100 വര്‍ഷംകൊണ്ട് പിളര്‍ന്നുണ്ടായത് 200ഓളം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍, 17 പാര്‍ട്ടികള്‍ വലതുപക്ഷത്ത്, ഒരു പാര്‍ട്ടി ബി.ജെ.പിയോടൊപ്പം
Discourse
100 വര്‍ഷംകൊണ്ട് പിളര്‍ന്നുണ്ടായത് 200ഓളം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍, 17 പാര്‍ട്ടികള്‍ വലതുപക്ഷത്ത്, ഒരു പാര്‍ട്ടി ബി.ജെ.പിയോടൊപ്പം
ഷഫീഖ് താമരശ്ശേരി
Wednesday, 21st October 2020, 12:14 pm

നൂറ് വര്‍ഷം പിന്നിടുന്ന ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം പിളര്‍പ്പുകളുടേത് കൂടിയാണ്. പ്രത്യയശാസ്ത്രപരമായ ഭിന്നതകളാല്‍ വിഘടിച്ചും പുതിയ ആശയങ്ങള്‍ക്ക് രൂപം നല്‍കിയും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം പല കാലങ്ങളിലായി പിളര്‍ന്ന് പിളര്‍ന്നുണ്ടായത് 200ഓളം പാര്‍ട്ടികളാണ്.

1920 ഒക്ടോബര്‍ 17 ന് താഷ്‌കന്റില്‍ വെച്ച് രൂപംകൊണ്ട ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയായി മാറുന്നത് 1925 ഡിസംബര്‍ 25 ന് കാണ്‍പൂരില്‍ വെച്ച് നടന്ന സമ്മേളനത്തിലാണ്. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായായിരുന്നു അന്ന് കമ്യൂണിറ്റ് പാര്‍ട്ടി നിലകൊണ്ടത്.

എന്നാല്‍ നാല്‍പ്പതുകള്‍ക്ക് ശേഷം കമ്മ്യൂണിസ്റ്റുകള്‍ പ്രത്യക്ഷത്തില്‍ തന്നെ കോണ്‍ഗ്രസ്സുമായി വിയോജിപ്പുകള്‍ നിലനിര്‍ത്തുകയും ഭിന്ന നിലപാടുകള്‍ പരസ്യമായി സ്വീകരിക്കുകയും ചെയ്തു തുടങ്ങി. ഇക്കാലത്ത് പാര്‍ട്ടിക്കുള്ളില്‍ രൂപംകൊണ്ട അഭിപ്രായ ഭിന്നതകള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യം കൊണ്ട് കൂടിയാണ് 1943ല്‍ ബോംബെയില്‍ വെച്ച് ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് സംഘടിപ്പിക്കപ്പെട്ടത്. അതോടെ കൃത്യമായ നയരേഖകളും പാര്‍ട്ടി പരിപാടികളും തയ്യാറാക്കപ്പെട്ടു.

എന്നാല്‍ 47 ലെ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം വീണ്ടും ആശയക്കുഴപ്പങ്ങള്‍ രൂപംകൊണ്ടു. നേരത്തെ ബ്രിട്ടനെതിരായ ഇന്ത്യന്‍ ജനതയുടെ സമരങ്ങളുടെ പക്ഷത്തായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി നിലയുറപ്പിച്ചതെങ്കില്‍ സ്വതന്ത്ര ഇന്ത്യയില്‍ ഏത് പക്ഷത്ത് നില്‍ക്കണമെന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയ്ക്കകത്ത് തര്‍ക്കങ്ങള്‍ രൂപം കൊണ്ടു.

നിലനിന്ന ആശയക്കുഴപ്പങ്ങള്‍ അവസാനിപ്പിച്ച് കൃത്യമായ നയപരിപാടികളുമായി മുന്നോട്ടു പോകുന്നതിനായി പിന്നീട് 1948 ല്‍ കല്‍ക്കത്തയില്‍ വെച്ച് രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സും സംഘടിപ്പിക്കപ്പെട്ടു. അതാണ് പിന്നീട് കല്‍ക്കത്ത തിസീസ് എന്നറിയപ്പെട്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് ഏറ്റവും രൂക്ഷമായ ആശയ ഭിന്നതകള്‍ രൂപം കൊള്ളുന്നത് അക്കാലത്തായിരുന്നു. സായുധ കലാപ പാതയിലേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി കൂടുതല്‍ നീങ്ങിയ കാലമായിരുന്നു അത്.

സ്വതന്ത്ര്യലബ്ധിയുടെ സമയത്ത് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പി.സി ജോഷി നെഹ്‌റു സര്‍ക്കാറിന് പിന്തുണയര്‍പ്പിച്ചതിനെ ബി.ടി രണദിവേയുടെ നേതൃത്വത്തിലുള്ള വിഭാഗം എതിര്‍ക്കുകയുണ്ടായി. രണദിവേ ഗ്രൂപ്പിന് പാര്‍ട്ടിയില്‍ മേല്‍ക്കൈ ലഭിച്ചു. അതോടെ കേന്ദ്ര സര്‍ക്കാറിനെതിരായ സമരങ്ങള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി തുടക്കം കുറിച്ചു.

പി.സി ജോഷി

കേന്ദ്ര ഭരണകൂടത്തില്‍ നിന്നും വലിയ അടിച്ചമര്‍ത്തലാണ് അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി നേരിട്ടത്. വെടിവെപ്പുകള്‍, ലാത്തിച്ചാര്‍ജ്, അറസ്റ്റ്, ജയിലിലടയ്ക്കല്‍ എന്നിവയ്ക്ക് പുറമെ രാജ്യദ്രോഹികള്‍ എന്ന പ്രതിച്ഛായയും. അക്കാലത്ത് നടന്ന രണ്ടായിരത്തോളം വെടിവെപ്പുകളില്‍ 3784 പേര്‍ കൊല്ലപ്പെടുകയും പതിനായിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നും അമ്പതിനായിരത്തിലധികം പേര്‍ ജയിലിലടയ്ക്കപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടി നയങ്ങളുമായി ബന്ധപ്പെട്ട് അന്ന് നിലനിന്നിരുന്ന ഭിന്നതകള്‍ അവസാനിപ്പിക്കുന്നതിനായി പിന്നീട് കേന്ദ്രകമ്മിറ്റിയിലെ അഞ്ചോളം അംഗങ്ങള്‍ റഷ്യയില്‍ ചെന്ന് സോവിയറ്റ് പാര്‍ട്ടിയുമായി ചര്‍ച്ച നടത്തുകയും സ്റ്റാലിനില്‍ നിന്നും നേരിട്ട് ഉപദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള വിപ്ലവപാതയും പാര്‍ട്ടി പരിപാടിയും ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്ന നിഗമനത്തിലാണ് അവര്‍ തിരിച്ചുവരുന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ 51 ലെ പുതിയ നയരേഖയില്‍ പാര്‍ട്ടി പാര്‍ലമെന്ററി ജനാധിപത്യപാത സ്വീകരിക്കുകയായിരുന്നു. 1951 ന്റെ അവസാനത്തിലും 52 ന്റെ തുടക്കത്തിലുമായി നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മത്സരിക്കുകയും മുഖ്യ പ്രതിപക്ഷമാവുകയും ചെയ്തു.

ബി.ടി രണദിവെ

അറുപതുകളില്‍ സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടായിരുന്ന ഭിന്നിപ്പുകള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും ബാധിച്ചിരുന്നു. പാര്‍ട്ടി തുടര്‍ന്നുപോന്ന ദേശീയ ജനാധിപത്യ രീതിയോടുള്ള വിയോജിപ്പ് പാര്‍ട്ടിയുടെ ഉള്ളില്‍ തന്നെ രൂക്ഷമായി ഉയര്‍ന്നുവന്നു. പാര്‍ട്ടി വലതുപക്ഷത്തേക്ക് നീങ്ങുകയാണെന്ന ആരോപണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെയുയര്‍ന്നു. ദേശീയ ജനാധിപത്യ രീതിയ്ക്ക് പകരം ചൈനീസ് വിപ്ലവ പാതയിലും ജനകീയ ജനാധിപത്യത്തിലും താത്പര്യം പുലര്‍ത്തിയ  32 പേര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വലതുപക്ഷ വ്യതിയാനത്തെ എതിര്‍ത്തുകൊണ്ട് 1964 ഏപ്രില്‍ 11 ലെ ദേശീയ കൗണ്‍സിലില്‍ നിന്നും ഇറങ്ങിപ്പോന്നു.

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിപ്ലവകരമായ പാരമ്പര്യം പിന്തുടരണമെന്ന് അവകാശപ്പെട്ട അവര്‍ ജൂലൈ 7 ന് ആന്ധ്രയിലെ തെനാലിയില്‍ യോഗം ചേര്‍ന്നു. പിന്നീട് കല്‍ക്കത്തയില്‍ വെച്ച് നടത്തിയ ഏഴാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വെച്ചാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് എന്ന പേരില്‍ സി.പി.ഐ.എം രൂപീകരിക്കപ്പെടുന്നത്. മറു വിഭാഗം സി.പി.ഐ എന്ന പേരില്‍ തന്നെ തുടരുകയും ചെയ്തു.

സി.പി.ഐ റഷ്യന്‍ പക്ഷക്കാരും സി.പി.ഐ.എം ചൈനീസ് പക്ഷക്കാരുമായി അറിയപ്പെട്ടു. 1964 ല്‍ നടന്ന ഈ പിളര്‍പ്പാണ് ഇന്ത്യയില്‍ രണ്ട് മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് രൂപം നല്‍കിയത്. 64 ലെ പിളര്‍പ്പോടുകൂടി അതുവരെ പാര്‍ലമന്റിലുണ്ടായിരുന്ന പ്രതിപക്ഷ നേതൃസ്ഥാനം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നഷ്ടമാവുകയായിരുന്നു.

പിളര്‍പ്പിന് ശേഷം ചൈനീസ് വിപ്ലവപാത സ്വീകരിച്ച് മുന്നോട്ടുപോകുമെന്ന് കരുതിയ സി.പി.ഐ.എം പതിയെ അതില്‍ നിന്നും പിന്തിരിഞ്ഞുതുടങ്ങിയ ഘട്ടത്തിലാണ് സായുധകലാപത്തിലും ജനകീയ വിപ്ലവത്തിലും വിശ്വസിച്ചിരുന്ന ഒരു വിഭാഗം ചാരു മജുംദാര്‍, കനു സന്യാല്‍, ജംഗല്‍ സാന്താല്‍ എന്നിവരുടെ മുന്‍കൈയില്‍ 1967 ല്‍ പശ്ചിമ ബംഗാളിലെ ഡാര്‍ജലിംഗ് ജില്ലയിലുള്ള നക്‌സര്‍ബാരി എന്ന ഗ്രാമത്തില്‍ കര്‍ഷകരെ സംഘടിപ്പിച്ചുകൊണ്ട് ജന്മിമാര്‍ക്കെതിരെ സായുധ കാലാപം നടത്തി ഭൂമി പിടിച്ചെടുക്കുന്നത്.

കനു സന്യാല്‍, ജംഗല്‍ സാന്താല്‍, ചാരു മജുംദാര്‍

നക്‌സല്‍ബാരി കലാപം മുന്നോട്ടുവെച്ച വിപ്ലവപാതയില്‍ ആകൃഷ്ടരായി സായുധസമരമാര്‍ഗത്തിലേക്ക് നീങ്ങിയ കമ്യൂണിസ്റ്റ് വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ടാണ് 1969 ല്‍ ചാരു മജുംദാറിന്റെ മുന്‍കൈയില്‍ സി.പി.ഐ എം.എല്‍ രൂപീകരിക്കപ്പെടുന്നത്. 1972 ല്‍ ചാരു മജുംദാര്‍ മരണപ്പെട്ടതിന് ശേഷം എം.എല്‍ പ്രസ്ഥാനം വിവിധ ഘട്ടങ്ങളിലായി പിളര്‍ന്ന് വീണ്ടും അനേകം ഗ്രൂപ്പുകളായി മാറി. ഇതില്‍ ചില വിഭാഗങ്ങള്‍ പിന്നീട് പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് കടന്നുവന്നു. മറ്റു ചില പ്രസ്ഥാനങ്ങള്‍ ഗറില്ലാ സമരപാതയിലേക്ക് നീങ്ങുകയും വിമോചിത പ്രദേശങ്ങള്‍ രൂപീകരിച്ചുകൊണ്ട് ഭരണകൂടവുമായി നേരിട്ട് യുദ്ധത്തിലേര്‍പ്പെടുകയും ചെയ്തു.

സി.പി.ഐ.എം.എല്‍ ലിബറേഷന്‍, സി.പി.ഐ.എം എല്‍ പീപ്പിള്‍സ് വാര്‍, മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍, സി.പി.ഐ മാവോയിസ്റ്റ്, സി.പി.ഐ.എം.എല്‍ നക്‌സല്‍ബാരി, സി.ആര്‍.സി സി.പി.ഐ.എം.എല്‍, സി.പി.ഐ.എം എല്‍ റെഡ്സ്റ്റാര്‍, സി.പി.ഐ.എം എല്‍ റെഡ്ഫളാഗ്, തുടങ്ങിയ പാര്‍ട്ടികളാണ് എം.എല്‍ പ്രസ്ഥാനങ്ങള്‍ വിഘടിച്ച് രൂപം കൊണ്ടത്. ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ സമാന്തരമായ സൈന്യത്തെ അണി നിരത്തി പോരാടുന്ന, ഇന്ത്യയുടെ ചുവപ്പന്‍ ഇടനാഴികളിലെ മാവോയിസ്റ്റ് പ്രസ്ഥാനം എം.എല്‍ സംഘടനകളുടെ പിളര്‍പ്പുകളില്‍ നിന്നും രൂപംകൊണ്ട് സൈനികമായി സംഘടിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്.

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമില്ലാതെ തന്നെ നാല്‍പതുകളില്‍ രൂപം കൊണ്ട കമ്യൂണിസ്റ്റ് പര്‍ട്ടികളായ എസ്.യു.സി.ഐ, ആര്‍.എസ്.പി എന്നിവയും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്നും വിഘടിച്ച് സുഭാഷ് ചന്ദ്ര ബോസ് രൂപീകരിച്ച ആള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്കും ഇന്ത്യയിലെ പ്രധാന കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പെടുന്നവയാണ്. സി.പി.ഐ.എമ്മില്‍ നിന്നും പല കാലങ്ങളിലായി വിഘടിച്ച് രൂപം കൊണ്ട അനേകം ചെറു കമ്യൂണിസ്റ്റ് ഗ്രൂപ്പുകളും ഇന്ത്യയിലുണ്ട്. കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (സി.എം.പി), മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി (എം.സി.പി), റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍.എം.പി), ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) എന്നിവയെല്ലാം ഇവയില്‍ പെടുന്നതാണ്.

പേരുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയായി നിലനില്‍ക്കുകയും എന്നാല്‍ വലതുപക്ഷ സഖ്യങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന 17 ഓളം കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഇന്ത്യയിലുണ്ട്. ഡാര്‍ജിലിങ്ങിലെ ഏതാനും സി.പി.എം വിമതര്‍ ചേര്‍ന്ന് 1996 ല്‍ രൂപീകരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് എന്ന പാര്‍ട്ടി നിലവില്‍ ബി.ജെ.പി യോടൊപ്പം ചേര്‍ന്ന് എന്‍.ഡി.എയില്‍ പ്രവര്‍ത്തിക്കുന്നു എന്നതും കൗതുകകരമാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 Content Highlight: History of Indian Communist Party Splits
ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍