ഏത് കഥാപാത്രമാണ് ആളുകളിലേക്ക് കണക്റ്റ് ആവുകയെന്ന് ജഡ്ജ് ചെയ്യാന്‍ പറ്റില്ല, ഇപ്പോള്‍ എവിടെ പോയാലും പ്രപഞ്ചന്‍ എന്ന് വിളിക്കും: കാളിദാസ് ജയറാം
Film News
ഏത് കഥാപാത്രമാണ് ആളുകളിലേക്ക് കണക്റ്റ് ആവുകയെന്ന് ജഡ്ജ് ചെയ്യാന്‍ പറ്റില്ല, ഇപ്പോള്‍ എവിടെ പോയാലും പ്രപഞ്ചന്‍ എന്ന് വിളിക്കും: കാളിദാസ് ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 30th August 2022, 8:13 am

കാളിദാസ് ജയറാമിന്റെ കരിയരിലെ ഏറ്റവും മികച്ച രണ്ട് കഥാപാത്രങ്ങളാണ് പാവ കഥൈകള്‍ എന്ന ആന്തോളജിയില്‍ സുധ കൊങ്കര സംവിധാനം ചെയ്ത തങ്കം എന്ന ചിത്രത്തിലെ സത്താറും ലോകേഷ് കനകരാജിന്റെ വിക്രത്തിലെ പ്രപഞ്ചനും. ഇരുചിത്രങ്ങളിലേയും തന്റെ കഥാപാത്രങ്ങളെ പറ്റി സംസാരിക്കുകയാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ കാളിദാസ്.

‘ഒരു കമ്മ്യൂണിറ്റിയെ റപ്രസന്റ് ചെയ്യുമ്പോള്‍ അത് കോമിക്കലായിട്ടോ കാരിക്കേച്ചറിഷായിട്ടോ തോന്നിക്കാനേ പാടില്ല എന്നായിരുന്നു സുധ മാം ആദ്യം മുതലേ പറഞ്ഞിരുന്നത്. പടം ചെയ്യാം, എവിടെയെങ്കിലും തെറ്റായി തോന്നുകയാണെങ്കില്‍ അത് സ്‌ക്രാപ്പ് ചെയ്ത കളയാമെന്ന് മാം പറഞ്ഞിരുന്നു. ട്രാന്‍സ് കമ്മ്യൂണിറ്റിയിലുള്ള ഒരുപാട് പേരുമായി സംസാരിച്ച് അവരുടെ ഗൈഡന്‍സോട് കൂടിയാണ് ആ സിനിമ ഞാന്‍ ചെയ്തത്.

വിക്രത്തില്‍ അഭിനയിക്കുമ്പോള്‍ ഇത്രയും പ്രധാനപ്പെട്ട കഥാപാത്രമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ മൂന്നോ നാലോ ദിവസം മാത്രമേ ഷൂട്ട് ചെയ്തിട്ടുള്ളൂ. ആ സമയത്ത് ലോകേഷിന്റെ സിനിമയില്‍ അഭിനയിക്കണം, കമല്‍ സാറിനെ ഒന്ന് കാണണം, അത്രയേ ഉണ്ടായിരുന്നുള്ളൂ ആഗ്രഹം. ലാസ്റ്റ് എഡിറ്റ് കഴിഞ്ഞ് റിലീസിന് കുറച്ച് ദിവസം മുമ്പ് ലോകേഷ് വിളിച്ച് പടം ഒന്ന് വന്ന് കാണാന്‍ പറഞ്ഞു. അപ്പോഴും എനിക്ക് വലിയ പ്രതീക്ഷ ഇല്ലായിരുന്നു. സിനിമയുടെ കാര്യമല്ലേ, എല്ലാം എഡിറ്റ് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ പോയല്ലോ.

പിന്നെ ഫസ്റ്റ് ഡേ തന്നെ പോയി പടം കണ്ടു. അപ്പോള്‍ സിനിമ തുടങ്ങുന്നത് തന്നെ പ്രപഞ്ചന്‍ എന്ന കഥാപാത്രത്തെ വെച്ചാണ്. വിക്രമിനെ ഡീകോഡ് ചെയ്യുന്നത് തന്നെ പ്രപഞ്ചനെ വെച്ചിട്ടാണ്. അതെനിക്കൊരു പ്ലസന്റ് സര്‍പ്രൈസായിരുന്നു. ഇപ്പോള്‍ എവിടെ പോയാലും പ്രപഞ്ചന്‍ എന്ന് വിളിക്കും. പെട്ടെന്നായിരിക്കും നമ്മള്‍ അവതരിപ്പിച്ച ഒരു കഥാപാത്രം ആളുകളിലേക്ക് കണക്റ്റ് ആവുക. അത് നമുക്ക് ജഡ്ജ് ചെയ്യാന്‍ പറ്റില്ല,’ കാളിദാസ് പറഞ്ഞു.

പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തുവരുന്ന പുതിയ ചിത്രം നച്ചത്തിരങ്കള്‍ നഗര്‍തിരത്തിനെ കുറിച്ചും കാളിദാസ് സംസാരിച്ചു.

‘രഞ്ജിത്ത് സാറിന്റെ പടം എന്ന് പറയുമ്പോള്‍ തന്നെ അതില്‍ പൊളിറ്റിക്കലായിട്ടുള്ള എലമെന്റ് കാണും. ഏറ്റവും സ്‌ട്രെയ്റ്റ് ഫോര്‍വേഡായിട്ട് ഹാര്‍ഡ്‌കോറായിട്ട് പറഞ്ഞിട്ടുള്ള പുള്ളിയുടെ പടം ഇതായിരിക്കുമെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അത് എത്രത്തോളം ഹാര്‍ഡ് ആകുമെന്ന് മനസിലാവും. പ്രണയത്തെ പറ്റിയുള്ള കഥകളാണ്. രണ്ട് പേര് പ്രണയിക്കുമ്പോള്‍ സമൂഹവും പിന്നെ മറ്റ് ഘടകങ്ങളും അതിന് പിന്നില്‍ ഇന്‍ഫ്‌ളുവന്‍സ് ചെയ്യുന്നുണ്ട്. അതൊക്കെയാണ് ഈ സിനിമ പറയുന്നത്,’ കാളിദാസ് പറഞ്ഞു.

Content Highlight: Kalidas talks about his characters in vikram and pavai kathaikal