ഞാനും ഹിന്ദുവാണ്; എനിക്ക് ബി.ജെ.പിയുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല: മമത ബാനര്‍ജി
Kerala News
ഞാനും ഹിന്ദുവാണ്; എനിക്ക് ബി.ജെ.പിയുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല: മമത ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th March 2025, 9:42 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയും പ്രതിപക്ഷവും തമ്മിലുള്ള വാക്‌പോര് ശക്തമാവുന്നു. ബി.ജെ.പി അധികാരത്തില്‍ എത്തിയാല്‍ ബംഗാള്‍ നിയമസഭയില്‍ നിന്ന് മുസ്‌ലിം എം.എല്‍.എമാരെ പുറത്താക്കുമെന്ന പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ഇരുപക്ഷവും തമ്മിലുള്ള് വാക്‌പോര് രൂക്ഷമായത്.

ഒരു മതത്തെയും വേദനിപ്പിക്കുന്നതോ അപമാനിക്കുന്നതോ തന്റെ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് പറഞ്ഞ മമത, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് ഭൂരിപക്ഷത്തിന്റെ ഉത്തരവാദിത്തമാണെന്നും ഹിന്ദുക്കള്‍ ഉള്‍പ്പെടെ എല്ലാ മതങ്ങളെയും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും  കൂട്ടിച്ചേര്‍ത്തു.

‘വിവിധ മതങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്താന്‍ ഞങ്ങള്‍ പ്രോത്സാഹിപ്പിച്ചിട്ടില്ല. സംസ്ഥാനത്ത് 32-33% മുസ്‌ലിങ്ങളും, 8% എസ്.സി, എസ്.ടി വിഭാഗക്കാരും ഉണ്ട്. ബാക്കിയുള്ള 70 ശതമാനം വരുന്നവര്‍ ഹിന്ദുക്കളാണ്. ഞങ്ങള്‍ക്ക് അവര്‍ക്ക് സീറ്റ് നല്‍കുന്നുണ്ട്. ഞങ്ങളെപ്പോലെ നിങ്ങള്‍ മുസ്‌ലിങ്ങള്‍ക്ക് എന്തുകൊണ്ട് സീറ്റ് നല്‍കുന്നില്ല? ബി.ജെ.പി മതത്തിന്റെ പേരില്‍ കള്ളം പറയുകയാണ്. ദയവായി മതത്തിന്റെ പേരില്‍ കള്ളം പറയരുത്,’ മമത ബാനര്‍ജി പറഞ്ഞു.

താനും ഒരു ഹിന്ദുവാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ തനിക്ക് ബി.ജെ.പിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ബംഗാളില്‍ സമാധാനം നിലനില്‍ക്കുന്നത് അവര്‍ക്ക് സഹിക്കാന്‍ കഴിയില്ലെന്നും മമത ബാനര്‍ജി വിമര്‍ശിച്ചു.

‘മൗലാന അബ്ദുള്‍ കലാം ആസാദും നസ്‌റുള്‍ ഇസ്‌ലാമും ജീവിച്ചിരുന്ന സംസ്ഥാനമാണിത്. ബംഗാള്‍ സ്വാമി വിവേകാനന്ദന്റെയും രാമകൃഷ്ണ പരമഹംസയുടെയും നാടാണ്,’ മമത കൂട്ടിച്ചേര്‍ത്തു.

അതേസമയം സുവേന്ദു അധികാരിയുടെ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാവുകയാണ്. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം ഭരണഘടനാ വിരുദ്ധമാണെന്ന ആക്ഷേപവുമുണ്ട്.

പത്ത് മാസങ്ങള്‍ക്കുള്ളില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അരവിന്ദ് കെജ്‌രിവാളിന്റെ അവസ്ഥ വരുമെന്നും അന്ന് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചുകഴിഞ്ഞാല്‍, എല്ലാ മുസ്‌ലിം തൃണമൂല്‍ എം.എല്‍.എമാരെയും തങ്ങള്‍ നിയമസഭയില്‍ നിന്ന് പുറത്താക്കുമെന്നായിരുന്നു അധികാരിയുടെ പരാമര്‍ശം.

ഇതിന് പുറമെ മമത സര്‍ക്കാരിനെ മുസ്ലിം ലീഗിന്റെ രണ്ടാം പതിപ്പെന്ന് വിശേഷിപ്പിച്ച സുവേന്ദു അധികാരി ഇത്തവണ ബംഗാളിലെ ജനങ്ങള്‍ അവരെ പിഴുതെറിയുമെന്നും അഭിപ്രായപ്പെട്ടു.

Content Highlight: I am also a Hindu; I don’t need BJP’s certificate: Mamata Banerjee