ബാജി റൗതിനെ അറിയുമോ? ബ്രിട്ടീഷുകാരോട് പൊരുതി 12ാം വയസ്സില്‍ രക്തസാക്ഷിയായ ആദിവാസി ബാലന്‍
Discourse
ബാജി റൗതിനെ അറിയുമോ? ബ്രിട്ടീഷുകാരോട് പൊരുതി 12ാം വയസ്സില്‍ രക്തസാക്ഷിയായ ആദിവാസി ബാലന്‍
കെ. സഹദേവന്‍
Wednesday, 14th October 2020, 3:49 pm

ഇന്ന് ബാജി റൗതിന്റെ രക്തസാക്ഷിത്വ ദിനമാണ്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ആരെന്നത് നമ്മളിതുവരെ കേട്ടിട്ടില്ലല്ലോ?
ഇല്ല, കേള്‍ക്കില്ല. കാരണം ലളിതമാണ്. അദ്ദേഹം ഒരു ആദിവാസിയാണ്. എവിടെയാണ് ബാജിറാവുവിന്റെ ജന്മസ്ഥലം?
ഒഡീഷയിലെ ഡെങ്കനാല്‍ ജില്ലയിലെ നീലകണ്ഠപൂര്‍. ഏപ്പോഴാണ് അദ്ദേഹം രക്തസാക്ഷിയായത്?
പന്ത്രണ്ടാമത്തെ വയസ്സില്‍. പന്ത്രണ്ടാമത്തെ വയസ്സില്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തെന്നോ?
എന്താണദ്ദേഹം ചെയ്തത്?

സ്വാതന്ത്ര സമരസേനാനികളെ അറസ്റ്റ് ചെയ്യാനെത്തിയ ബ്രിട്ടീഷ് സൈന്യത്തെ തോണികടത്താന്‍ വിസമ്മതിച്ചു എന്നതായിരുന്നു ബാജി റൗതിന്റെ കുറ്റം. പോലീസുകാരുടെ ഭീഷണികള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും വശംവദനാകാതെ തന്റെ നിലപാടില്‍ ഉറച്ചു നിന്നു ബാജിറൗത്. ഒടുവില്‍ പോലീസുകാരന്റെ ബയണറ്റിന്റെ അടിയേറ്റ് അദ്ദേഹം അവശനായി വീണു. വീഴുന്നതിനിടയിലും പോലീസുകാരനെ തന്റെ കയ്യിലുള്ള കത്തികൊണ്ട് ആക്രമിക്കാന്‍ മടിച്ചില്ല ബാജി. ഈ സമയത്തിനിടയില്‍ ബഹളം വെച്ച് ആളെ കൂട്ടുകയും സ്വാതന്ത്ര സമര സേനാനികളെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തു കൊച്ചു ബാജി റൗത്. ബാജി റൗതിന്റെ മൃതദേഹം ആയിരക്കണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തിലായിരുന്നു അന്ന് സംസ്‌കരിച്ചത്. 1938 ഒക്ടോബര്‍ 11ന് ആയിരുന്നു ആ സംഭവം.

ആദിവാസികളുടെ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭവും ബാജി റൗതിന്റെ ജീവിതവും

വളരെ ചെറുപ്രായത്തില്‍ തന്നെ അച്ഛന്‍ നഷ്ടപ്പെട്ട ബാജി റൗതിനെ അമ്മ ജോലി ചെയ്താണ് വളര്‍ത്തിയത്. അമ്മയുടെ കഷ്ടതകള്‍ കണ്ട ബാജി റൗത് ബ്രാഹ്മിണി നദിയില്‍ തോണി തുഴയുന്ന ജോലി ഏറ്റെടുത്തു. ഡെങ്കനാല്‍ രാജാവായ ശങ്കര്‍പ്രതാപ് സിംഗ് ദിയോവിന്റെ ക്രൂരതകള്‍ നിറഞ്ഞ ചെയ്തികള്‍ കണ്ടുകൊണ്ടായിരുന്നു ബാജി റൗത് വളര്‍ന്നത്. ദരിദ്രരായ ആദിവാസികളെയും ഗ്രാമീണരെയും നികുതി ചുമത്തിയും മറ്റും കഷ്ടപ്പെടുത്തുന്നത് രാജാവിന്റെ രീതിയായിരുന്നു.

തന്റെ സൈനിക ചെലവുകള്‍ നികത്തുന്നതിന് രാജാവ് ജനങ്ങളുടെ മേല്‍ നിരന്തരം നികുതികള്‍ ഏര്‍പ്പെടുത്തിക്കൊണ്ടേയിരുന്നു. വൈഷ്ണവ് ചരണ്‍ പട്‌നായ്കിന്റെ മുന്‍കൈയ്യില്‍ രാജാവിന്റെ ദുര്‍ഭരണത്തിനെതിരായി ചെറുത്തുനില്‍പുകള്‍ ആരംഭിച്ച കാലമായിരുന്നു അത്. അദ്ദേഹം സ്ഥാപിച്ച ‘പ്രജാമണ്ഡല’യില്‍ ബാജി റൗത് ചെറുപ്രായത്തില്‍ തന്നെ പങ്കെടുത്തു. ഹരമോഹന്‍ പട്‌നായ്കിന്റെ ‘പ്രജാമണ്ഡല ആന്ദോളനും’ രാജഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചിരുന്നു.

വിപ്ലവ പ്രസിദ്ധീകരണമായ ‘ദ കൃഷക’യും മറ്റും അന്ന് ഡെങ്കനാല്‍ ഭാഗത്ത് വിതരണം ചെയ്യപ്പെട്ടിരുന്നു. രാജഭരണത്തിനെതിരായി പ്രതിഷേധങ്ങള്‍ ശക്തമാകാന്‍ തുടങ്ങിയതോടെ, ബൊലാംഗീര്‍, കലഹന്ദി എന്നീ അയല്‍ രാജ്യങ്ങളിലെ രാജാക്കന്മാര്‍ ശങ്കര്‍പ്രതാപിന്റെ സഹായത്തിനെത്തുകയും ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ആരംഭിക്കുകയും ചെയ്തു.

കേവുഞ്ജാര്‍ രാജാവ് തന്റെ സൈന്യത്തെ നല്‍കിക്കൊണ്ട് ഡെങ്കനാല്‍ രാജാവിന് തുണയേകി. ബ്രിട്ടീഷ് ഭരണകൂടവും 200ഓളം വരുന്ന കല്‍ക്കത്ത പ്ലാറ്റൂണിനെ ഡെങ്കനാലിലേക്ക് അയച്ചു. പുറത്തുനിന്ന് എത്തിയ സൈന്യത്തെ പരിചരിക്കുന്നതിനായി ശങ്കര്‍പ്രസാദ് ജനങ്ങളുടെ മേല്‍ പുതിയൊരു നികുതി കൂടി ഏര്‍പ്പെടുത്തി. ‘രാജഭക്ത ടാക്‌സ്’ എന്ന പേരിലായിരുന്നു പുതിയ നികുതി. നികുതി നല്‍കാന്‍ തയ്യാറാകാത്തവരെ ദേശദ്രോഹിയായി മുദ്രകുത്തുമെന്നും രാജ്യത്തുനിന്ന് പുറത്താക്കുമെന്നും രാജാവ് പ്രഖ്യാപിച്ചു. ടാക്‌സ് നല്‍കാതിരുന്നവരുടെ വീടുകള്‍ ആനകളെ ഉപയോഗിച്ച് തകര്‍ക്കുകയും അവരുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തു. എന്നാല്‍ ഇതുകൊണ്ടൊന്നും ജനകീയ പ്രക്ഷോഭത്തെ തകര്‍ക്കാന്‍ ബ്രിട്ടീഷ് സൈന്യത്തിനും രാജാവിനും സാധിച്ചിരുന്നില്ല.

കെ.സഹദേവന്‍ രചിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും ആദിവാസികളും എന്ന പുസ്തകം

1938 സെപ്തംബര്‍ 22ന് പ്രക്ഷോഭ നേതാക്കളായ ഹരമോഹന്‍ പട്‌നായ്കിനെയും കൂട്ടാളികളെയും ഭുവനില്‍ വെച്ച് റെയ്ഡിലൂടെ അറസ്റ്റു ചെയ്യുകയുണ്ടായി. മറ്റൊരു നേതാവ് വൈഷ്ണവ് പട്‌നായ്കിനെ പിടികൂടാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. ബൈഷ്ണവിനെ തിരഞ്ഞെത്തിയ സൈന്യം ഗ്രാമങ്ങളില്‍ വെടിവെപ്പ് നടത്തിയും വീടുകള്‍ തകര്‍ത്തും ഭീകരത സൃഷ്ടിച്ചു. എങ്കില്‍പ്പോലും ബൈഷ്ണവിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ഭുവനിലെ ജനങ്ങള്‍ തയ്യാറായില്ല. ഇതിനിടയില്‍ ബൈഷ്ണവ് പട്‌നായ്ക് ബ്രാഹ്മണി നദിയില്‍ ചാടി രക്ഷപ്പെട്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അങ്ങോട്ടേക്ക് പുറപ്പെടാന്‍ തയ്യാറായ സൈന്യത്തെ ജനങ്ങള്‍ തടഞ്ഞു. സൈന്യം ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയും രണ്ട് ആദിവാസികള്‍ തല്‍ക്ഷണം മരണപ്പെടുകയും ചെയ്തു.

ബ്രാഹ്മണി നദിയില്‍ തോണി തുഴച്ചില്‍ നടത്തിയിരുന്നത് ബാജി റൗത് ആയിരുന്നു. തങ്ങളെ അക്കരയിലേക്ക് കടത്താന്‍ സൈന്യം ആവശ്യപ്പെട്ടു. എന്നാല്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ ക്രൂരതകള്‍ കേട്ടുവളര്‍ന്ന ബാജി റൗത് അതിന് തയ്യാറായില്ല. അനുസരിച്ചില്ലെങ്കില്‍ വെടിവെച്ചിടുമെന്ന ഭീഷണിക്ക് മുന്നില്‍ പോലും ആ ബാലന്‍ ചൂളിയില്ല. ഭുവനില്‍ സൈന്യം നടത്തിയ താണ്ഡവത്തെക്കുറിച്ച് ഇതിനകം തന്നെ ബാജി റൗത് അറിഞ്ഞിരുന്നു. സൈന്യം മറുകര കടന്നാല്‍ ബൈഷ്ണവ് പട്‌നായ്കിനെ പിടികൂടുമെന്ന് ബോദ്ധ്യപ്പെട്ട ബാജി റൗത് മരണത്തെപ്പോലും വെല്ലുവിളിച്ചുകൊണ്ട് തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു.

ഒരു സൈനികന്‍ തോക്കിന്റെ പാത്തികൊണ്ട് ആ പിഞ്ചുബാലന്റെ തലക്കടിച്ചു. അവന്‍ തോണിയില്‍ വീണെങ്കിലും വീണ്ടും എഴുന്നേറ്റു. കയ്യില്‍ കിട്ടിയ ആയുധം കൊണ്ട് സാധ്യമായത്ര ശക്തിയെടുത്ത് ഓഫീസറെ ആക്രമിക്കുകയും ശബ്ദം കൂട്ടി ആളുകളെ വിളിച്ചുവരുത്തുകയും ചെയ്തു. ഒരിക്കല്‍ കൂടി തോക്കിന്റെ പാത്തികൊണ്ടുള്ള അടിയേറ്റ് ബാജി റൗത് ബോധശൂന്യനായി നിലംപൊത്തി. മറ്റൊരാള്‍ അവന് നേര്‍ക്ക് വെടിയുതിര്‍ത്തു.

കണ്ടുനിന്ന മറ്റൊരാള്‍ ഗ്രാമീണരെ വിവരമറിയിക്കുകയും നൂറുകണക്കിന് ആളുകള്‍ സൈനികരെ ആക്രമിക്കാനായി എത്തുകയും ചെയ്തു. പരിഭ്രമിച്ച സൈനികര്‍ വൈഷ്ണവ് പട്‌നായ്കിനെ കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിച്ച് അവിടെ നിന്നും പലായനം ചെയ്തു. പലായനത്തിനിടയില്‍ അവര്‍ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും നാലോളം പേര്‍ മരണപ്പെടുകയും ചെയ്തു.

വൈഷ്ണവ് പട്‌നായ്ക് ബാജി റൗതിന്റെ മൃതദേഹം കട്ടക്കിലേക്ക് കൊണ്ടുപോയി. വാര്‍ത്ത കേട്ടറിഞ്ഞ് ആയിരക്കണക്കിന് ജനങ്ങള്‍ കട്ടക് റെയില്‍വേ സ്റ്റേഷനില്‍ ധീരനായ ആ ആദിവാസി ബാലനെ കാണാനായെത്തി. ശാരങ്ഗ ദാസ്, നബകൃഷ്ണ ചൗധരി, ഭഗബതി പാണിഗ്രാഹി, സുധീര്‍ ഘോഷ് തുടങ്ങിയ പ്രമുഖരായ ആളുകള്‍ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി കട്ടക് മെഡിക്കലില്‍ എത്തിയിരുന്നു. ബാജി റൗതിന്റെയും മറ്റ് നാലുപേരുടെയും ശരീരം ഖാന്‍നഗര്‍ ശ്മശാനത്തിലേക്ക് വിലാപയാത്രയായി കൊണ്ടുപോകുവാന്‍ നേതാക്കള്‍ തീരുമാനിച്ചു.


ചരിത്രത്തില്‍ മുമ്പും ശേഷവും ഇല്ലാത്ത ഒരു കാഴ്ചയാണ് അവിടെ അന്ന് സംഭവിച്ചത്. ബാജി റൗതിന്റെ ഭൗതിക ദേഹം തങ്ങളുടെ കാളവണ്ടിയില്‍ കയറ്റാന്‍ ജനങ്ങള്‍ സ്വയം മുന്നോട്ടുവന്നു. കാളവണ്ടിയില്‍ മൃതദേഹം കയറ്റുവാന്‍ അന്നും പിന്നീടും ആളുകള്‍ തയ്യാറായിരുന്നില്ല. നാടിന്റെ വീരപുത്രനെ അവസാനയാത്രയക്കാന്‍ എല്ലാ ആചാര വിശ്വാസങ്ങളും ലംഘിക്കാന്‍ ജനങ്ങള്‍ തയ്യാറായിരുന്നു. ബാജി റൗതിന്റ ചിതകത്തിയെരിയുമ്പോള്‍ അവിടെ കൂടെയിരുന്ന ജനങ്ങള്‍ക്ക് മുമ്പില്‍ പ്രമുഖ ഒറിയ കവി സചി റൗട്‌റേ ചൊല്ലി…

‘നുഹേന്‍ ബന്ധു, നുഹേന്‍ ഏ ചിത
ഏ ദേശ തിമിര തലേ, ഏ ആലിബ മുക്തി സലിത’
(ചങ്ങാതീ, ഇതൊരു ചിതയല്ല. രാഷ്ട്രം നിരാശയുടെ അന്ധകാരത്തില്‍ പെട്ടുഴലുമ്പോള്‍ ഇത് സ്വാതന്ത്ര്യ ദീപമാണ്. ഇത് നമ്മുടെ സ്വാതന്ത്ര ജ്വാലയാണ്)

കെ.സഹദേവന്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും ആദിവാസികളും എന്ന പുസ്‌തകത്തിന് കടപ്പാട്

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Baji Rout, The youngest Martyr in Indian Freedom Struggle

കെ. സഹദേവന്‍
പരിസ്ഥിതി ആണവ വിരുദ്ധ പ്രവര്‍ത്തകന്‍. എഴുത്തുകാരന്‍, ഇന്ത്യയിലെ വിവിധ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി പ്രവര്‍ത്തിച്ചുവരുന്നു. പരിസ്ഥിതി, വികസനം, ഊര്‍ജ്ജം, പരിസ്ഥിതി സമ്പദ്ശാസ്ത്രം, കാര്‍ഷിക മേഖല, വര്‍ഗ്ഗീയത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ആനുകാലികങ്ങളില്‍ എഴുതുന്നു.