അഞ്ച് വർഷത്തിന് ശേഷം ഇന്ത്യ വീണ്ടും ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ നൽകും
Trending
അഞ്ച് വർഷത്തിന് ശേഷം ഇന്ത്യ വീണ്ടും ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ നൽകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th July 2025, 9:14 am

ന്യൂദൽഹി: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ നൽകാൻ തുടങ്ങുമെന്ന് ബീജിങ്ങിലെ ഇന്ത്യൻ എംബസി. 2020ലെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിലെ സൈനിക സംഘർഷങ്ങൾക്കും ഗൽവാൻ ഏറ്റുമുട്ടലുകൾക്കും ശേഷം ഇന്ത്യ-ചൈന ബന്ധം വഷളായിരുന്നു. ഈ ബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുള്ള നിർണായക ചുവടുവെപ്പാണിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഈ തീരുമാനത്തെ ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. പ്രഖ്യാപനത്തെ ‘പോസിറ്റീവ്’ എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. ‘ചൈനീസ് പൗരന്മാർക്കുള്ള ടൂറിസ്റ്റ് വിസ ഇന്ത്യ പുനരാരംഭിക്കുന്നത് വളരെ പോസിറ്റീവ് ആയൊരു നീക്കമാണ്. അതിർത്തി കടന്നുള്ള യാത്ര ലളിതമാക്കുന്നത് ഇത് സഹായിക്കും. ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്ര കൂടുതൽ സുഗമമാക്കാൻ ചൈന ഇന്ത്യയുമായി ആശയവിനിമയവും കൂടിയാലോചനകളും തുടരും,’ ചൈനീസ് വിദേശകാര്യ മന്ത്രാലയം എക്സിൽ കുറിച്ചു.

ഇന്ന് (ജൂലൈ 24, 2025) മുതൽ ഓൺലൈനായി വിസയ്ക്ക് അപേക്ഷിക്കാൻ സാധിക്കും. ബീജിങ്ങിലെ ഇന്ത്യൻ എംബസിയിലും ഷാങ്ഹായ്, ഗ്വാങ്ഷൂ എന്നിവിടങ്ങളിലെ കോൺസുലേറ്റുകളിലും മുൻകൂട്ടി അപ്പോയ്‌മെന്റ് എടുത്ത ശേഷം വിസ നേടാനാകും.

കിഴക്കൻ ലഡാക്കിലെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ പ്രദേശമായ (LAC) ഗാൽവാൻ താഴ്വരയിൽ 2020ൽ നടന്ന ഏറ്റുമുട്ടലിനെത്തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഈ സംഘർഷത്തിൽ ഇരുപതോളം ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് ഇന്ത്യ ചൈനീസ് നിക്ഷേപങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും, നൂറുകണക്കിന് ചൈനീസ് ആപ്പുകൾ നിരോധിക്കുകയും, യാത്രാ മാർഗങ്ങൾ വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. ഇത് കൊവിഡ് സമയത്തായിരുന്നു നടന്നത്.

2022ൽ ചൈന ഇന്ത്യൻ വിദ്യാർത്ഥികൾക്കും പിന്നീട് ബിസിനസ്, ടൂറിസം ആവശ്യങ്ങൾക്കും വിസ അപേക്ഷകൾ പുനരാരംഭിച്ചിരുന്നു. 2025 ജനുവരി മുതൽ ജൂൺ വരെ ഏകദേശം 85,000 വിസകൾ ചൈന അനുവദിച്ചതായാണ് റിപ്പോർട്ടുകൾ.

എന്നാൽ, ഇന്ത്യ ബിസിനസ് ആവശ്യങ്ങൾക്കും പഠനാവശ്യങ്ങൾക്കും വിസ അനുവദിച്ചിരുന്നെങ്കിലും ടൂറിസ്റ്റ് വിസകൾ അനുവദിച്ചിരുന്നില്ല. 2019ലെ കണക്കുകൾ പ്രകാരം, കൊവിഡിന് മുൻപ് 3,00,000ത്തിലധികം ചൈനീസ് വിനോദസഞ്ചാരികൾ ഇന്ത്യ സന്ദർശിക്കുകയും 8,69,000ത്തോളം ഇന്ത്യൻ വിനോദസഞ്ചാരികൾ ചൈനയിലേക്ക് പോകുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറിൽ കസാനിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ജൂലൈ 14-16 തീയതികളിൽ ചൈന സന്ദർശിക്കുകയും തന്റെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

കൈലാഷ് തീർത്ഥാടനം പുനരാരംഭിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന കാരണമായെന്ന് ചൈനീസ് അംബാസഡർ സു ഫെയ്‌ഹോങ് ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

 

Content Highlight: India allows tourist visas for Chinese nationals after five five-year hiatus