ആ നടൻ എൻ്റെ അച്ഛനാണെന്ന് ശരിക്കും തോന്നിപ്പോയി; സിനിമ തീർന്നപ്പോൾ ഞാൻ 'അപ്പാ' എന്നുവിളിച്ച് കരഞ്ഞു: രജിഷ വിജയൻ
Entertainment
ആ നടൻ എൻ്റെ അച്ഛനാണെന്ന് ശരിക്കും തോന്നിപ്പോയി; സിനിമ തീർന്നപ്പോൾ ഞാൻ 'അപ്പാ' എന്നുവിളിച്ച് കരഞ്ഞു: രജിഷ വിജയൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th June 2025, 2:10 pm

ടെലിവിഷൻ അവതാരകയിൽ നിന്നും വെള്ളിത്തിരയിലേക്ക് കടന്നുവന്ന നടിയാണ് രജിഷ വിജയൻ. ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രജിഷ സ്വന്തമാക്കി.

കർണൻ എന്ന ചിത്രത്തിലൂടെയാണ് രജിഷ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രം വൻവിജയമായി മാറി. സൂര്യക്കൊപ്പം ജയ് ഭീം എന്ന ചിത്രത്തിലെ രജിഷയുടെ അഭിനയം എടുത്ത് പറയേണ്ട ഒന്നാണ്. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ നടി അഭിനയിച്ചു. ഇപ്പോൾ താൻ അഭിനയിച്ച ജൂൺ എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി.

താനാണെന്ന് പൂർണമായി തോന്നിയ കഥാപാത്രങ്ങളൊന്നും വന്നിട്ടില്ലെന്നും ജൂൺ എന്ന ചിത്രത്തിലെ കഥാപാത്രം ഒരു തരത്തിലും താൻ അല്ലെന്നും നടി വ്യക്തമാക്കി.

സ്‌കൂളിൽ പഠിക്കുമ്പോൾ ഫ്രണ്ട്സിനൊപ്പമുള്ള നിമിഷങ്ങൾ പോലെ തനിക്ക് ജൂണിൽ അഭിനയിക്കുമ്പോൾ തോന്നിയെന്നും ചിത്രത്തിൽ അച്ഛനായി അഭിനയിച്ച ജോജുവിനെ തൻ്റെ അച്ഛനായി തോന്നിയെന്നും രജിഷ പറയുന്നു.

സിനിമ തീർന്നപ്പോൾ താൻ കരഞ്ഞെന്നും താനും തൻ്റെ അച്ഛനും തമ്മിലുള്ള ബന്ധമല്ല ജൂണിലെ കഥാപാത്രത്തിൻ്റേതെന്നും നടി കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയായിരുന്നു നടി.

‘ഞാനാണെന്ന് പൂർണമായി തോന്നിയ ഒരു ക്യാരക്റ്റർ ഇതുവരെ വന്നിട്ടില്ല. ജൂൺ ഒരു രീതിയിലും ഞാനല്ല. ജൂണിൽ സ്‌കൂളിൽ പഠിക്കുമ്പോൾ ഫ്രണ്ട്സിന്റെ കൂടെ ചെലവിടുന്ന നിമിഷങ്ങൾ പോലെ തോന്നിയിരുന്നു. മുംബൈയിൽ പോകുന്ന സീനിൽ ഞാൻ ദൽഹിയിൽ പഠിക്കാൻ പോയ സമയത്തെ ഫീൽ അനുഭവപ്പെട്ടു.

പിന്നെ, ആ സിനിമയിൽ ജോജുച്ചേട്ടൻ എൻ്റെ അച്ഛനാണെന്ന് ശരിക്കും തോന്നിപ്പോയിട്ടുണ്ട്. സിനിമ തീർന്നപ്പോൾ ഞാൻ അപ്പാ എന്നു വിളിച്ച് കരഞ്ഞു. സത്യത്തിൽ ഞാനും എന്റെ അച്ഛനും തമ്മിലുള്ള ബന്ധമല്ല ജൂണിലെ കഥാപാത്രത്തിൻറേത്. എന്നാലത് മറ്റൊരു തരത്തിൽ അനുഭവപ്പെടുകയായിരുന്നു,’ രജിഷ വിജയൻ പറയുന്നു.

Content Highlight: I really felt like that actor was my father says Rajisha Vijayan