ഐ.എഫ്.എഫ്.കെയുടെ ഇടത്പക്ഷ സംസ്‌കാരം നിലനിര്‍ത്തേണ്ടത് സലിം കുമാറിനെയും സുരഷ് ഗോപിയേയും മാറ്റി നിര്‍ത്തിയാണോ ?; കമലിനെതിരെ ആലപ്പി അഷറഫ്
IFFK 2021
ഐ.എഫ്.എഫ്.കെയുടെ ഇടത്പക്ഷ സംസ്‌കാരം നിലനിര്‍ത്തേണ്ടത് സലിം കുമാറിനെയും സുരഷ് ഗോപിയേയും മാറ്റി നിര്‍ത്തിയാണോ ?; കമലിനെതിരെ ആലപ്പി അഷറഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th February 2021, 5:56 pm

കൊച്ചി: ഐ.എഫ്.എഫ്.കെയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആലപ്പി അഷറഫ്.

കമല്‍ കാണിക്കുന്ന പ്രവര്‍ത്തികള്‍ കാണുമ്പോള്‍ ഈ മനുഷ്യന്റെ മാനസികനിലകൂടി പരിശോധിക്കേണ്ട അവസ്ഥയിലാണെന്നാണ് തോന്നുന്നതെന്ന് ആലപ്പി അഷറഫ് പറഞ്ഞു.

മേളയില്‍ നിന്ന് സലിം കുമാര്‍, സലിം അഹമ്മദ്, ഷാജി എന്‍ കരുണ്‍, സുരേഷ് ഗോപി എന്നിവരെ മാറ്റി നിര്‍ത്തിയതിനെതിരെയാണ് ആലപ്പി അഷറഫ് വിമര്‍ശനം ഉന്നയിച്ചത്.

കമലിനെ കേരളം മറക്കില്ലെന്നും, അത് സിനിമകളുടെ പേരിലാകില്ല പകരം ഈ ദാസ്യവേലയുടെ പേരിലാകും അതെന്നും ആലപ്പി അഷറഫ് വിമര്‍ശിച്ചു.

ആലപ്പി അഷറഫിന്റെ കുറിപ്പ് പൂര്‍ണരൂപം,

കമല്‍ ഒരു കറുത്ത അദ്ധ്യായം.
രാഷ്ട്രീയം നോക്കി സലിംകുമാര്‍,
വ്യക്തി വിരോധത്താല്‍ ഷാജി എന്‍ കരുണ്‍
ഈഗോ കൊണ്ട് സലിം അഹമ്മദ്,
കുടാതെ നാഷണല്‍ അവാര്‍ഡു വാങ്ങി സിനിമാക്കാരുടെയിടയിലെ ഒരേ ഒരു MP യുമായ സുരേഷ് ഗോപി,
( കമല്‍ അദ്ദേഹത്തെ അടിമ ഗോപി എന്നാണ് വിളിക്കുന്നത് )
ഇവരെയൊക്കെ മാറ്റി നിര്‍ത്തി കമാലുദ്ധീന്‍ പൂന്ത് വിളയാടുകയാണ്.

IFFK യുടെ ഇടത്പക്ഷ സംസ്‌കാരം നിലനിര്‍ത്തേണ്ടത് സലിം കുമാറിനെയും സുരഷ് ഗോപിയേയും മാറ്റി നിര്‍ത്തിയാണോ….?
ഒരു കലാകാരന്‍ ഇങ്ങിനെയാണോ പെരുമാറേണ്ടത്…?
കലാകേരളത്തിന് കൊടുക്കേണ്ട സന്ദേശം ഇതാണോ..?

ഇങ്ങേര് കാണിക്കുന്ന പ്രവര്‍ത്തികള്‍ കാണുമ്പോള്‍ ഈ മനുഷ്യന്റെ മാനസികനിലകൂടി പരിശോധിക്കേണ്ട അവസ്ഥയിലാണന്നാണ് തോന്നുന്നത്.

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ , ഇദ്ദേഹം അതിനെ കടത്തിവെട്ടുന്ന രാഷ്ട്രീയവൈരം സിനിമ അക്കാഡമി ഉപയോഗിച്ചു നടപ്പാക്കുന്നത് അനുവദിച്ചുകൂടാ.

ഇവിടെ നിങ്ങളോടൊപ്പം നിലക്കുന്ന ഭൂരിപക്ഷം സാംസ്‌കാരിക നായകര്‍ക്കും ലഭിച്ച അംഗീകാരങ്ങ ളും പുരസ്‌കാരങ്ങളും പലതും ഇടതുപക്ഷം മാത്രം നല്കിയതല്ലന്ന് ഓര്‍ക്കണം.

ഏതു രാഷ്ട്രീയവിശ്വാസക്കാരനായാലും കലാകാരന്മാര്‍,അവരൊക്കെ നാടിന്റെ അഭിമാനങ്ങളല്ലേ. അവരെ മാറ്റിനിര്‍ത്തി അപമാനിക്കുന്നത് പൊതുസമൂഹം ഒരിക്കലും അംഗീകരിക്കില്ല.

ഒരാള്‍ കലാകാരനായ് അംഗീകരിക്കപ്പെടണമെങ്കില്‍ അയാള്‍ കമ്യൂണിസ്റ്റുകാരനായിരിക്കണം എന്ന് കമല്‍ ചിന്തിക്കുന്നത് പോലെ മറ്റു രാഷ്ട്രീയക്കാര്‍ ചിന്തിച്ചിരുന്നെങ്കില്‍ ഇവരില്‍ പലരെയും ജനം അറിയുക പോലുമില്ലായിരുന്നു എന്നു മനസ്സിലാക്കാനുള്ള ബുദ്ധി പോലും ഇല്ലാതായോ….?

എന്തായാലും ഒന്നു ഉറപ്പ് .. കമലിനെ
കേരളം മറക്കില്ല , അത് അയാളുടെ സിനിമകളുടെ പേരിലാകില്ല പകരം ഈ ദാസ്യവേലയുടെ പേരിലാകും അത്.
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി.

ആലപ്പി അഷറഫ്

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: IFFK Controversy  Alleppey Ashraf against Kamal