നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രെയ്‌ലറാണിത്; കര്‍ണാടകയിലെ നഗരസഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ കോണ്‍ഗ്രസ്
national news
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രെയ്‌ലറാണിത്; കര്‍ണാടകയിലെ നഗരസഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th December 2021, 7:13 pm

ബെംഗളൂരു: കര്‍ണാടകയിലെ നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നേടിയ വമ്പന്‍ വിജയം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രെയ്‌ലറാണെന്ന് കോണ്‍ഗ്രസ്.

ബി.ജെ.പി സര്‍ക്കാറിന്റെ ഭരണത്തില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടതിന്റെ തെളിവാണ് പുറത്തുവന്നിരിക്കുന്ന തെരഞ്ഞടുപ്പ് ഫലമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

58 മുനിസിപ്പാലിറ്റി, വിവിധ മുനിസിപ്പാലിറ്റികളിലേയും 57 ഗ്രാമപഞ്ചായത്തുകളിലേയും 9 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് എന്നിവയാണ് നടന്നത്. 498 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു.

ബി.ജെ.പി 437 സീറ്റുകളാണ് നേടിയത്. ജെ.ഡി.എസ് 45 സീറ്റുകളും മറ്റുള്ളവര്‍ 204 സീറ്റും നേടി. കോണ്‍ഗ്രസ് 42.06 ശതമാനം വോട്ട് നേടി. ബി.ജെ.പി 36.98 ശതമാനം വോട്ടും ജെ.ഡി.എസ് 3.8 ശതമാനം വോട്ടുമാണ് നേടിയത്.

166 സിറ്റി മുന്‍സിപ്പല്‍ കൗണ്‍സില്‍ വാര്‍ഡുകളില്‍ 61 എണ്ണമാണ് കോണ്‍ഗ്രസിന് നേടാനായത്. 67 എണ്ണം ബി.ജെ.പി നേടി. ജെ.ഡി.എസ് 12 സീറ്റും മറ്റുള്ളവര്‍ 26 സീറ്റുമാണ് നേടിയത്.

441 ടൗണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ വാര്‍ഡുകളില്‍ 201 എണ്ണത്തില്‍ കോണ്‍ഗ്രസ് വിജയിച്ചു. 176 എണ്ണത്തില്‍ ബി.ജെ.പിയും 21 എണ്ണത്തില്‍ ജെ.ഡി.എസും വിജയിച്ചു. 588 പട്ടണ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് 236 സീറ്റ് നേടി, ബി.ജെ.പി 194 സീറ്റുകളും ജെ.ഡി.എസ് 12 സീറ്റുകളും മറ്റുള്ളവര്‍ 135 സീറ്റുകളും നേടി.

കര്‍ണാടക നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പാണിത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മൂന്ന് വര്‍ഷത്തിലേറെയായി കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല.

അതേസമയം, കര്‍ണാടകയില്‍ 2023ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നയിക്കുമെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം അറിയിച്ചിരുന്നു.

ബൊമ്മെയുടെ നേതൃത്വത്തില്‍ ബി.ജെ.പി. 150 സീറ്റു നേടി വീണ്ടും അധികാരത്തിലെത്തുമെന്ന് കര്‍ണാടകത്തിന്റെ ചുമതലയുള്ള പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍സിങ് പറഞ്ഞിരുന്നു.

കഴിഞ്ഞ ജൂലായിലാണ് ബി.എസ്. യെദ്യൂരപ്പയുടെ രാജിക്കുശേഷം ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി ചുതലയേറ്റത്. യെദ്യൂരപ്പയ്ക്ക് പകരം പാര്‍ട്ടിയെ നയിക്കുക ബൊമ്മെയായിരിക്കുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Karnataka Urban Local Body Election Results 2021 Highlights: Congress says ULB results a trailer