ്മികമായി കടന്നുവന്നതാണ്. മലയാള സിനിമയില്‍ ഇപ്പോള്‍ ലൈം ലൈറ്റില്‍ നില്‍ക്കുന്ന പല നടന്‍മാരോടും ഞാന്‍ കഥ പറഞ്ഞിട്ടുണ്ട്. ഡേറ്റില്ല, ഒരു വര്‍ഷം കഴിഞ്ഞു ചെയ്യാം എന്നൊക്കെ പറഞ്ഞ് പലരും ഒഴിഞ്ഞു. താരങ്ങള്‍ക്ക് പിറകേ നടക്കുന്ന സ്വഭാവം എനിക്ക് പണ്ടേ ഇല്ല.

എന്റെ മനസ്സില്‍ ഒരു സബ്ജക്ട് ഉണ്ടെങ്കില്‍ അതിനൊരു നിര്‍മാതാവിനെ ലഭിച്ചാല്‍ പിന്നെ അഭിനേതാക്കള്‍ക്ക് വേണ്ടി കാത്തിരിക്കാനാകില്ല. അഭിനയിക്കാന്‍ അറിയുന്നവരെ കിട്ടിയാല്‍ മോള്‍ഡ് ചെയ്തെടുക്കാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. ഞാന്‍ കൊണ്ടുവന്ന പല പുതുമുഖങ്ങളും സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്,’ വിനയന്‍ പറഞ്ഞു.

‘എന്റെ സുഹൃത്തും തിരക്കഥാകൃത്തുമായ എ.കെ. സാജനാണ് സിജു വില്‍സന്റെ പേര് പറയുന്നത്. സുരേഷ് ഗോപിയുടെ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തില്‍ അദ്ദേഹം ഒരു പൊലീസുകാരനായി അഭിനയിച്ചിട്ടുണ്ട്. അത് കണ്ടപ്പോഴാണ് എനിക്ക് കൊള്ളാമെന്ന് തോന്നിയത്. അങ്ങനെയാണ് അദ്ദേഹത്തെ ഞാന്‍ വിളിക്കുന്നതും കഥ പറയുന്നതും.

സിജു വില്‍സണ്‍ കാണിച്ച അര്‍പ്പണബോധം എടുത്തു പറയേണ്ടതാണ്. സിനിമ ചെയ്യാമെന്ന് ഉറപ്പിച്ച സമയത്ത് തന്നെ അദ്ദേഹം ജിമ്മില്‍ പോകാനും കളരി പഠിക്കാനും തുടങ്ങി. ആറ് മാസത്തിന് ശേഷം ഞാന്‍ ആഗ്രഹിച്ചതുപോലെ അദ്ദേഹത്തിന്റെ ശരീരഭാഷയും രൂപവും മാറി. ആ ചെറുപ്പക്കാരനില്‍ കാണാന്‍ സാധിച്ച ഫയര്‍ അതെന്നെ അത്ഭുതപ്പെടുത്തി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Vinayan said that he approached many actors who are in the lime light to act in the film pathoanpatham noottand