ഒരു കുടുംബം എന്നെ ആശ്രയിച്ച് കഴിയുന്നുണ്ട്, ഏതെങ്കിലുമൊരു ക്ലബ്ബിന്റെ ഭാഗമായേ തീരൂ; മുൻ ക്ലബ്ബിനോട് ഏറ്റുമുട്ടാൻ ഒരുങ്ങവെ മനസ് തുറന്ന് താരം
DSport
ഒരു കുടുംബം എന്നെ ആശ്രയിച്ച് കഴിയുന്നുണ്ട്, ഏതെങ്കിലുമൊരു ക്ലബ്ബിന്റെ ഭാഗമായേ തീരൂ; മുൻ ക്ലബ്ബിനോട് ഏറ്റുമുട്ടാൻ ഒരുങ്ങവെ മനസ് തുറന്ന് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 11th October 2022, 10:42 am

മൂന്ന് വർഷത്തോളം എ.സി മിലാന് വേണ്ടി ബൂട്ടുകെട്ടിയ തിയാ​ഗോ സിൽവ യുവേഫ ചാമ്പ്യൻസ് ലീഗിൽ മിലാനുമായി ഏറ്റുമുട്ടാനിരിക്കുകയാണ്. നിലവിൽ ചെൽസിയുടെ താരമായ സിൽവ മിലാന്റെ ഹോം ​ഗ്രൗണ്ടിലാണ് മിലാനെ നേരിടാനെത്തുന്നത്.

വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം സാൻ സീറോയിലേക്ക് മടങ്ങിയെത്തുന്നത്. ഒരിക്കൽ തന്റെ സ്വന്തം ഗ്രൗണ്ടെന്ന് കരുതിയൊരിടത്ത് ഇങ്ങനെയൊരു മത്സരത്തിനിറങ്ങുന്നത് വൈകാരികമായ കാര്യമാണെന്നാണ് സിൽവ പറഞ്ഞത്. ചെൽസിയുമായുള്ള കരാർ അവസാനിക്കാനിരിക്കേ താരം മിലാനിലേക്ക് തിരിച്ച് വരുന്നുണ്ടെന്ന് കേട്ടതിൽ വാസ്തവമുണ്ടോ എന്നാണ് ആരാധകർക്കറിയേണ്ടത്.

എ.സി മിലാനിൽ ഇതിനകം താൻ ചരിത്രം സൃഷ്ടിച്ചിട്ടുണ്ടെന്നും അതുകൊണ്ട് മിലാനിലേക്ക് തിരിച്ചെത്തുമോ എന്നുള്ളത് ഇപ്പോഴത്തെ വിഷയമല്ലെന്നുമാണ് താരം പറഞ്ഞത്. അങ്ങനെ സംഭവിക്കുമായിരുന്നെങ്കിൽ താൻ ചെൽസിയിൽ ചേരുന്നതിന് മുമ്പ് നടക്കുമായിരുന്നെന്നും തനിക്കൊരു കുടുംബമുള്ളതുകൊണ്ട് ഏതെങ്കിലും ക്ലബ്ബുമായി സൈൻ ചെയ്യേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”ചെൽസിയിൽ ഞാൻ സന്തുഷ്ടനാണ്, ഇതൊരു വലിയ ക്ലബ്ബാണ്, മികച്ച പ്രൊഫഷണൽസാണ് ഇവിടെയുള്ളത്. 11,12 വർഷങ്ങൾക്ക് ശേഷം സാൻ സീറോയിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. മുമ്പനുഭവിച്ച ഓരോന്നും ഓർമകളായി മനസിലേക്ക് വരുന്നുണ്ട്. മിലാനിലേക്ക് മടങ്ങുമോ എന്നതിനെ കുറിച്ച് എനിക്ക് വ്യക്തമായ മറുപടിയില്ല. എന്നെ ആശ്രയിച്ച് ഒരു കുടുംബം കഴിയുന്നത് കൊണ്ട് ഏതെങ്കിലും ക്ലബ്ബിൽ ചേരേണ്ടത് ആവശ്യവുമാണ്. അതിന്റെ സമയാകുമ്പോൾ നിങ്ങളെ അറിയിക്കും. ഇപ്പോൾ എന്റെ ലക്ഷ്യം നല്ല പ്രകടനം കാഴ്ച വെക്കുക എന്നുള്ളതാണ്. കൂടുതൽ ശക്തനായി മത്സരിക്കണം. മിലാനുമായുള്ള മത്സരത്തിൽ ഞാൻ ആവേശ ഭരിതനാണ്. മത്സരത്തിനപ്പുറം വളരെ വൈകാരികമായ ഒരനുഭവമായിരിക്കും എനിക്കിത്,” സിൽവ വ്യക്തമാക്കി.

അതേസമയം താരവുമായുള്ള കരാർ പുതുക്കാൻ ചെൽസി തയ്യാറെടുത്തിരിക്കുകയാണെന്നാണ് റിപ്പോർട്ട്. താരത്തെ പ്രശംസിച്ച് ചെൽസിയുടെ കോച്ച് പോട്ടർ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സിൽവ മികച്ച നേതാവാണെന്നും അദ്ദേഹത്തിന്റെ പ്രകടനം പ്രശംസനീയമാണെന്നുമാണ് പോട്ടർ പറഞ്ഞത്.

പിച്ചിലും പുറത്തും ശ്രദ്ധേയനായ താരമാണ് സിൽവയെന്നും കളിയിലുള്ള അദ്ദേഹത്തിന്റെ നിലവാരവും കളിയോട് കാട്ടുന്ന ബഹുമാനവും എടുത്തു പറയേണ്ടതാണെന്നും പോട്ടർ കൂട്ടിച്ചേർത്തു.

വിഷയത്തിൽ സിൽവ തന്റെ നലപാട് വ്യക്തമാക്കിയിട്ടില്ല. ഏത് ടീമിനോടൊപ്പം ചേരുമെന്നുള്ള വിവരം ലോകകപ്പിന് ശേഷം താരം വെളിപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

യുവേഫ ചാമ്പ്യൻസ് ലീഗിൽ ചെൽസി എ.സി മിലാനെ ഇന്ന് രാത്രി നേരിടും.

Content Highlights: Thiago Silva speaks about his future signing plans