കേരളത്തിലും നരബലി; കൊല്ലപ്പെട്ടത് രണ്ട് സ്ത്രീകള്‍; മൃതദേഹം മുറിച്ചു കഷ്ണങ്ങളാക്കിയ നിലയില്‍
Kerala News
കേരളത്തിലും നരബലി; കൊല്ലപ്പെട്ടത് രണ്ട് സ്ത്രീകള്‍; മൃതദേഹം മുറിച്ചു കഷ്ണങ്ങളാക്കിയ നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th October 2022, 12:03 pm

പത്തനംതിട്ട: കേരളത്തിലും നരബലി. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. കാലടിയില്‍ നിന്നും കടവന്ത്രയില്‍ നിന്നുമുള്ള പത്മ, റോസി എന്നീ സ്ത്രീകളെയാണ് ബലികൊടുത്തത്. തിരുവല്ലയിലെ ദമ്പതികള്‍ക്ക് വേണ്ടിയാണ് കൊല നടത്തിയത്.

പെരുമ്പാവൂരില്‍ നിന്നുള്ള ഏജന്റ് മുഹമ്മദ് ഷാഫി ഇവരെ കടത്തിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്. പ്രതികള്‍ എല്ലാവരും മലയാളികള്‍ ആണ്.

സംഭവത്തില്‍ ഏജന്റും ദമ്പതികളായ ഭഗവല്‍ സിങ്, ഇയാളുടെ ഭാര്യ എന്നിവര്‍ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടിയാണ് നരബലി നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

സെപ്റ്റംബറിലാണ് സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിക്കുന്നത്. കൊല്ലപ്പെട്ട പത്മ എന്ന യുവതിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയിലാണ് നരബലി നടന്നതാണെന്ന വിവരം ലഭിച്ചതെന്ന് ദക്ഷിണ മേഖല ഐ.ജി.പി പ്രകാശ് പറഞ്ഞു. പത്മ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ലോട്ടറി വില്‍പ്പനക്കാരിയാണ്. കൊല്ലപ്പെട്ട റോസ്‌ലിയും ലോട്ടറി വില്‍പനക്കാരിയാണ്.

പത്മയെ കാണാനില്ലെന്ന പരാതി ലഭിച്ച് രണ്ട് ദിവസത്തിനകം തന്നെ ഇവര്‍ കൊല്ലപ്പെട്ടിരുന്നു. റോസ്‌ലിയെ സെപ്റ്റംബറിലാണ് കാണാതാവുന്നത്. അവസാന വാരത്തോടെയാണ് റോസ്‌ലിയും കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു.

പത്തനംതിട്ട ആറന്മുള സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. തട്ടിക്കൊണ്ടുപോയ ശേഷം യുവതികളെ കൊലപ്പെടുത്തു. പിന്നീട് മുറിച്ചു കഷ്ണങ്ങളാക്കി കുഴിച്ചുമൂടിയെന്നാണ് പൊലീസ് പറയുന്നത്.

യുവതികളെ തലയറുത്ത് കൊലപ്പെടുത്തി എന്നാണ് അറിയുന്നത്. ഇവരെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ സിഗ്‌നല്‍ പത്തനംതിട്ടയില്‍ കാണിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്. മുഖ്യപ്രതിയെ പിടികൂടിയെങ്കിലും സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

Content Highlight:Human sacrifice in Kerala too; Two women were killed; body found in pieces