വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ മുഖ്യമന്ത്രി മുസ്‌ലിം ലീഗിന്റെ പിന്നാലെ ഓടുകയാണ് : കെ.പി.എ. മജീദ്
Kerala News
വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ മുഖ്യമന്ത്രി മുസ്‌ലിം ലീഗിന്റെ പിന്നാലെ ഓടുകയാണ് : കെ.പി.എ. മജീദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th December 2021, 8:00 pm

കോഴിക്കോട്: ജനങ്ങളെ ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍  ലീഗിന്റെ പിന്നാലെ ഓടുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് എം.എല്‍.എ.

വഖഫ് സംരക്ഷണ റാലി കഴിഞ്ഞ് 21 ദിവസമായിട്ടും മുസ്‌ലിം ലീഗിനെ ഗൗനിക്കുന്ന പരിപാടി അവസാനിപ്പിക്കാത്ത മുഖ്യമന്ത്രി വീരവാദങ്ങള്‍ അവസാനിപ്പിച്ച് പറഞ്ഞ വാക്ക് പാലിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടുകയാണ്. കേരളം ഒമിക്രോണ്‍ വ്യാപനത്തിന്റെ ഭീതിയിലാണ്. കെ റെയില്‍ എന്നൊരു ഡെമോക്ലസിന്റെ വാള്‍ കേരളത്തെ നെടുകെ പിളര്‍ത്താന്‍ ഓങ്ങി നില്‍ക്കുകയാണ്. ക്രമസമാധാന നില പാടെ താളം തെറ്റിയിരിക്കുന്നു. ഇങ്ങനെയുള്ള നൂറുകണക്കിന് യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവാണ് മുഖ്യമന്ത്രിയുടെ വീരവാദങ്ങള്‍. അതൊക്കെ എ.കെ.ജി. സെന്ററില്‍ മതി. ജനങ്ങള്‍ക്ക് വേണ്ടത് പരിഹാരമാണ്. ലീഗ് ഉയര്‍ത്തിയ വിഷയങ്ങളിലെല്ലാം മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരും. ഇപ്പോഴുള്ള അഴകൊഴമ്പന്‍ നയവും ജനവിരുദ്ധ നീക്കങ്ങളും ജനം തിരുത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് ലീഗ് എം.എല്‍.എമാര്‍ നിയമസഭയില്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന നുണ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുന്നത് പരിഹാസ്യമാണ്. മുസ്‌ലിം ലീഗ് എം.എല്‍.എമാര്‍ നിയമസഭയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം രേഖയിലുള്ളതും വീഡിയോ സഹിതം പ്രചരിച്ചതുമാണ്.

ഇപ്പോഴും പബ്ലിക് ഡൊമെയ്‌നില്‍ ആ രേഖകള്‍ ലഭ്യമാണ്. മുസ്‌ലിം ലീഗിന്റെ എം.എല്‍.എമാര്‍ മാത്രമല്ല. ഒരു എം.എല്‍.എയും ഇക്കാര്യത്തില്‍ സര്‍ക്കാരിനെ അനുകൂലിച്ച് ഒരു വാക്കും പറഞ്ഞിട്ടില്ല. വസ്തുത ഇതായിരിക്കെ സത്യത്തിന്റെ തരിമ്പ് പോലുമില്ലാത്ത ആരോപണങ്ങളുമായാണ് മുഖ്യമന്ത്രി നാട് ചുറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നുണകള്‍ ആവര്‍ത്തിച്ചാല്‍ സത്യമാകുന്ന കാലമല്ല ഇതെന്ന് കൂടെയുള്ളവര്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുന്നത് നന്നായിരിക്കും. എന്തൊക്കെ പറഞ്ഞാലും വഖഫ് ബോര്‍ഡിന്റെ അധികാരത്തില്‍ കൈകടത്തുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ സമരവുമായി മുസ്‌ലിം ലീഗ് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘വഖഫ് വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് മുസ്‌ലിം സംഘടനകള്‍ക്ക് ഉറപ്പ് കൊടുഞ്ഞിട്ട് ഇപ്പോള്‍ മാസം ഒന്നാകാറായി. ഇപ്പോഴും അതേക്കുറിച്ച് യാതൊരു അനക്കവുമില്ല. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുന്നത് വരെ മുസ്‌ലിം ലീഗ് സമരം തുടരും,’ കെ.പി.എ. മജീദ് പറഞ്ഞു.

അതേസമയം, ലീഗിനെതിരെ കടുത്ത വിമര്‍ശനമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം മലപ്പുറത്ത് നടത്തിയത്. സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നവരെ ലീഗ് പുച്ഛിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ലീഗ് ജമാഅത്തെ ഇസ്‌ലാമിയുടെ മേലങ്കി അണിയുകയാണ്. എസ്.ഡി.പി.ഐയുടെ തീവ്രനിലപാട് അവര്‍ ഏറ്റെടുക്കുന്നു. രാഷ്ട്രീയ പാര്‍ടിയ്ക്ക് ചേര്‍ന്ന നിലപാടാണ് ലീഗ് സ്വീകരിക്കേണ്ടത്. അത് മതനിരപേക്ഷമാകണം. തെറ്റായ രീതിയില്‍ ജനങ്ങളെ അണിനിരത്താനല്ല നോക്കേണ്ടത്. പണ്ടുകാലത്ത് തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് ലീഗ് അണികളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ആ കാലം മാറിയെന്ന് തിരിച്ചറിയണം. നുണയ്ക്ക് അധികം അയുസ്സില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Chief Minister is chasing the Muslim League to divert attention from issues: KPA Majeed