കേരളത്തിന് തകർപ്പൻ ജയം, ദേശീയ ​ഗെയിംസിൽ കേരളം ഇനി ഫൈനലിൽ
Football
കേരളത്തിന് തകർപ്പൻ ജയം, ദേശീയ ​ഗെയിംസിൽ കേരളം ഇനി ഫൈനലിൽ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 11th October 2022, 8:52 am

ദേശീയ ഗെയിംസിൽ കേരളത്തിന് ഒരു മുന്നേറ്റം കൂടി. പുരുഷന്മാരുടെ ഫുട്ബോളിൽ കേരളം ഫൈനലിലെത്തി. കർണാടകയെ പരാജയപ്പെടുത്തിയാണ് ടീം കേരളയുടെ കുതിപ്പ്

ഇന്നലെ നടന്ന സെമി ഫൈനൽ മത്സരത്തിൽ കേരളം കർണാടകയെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി. കർണാടകക്കെതിരെ രണ്ടാം മിനിട്ടിൽ മുഹമ്മദ് ആഷിഖ് നേടിയ ഗോളിലൂടെ കേരളം മുന്നേറി. വലതുവിങ്ങിൽ ജെറീറ്റോ നൽകിയ പാസിലൂടെയാണ് ആഷിഖ് ഗോൾ നേടിയത്.

കേരളം ആദ്യ ഗോൾ വഴങ്ങിയ ശേഷം പന്തടക്കത്തിലും പാസിങ്ങിലും കർണാടകയാണ് മികച്ച് നിന്നത്. പല തവണ അവസരം ലഭിച്ച കർണാടക ചെറു പാസുകളിലൂടെ കേരള പ്രതിരോധത്തെ വിറപ്പിച്ചു.

ക്യാപ്റ്റൻ എഡ്വിൻ റൊസാരിയോ ആണ് മിഡ്‌ഫീൽഡിൽ കർണാടകയുടെ കളി മെനഞ്ഞത്.
മറുവശത്ത് ആദ്യ ഗോളിന് ശേഷം ആക്രമണത്തിൽ മൂർച്ച കൂട്ടാൻ കേരളത്തിനായില്ല. തുടർന്ന് പാസിങ്ങിലും പന്ത് പിടിച്ചെടുക്കുന്നതിലും കേരളത്തിന് പിഴച്ചു.

42-ാം മിനിറ്റിൽ കേരളത്തിനും ലീഡുയർത്താൻ അവസരം ലഭിച്ചു. എന്നാൽ വിഘ്നേഷിൻറെ ഗ്രൗണ്ടർ കർണാടക ഗോൾ കീപ്പർ ദീപക് തട്ടിയകറ്റി. പരിക്കേറ്റ ആഷിഖിന് പകരം ആദ്യ പകുതിക്ക് തൊട്ടുമുമ്പ് മുഹമ്മദ് പാറോക്കോട്ടിലിനെ കേരളം ഗ്രൗണ്ടിലിറക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കേരളത്തിന് ലീഡുയർത്താനായി. 54ാം മിനിറ്റിൽ മുഹമ്മദ് പാറോക്കോട്ടിലിൻറെ പാസിൽ നിന്ന് പി. അജീഷ് കേരളത്തിൻറെ രണ്ടാം ഗോൾ നേടി. രണ്ട് ഗോൾ വീണതോടെ ആദ്യ പകുതിയിലെ മികവ് പുറത്തെടുക്കാനാവാതിരുന്ന കർണാടകക്ക് കൂടുതൽ അവസരങ്ങളൊന്നും സൃഷ്ടിക്കാനായില്ല.

ഫൈനലിൽ ബം​ഗാളാണ് കേരളത്തിന്റെ എതിരാളി. സർവീസിനെ ഒരു ​ഗോളിന് തോൽപിച്ചാണ് ബം​ഗാൾ ഫൈനലിലെത്തിയത്. ഒക്ടോബർ 10നാണ് ഫൈനൽ.

Content Highlights: NationalGames 2022; Kerala through to final in men’s football