കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ ഇടപെടൽ വലിയ രൂപത്തിലാണ് സ്വീകരിക്കപ്പെട്ടത്. എന്നാൽ ചില കേന്ദ്രങ്ങൾ കാന്തപുരത്തിന്റെ ഹൂത്തി ബന്ധം അന്വേഷിക്കണമെന്ന ആവശ്യം ഉയർത്തിയിരുന്നു.
പക്ഷെ ഇത്തരം വാദങ്ങളും ഈ വിഷയത്തിലെ വസ്തുതകളും തമ്മിൽ യാതൊരു ബന്ധവുമില്ല. ആദ്യമായി നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി യെമൻ സർക്കാരുമായും ഹൂത്തി ഭരണകൂടവുമായി ബന്ധപ്പെടേണ്ടതില്ല.
പകരം കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദോ മഹ്ദിയുടെ കുടുംബത്തിന്റെ മാപ്പാണ് നിമിഷയുടെ മോചനത്തിനായി ആവശ്യമായുള്ളത്. അല്ലാത്തപക്ഷം അവർ ദയാധനം സ്വീകരിക്കാൻ തയ്യാറാകുകയോ ചെയ്യണം.
അതുകൊണ്ട് തന്നെ യെമനിലെ തരീമിൽ കഴിയുന്ന സൂഫി പണ്ഡിതൻ ഹബീബ് ഉമറിന് ഹൂത്തിയുമായി ബന്ധമുണ്ടാകാൻ വഴിയില്ല. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ നിർദേശത്തെ തുടർന്ന് യെമൻ പൗരന്റെ കുടുംബവുമായി ചർച്ച നടത്തുന്ന യെമനിലെ വ്യക്തിയാണ് ഹബീബ് ഉമർ.
എന്നാൽ ഇദ്ദേഹം കഴിയുന്ന തരീം എന്ന പ്രദേശം ഹൂത്തി ഭരണത്തിന്റെ നിയന്ത്രണത്തിലല്ല നിലനിൽക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള യെമൻ സർക്കാരിന്റെ കീഴിലാണ് തരീം.
ഇവിടെ തന്നെയാണ് ഹബീബ് ഉമറിന്റെ ദാറുൽ മുസ്തഫ പ്രവർത്തിക്കുന്നത്. ഇതിനേക്കാളുപരി യെമൻ സർക്കാരുമായി നല്ല ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.
അപ്പോൾ ഹൂത്തി സർക്കാരിനെ നിശിതമായി എതിർക്കുന്ന യെമൻ സർക്കാരിന് കീഴിൽ ജീവിക്കുന്ന ഹബീബ് ഉമറിന് ഹൂത്തികളുമായി ബന്ധമുണ്ടെന്ന് വാദിക്കാൻ കഴിയില്ല. കൂടാതെ ജോർദാൻ രാജാവുമായി അടുത്ത ബന്ധം പുലർത്തുന്നവർ കൂടിയാണ് ഹബീബ് ഉമറും കാന്തപുരം മുസ്‌ലിയാരും.
നിമിഷപ്രിയയുടെ വധശിക്ഷ അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചെന്ന ഉത്തരവ് പുറത്ത് വന്നതിനുപിന്നാലെ, കാന്തപുരം മുസ്‌ലിയാർ നടത്തിയ ഇടപെടലിൽ കേരള സമൂഹം ഒന്നായി അഭിനന്ദനം അറിയിച്ചിരുന്നു.
എന്നാൽ യുക്തിവാദി നേതാവ് ആരിഫ് ഹുസൈനെ പോലുള്ളവർ കാന്തപുരത്തിന്റെ ഇടപെടലിനെ പ്രതികൂലിച്ചും അദ്ദേഹത്തിന് ഹൂത്തികളുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാനും ശ്രമിച്ചുകൊണ്ടാണ് പ്രതികരിച്ചത്.
കാന്തപുരത്തിന്റെ ഹൂത്തി തീവ്രവാദ ബന്ധം ദുരൂഹമാണെന്നായിരുന്നു ആരിഫ് ഹുസൈന്റെ പ്രതികരണം.
Content Highlight: Kanthapuram has links with the Houthis? What are the facts?