എനിക്ക് ദൈവമില്ല! പക്ഷെ, കേരളം ഇഷ്ടമാണ്; ഹീറോയായത് ഇവിടെ നിന്ന്: കമൽ ഹാസൻ
Entertainment
എനിക്ക് ദൈവമില്ല! പക്ഷെ, കേരളം ഇഷ്ടമാണ്; ഹീറോയായത് ഇവിടെ നിന്ന്: കമൽ ഹാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd May 2025, 8:57 am

തമിഴ് സിനിമയിലൂടെയാണ് അരങ്ങേറിയെങ്കിലും കമല്‍ ഹാസന്‍ എന്ന നടനെ ആദ്യമായി നായകനാക്കി അവതരിപ്പിച്ചത് മലയാളം ഇന്‍ഡസ്ട്രിയായിരുന്നു. തമിഴില്‍ സജീവമാകുന്നതിന് മുമ്പ് ഒട്ടനവധി മലയാളചിത്രങ്ങളില്‍ കമല്‍ ഹാസന്‍ നായകനായിട്ടുണ്ട്.

ചാണക്യൻ, മദനോത്സവം, വയനാടൻ തമ്പി എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ കമൽ ഹാസൻ അഭിനയിച്ചിട്ടുണ്ട്. താൻ എന്ന ഹീറോയെ വളർത്തിയത് മലയാള സിനിമയും കേരളവുമാണെന്ന് അദ്ദേഹം പല വേദികളിലായി പറഞ്ഞിട്ടുണ്ട്.

ഇപ്പോൾ കേരളത്തെ കുറിച്ച് സംസാരിക്കുകയാണ് കമൽ ഹാസൻ. കേരളത്തിൽ എപ്പോൾ വന്നാലും സന്തോഷമാണെന്നും താനൊരു ഹീറോ ആയത് എവിടെനിന്നാണെന്ന് ആരെങ്കിലും ചോദിച്ചാൽ അത് കേരളത്തിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം വീട്ടിൽ തിരിച്ചുവന്നതുപോലെയാണ് കേരളത്തിലേക്ക് വരുമ്പോൾ തനിക്ക് തോന്നുന്നതെന്നും കേരളമാണ് തൻ്റെ റിലാക്സിങ് സ്പോട്ട് എന്നും അദ്ദേഹം പറയുന്നു.

താനൊരു ദൈവത്തിൻ്റെ ആളല്ലെന്നും പക്ഷെ തനിക്ക് കേരളം ഇഷ്ടമാണെന്നും കരിയറിൻ്റെ തുടക്ക കാലത്തുള്ള സൗഹൃദങ്ങളെല്ലാം മലയാളം ഇന്‍ഡസ്ട്രിയിൽ നിന്നാണെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു. തൻ്റെ ഏറ്റവും പുതിയ ചിത്രമായ തഗ് ലൈഫിൻ്റ പ്രമോഷൻ പരിപാടിയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു കമൽ ഹാസൻ.

‘കേരളത്തില്‍ എപ്പോള്‍ വന്നാലും സന്തോഷമാണ്. പ്രത്യേകിച്ച് കൊച്ചിയിലേക്ക് വരുമ്പോള്‍. ഞാനൊരു ഹീറോയായത് എവിടെ നിന്നാണ് എന്ന് ആരെങ്കിലും ചോദിച്ചാല്‍ അത് ഇവിടെ നിന്നാണ്. കേരളത്തിൽ നിന്നാണ്.

സ്വന്തം വീട്ടില്‍ ഞാന്‍ തിരിച്ചുവരികയാണ് എന്നാണ് എന്റെ ധാരണ, അതെപ്പോള്‍ വന്നാലും അങ്ങനെയാണ്. എനിക്ക് റിലാക്‌സ് ചെയ്യാന്‍ ഒരു സ്‌പോട്ട് വേണമെങ്കില്‍ അത് കേരളം തന്നെയാണ്.

ഞാൻ ദൈവത്തിന്റെ ആളല്ല പക്ഷെ, എനിക്ക് കേരളം ഇഷ്ടമാണ്. കരിയറിന്റെ തുടക്കത്തിലുള്ള എന്റെ ഒട്ടുമിക്ക സൗഹൃദങ്ങളും ഇവിടെ നിന്നാണ്. ഞാന്‍ ഇവിടെ നിന്നാണ് വളര്‍ന്നത്,’ കമലഹാസന്‍ പറയുന്നു.

തഗ് ലൈഫ്

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. 35 വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്‌നവും കമല്‍ ഹാസനും ഒന്നിക്കുന്ന സിനിമാണ് തഗ് ലൈഫ്. ജൂണ്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, അശോക് സെല്‍വന്‍, പങ്കജ് ത്രിപാഠി, സാന്യ മല്‍ഹോത്ര എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിതത്തിൽ അണിനിരക്കുന്നുണ്ട്.

Content Highlight: I am Godless man but I love Kerala; I became a hero from here: Kamal Haasan