സംവിധായകന്‍ പത്മരാജനൊപ്പം സഹ സംവിധായകനായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ബ്ലെസി. സഹ സംവിധായകനായി പ്രവർത്തിച്ച് 18 വര്‍ഷങ്ങള്‍ക്ക് ശേഷം 2004ലാണ് ബ്ലെസി ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി നായകനായി എത്തിയ കാഴ്ച എന്ന ആ സിനിമ മലയാളത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറുകയും നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു.
പിന്നീട് തന്മാത്ര, ഭ്രമരം, പ്രണയം, പളുങ്ക്, ആടുജീവിതം എന്നിങ്ങനെ ഒരുപിടി മികച്ച സിനിമകള്‍ അദ്ദേഹം മലയാള സിനിമക്ക് നല്‍കിയിട്ടുണ്ട്. തന്റെ സിനിമകള്‍ക്ക് നിരവധി ദേശീയ പുരസ്‌കാരങ്ങളും സംസ്ഥാന അവാര്‍ഡുകളും നേടാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഇപ്പോൾ പ്രണയം മോഹന്‍ലാല്‍ ചെയ്യേണ്ട സിനിമയല്ലെന്നും മോഹന്‍ലാലിനോട് വളരെ ആകസ്മികമായിട്ടാണ് പ്രണയം സിനിമയുടെ കഥ പറഞ്ഞതെന്നും ബ്ലെസി പറയുന്നു.
ഒരു ഷൂട്ടിങ് കാണാന്‍ താന്‍ പോയപ്പോഴാണ് മോഹന്‍ലാലിനോട് കഥ പറഞ്ഞതെന്നും മമ്മൂട്ടിക്ക് വേണ്ടിയാണ് താന്‍ പ്രണയം എഴുതി തുടങ്ങിയതെന്നും ബ്ലെസി പറഞ്ഞു.
ആദ്യം മമ്മൂട്ടി ഓക്കെയായിരുന്നെന്നും പിന്നീട് മമ്മൂട്ടിക്ക് അത് കണ്‍വിന്‍സിങ് ആയിട്ട് തോന്നിയില്ലെന്നും ബ്ലെസി പറയുന്നു.
പിന്നീട് മോഹന്‍ലാലിനെ കണ്ടപ്പോള്‍ കഥ പറഞ്ഞെന്നും ചിത്രത്തിലെ കഥാപാത്രം മോഹൻലാൽ ആയിക്കോട്ടെ എന്ന് തന്നോട് ചോദിക്കുകയായിരുന്നെന്നും ബ്ലെസി കൂ്ട്ടിച്ചേര്‍ത്തു. കാന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു ബ്ലെസി.
‘പ്രണയം ലാലേട്ടന്‍ ചെയ്യേണ്ട സിനിമയല്ല. ലാലേട്ടനോട് ആക്‌സിഡെന്റലി ഞാന്‍ പറഞ്ഞതാണ്. അത് റോഷന്റെ സിനിമയുടെ ഷൂട്ടിങ് സമയത്ത് ദുബായില്‍ കാണാന്‍ പോയതാണ്.
മമ്മൂക്കക്ക് വേണ്ടിയാണ് ഞാന്‍ എഴുതിതുടങ്ങിയത്. മമ്മൂക്ക ഓക്കെയായിരുന്നു. ചില ഘട്ടങ്ങളില്‍ എത്തിയപ്പോള്‍ ഞാന്‍ മമ്മൂക്കയുമായിട്ട് ഡിസ്‌കസ് ചെയ്തപ്പോള്‍ മമ്മൂക്കക്ക് അത് കണ്‍വിന്‍സിങ് ആയിട്ട് തോന്നിയില്ല.
പോപുലര്‍ ആയിട്ടുള്ള ഒരാള്‍ നമുക്ക് വന്നാലുണ്ടാകുന്ന പ്രയാസം എന്താണെന്ന് വെച്ചാല്‍ ഇവരുടെ ബാല്യകാലങ്ങള്‍ വേറൊരാള്‍ ചെയ്യുമ്പോള്‍ പ്രയാസം തോന്നും. അനുപം ഖേര്‍ ആണെങ്കില്‍ അദ്ദേഹത്തിന്റെ ബാല്യം എന്താണെന്ന് നമുക്ക് അറിയില്ലല്ലോ. മമ്മൂക്കയെ നമ്മള്‍ വളരെ മുമ്പ് തൊട്ട് കണ്ടിട്ടുള്ളത് കൊണ്ട് വേറൊരാളെ പെട്ടെന്ന് കാസ്റ്റ് ചെയ്യാന്‍ പറ്റില്ല.
പിന്നെ ലാലേട്ടനെ കണ്ടപ്പോള്‍ ഞാന്‍ കഥ എഴുതിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ എന്നോട് ചോദിച്ചു മാത്യൂസ് ഞാന്‍ ചെയ്താലോ എന്ന്? എനിക്കപ്പോള്‍ പുതിയൊരു ഉണര്‍വ് ഉണ്ടായി,’ ബ്ലെസി പറയുന്നു.
Content Highlight: I started writing the story for Mammootty, but Lalettan acted in that film says Blessy