എന്‍റെ ഹിന്ദുമതത്തിനു ഹിന്ദുത്വയുമായി ബന്ധമില്ല; ഹിന്ദുത്വയുടെ തുടക്കം സവര്‍ക്കറിലൂടെയെന്ന് ദിഗ്‌വിജയ് സിംഗ്‌
national news
എന്‍റെ ഹിന്ദുമതത്തിനു ഹിന്ദുത്വയുമായി ബന്ധമില്ല; ഹിന്ദുത്വയുടെ തുടക്കം സവര്‍ക്കറിലൂടെയെന്ന് ദിഗ്‌വിജയ് സിംഗ്‌
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th June 2018, 12:46 pm

ന്യൂദല്‍ഹി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ആശയങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും സംഘട്ടനരംഗങ്ങളായിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് ആചാര്യന്‍ ദിഗ്‌വിജയ് സിംഗ്. ഹിന്ദുത്വയും ഹിന്ദുമതവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ആജ് തകിനു നല്‍കിയ അഭിമുഖത്തില്‍ മുന്‍ കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ്സിന്റെ ഇലക്ഷന്‍ തയ്യാറെടുപ്പുകളെക്കുറിച്ചും തിരിച്ചുവരവിന്റെ സാധ്യതകളെക്കുറിച്ചും സംസാരിച്ച സുദീര്‍ഘമായ അഭിമുഖത്തില്‍, മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും കോണ്‍ഗ്രസ്സ് തൂത്തുവാരുമെന്ന് ദിഗ്‌വിജയ് സിംഗ് ഉറപ്പിച്ചു പറഞ്ഞു.

താന്‍ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഗുരുവാണെന്ന പരാമര്‍ശം സിംഗ് പാടേ നിഷേധിച്ചു. “ഞാന്‍ രാഹുലിന്റെ രാഷ്ട്രീയ ഗുരുവല്ല. അദ്ദേഹത്തിന് അങ്ങിനെയൊരാളെ ആവശ്യവുമില്ല.” സിംഗ് ആജ് തകിനോടു പറഞ്ഞു.

സജീവ രാഷ്ട്രീയത്തില്‍ നിന്നും സ്വയം സ്വീകരിച്ചിട്ടുള്ള ഇടവേളയെക്കുറിച്ചുള്ള ചോദ്യത്തിനും കൃത്യമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്. “രാഷ്ട്രീയജീവിതത്തില്‍ നിന്നും പത്തു വര്‍ഷത്തെ ഇടവേളയിലായിരുന്നു. 2014 വരെ തെരഞ്ഞെടുപ്പുകളിലൊന്നും മത്സരിച്ചിരുന്നില്ല, സര്‍ക്കാരുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തിരുന്നുമില്ല. എന്നാല്‍, പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. മധ്യപ്രദേശിനു പുറത്തുനിന്നും മത്സരിക്കാന്‍ ഞാന്‍ തയ്യാറുമാണ്.” ദിഗ് വിജയ് സിംഗ് പറയുന്നു.


Also Read: മതം ചോദിച്ച പാസ്‌പോര്‍ട്ട് ഓഫീസറെ സ്ഥലം മാറ്റിയ സംഭവം: ബി.ജെ.പി വെട്ടുകിളിക്കൂട്ടം സുഷമാ സ്വരാജിനെതിരെയും


ഹിന്ദു തീവ്രവാദത്തെക്കുറിച്ചുള്ള നിലപാടുകളും സിംഗ് മാധ്യമങ്ങളോടു വ്യക്തമാക്കി. “ഹിന്ദുത്വ എന്ന പദം സവര്‍ക്കറുടേതാണ്‌. അതിന് ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ല. ഞാന്‍ സനാതന ധര്‍മം പിന്തുടരുന്ന ഒരു ഹിന്ദുമത വിശ്വാസിയാണ്. എന്റെ മതം രാഷ്ട്രീയ പ്രചരണങ്ങള്‍ക്കുള്ളതല്ല. വോട്ടിരക്കാന്‍ വേണ്ടിയുള്ളതുമല്ല.”

“എന്റെ മതത്തെ ഞാന്‍ രാഷ്ട്രീയവല്‍ക്കരിക്കാറില്ല. അതെനിക്ക് തീര്‍ത്തും വ്യക്തിപരമായ വിഷയമാണ്. ഹിന്ദുവായ എനിക്ക് എങ്ങനെ ഹിന്ദു തീവ്രവാദമെന്ന പദം ഉപയോഗിക്കാന്‍ സാധിക്കും? സിമിയും ബജ്രംഗ് ദളും പോലുള്ള സംഘടനകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട ആദ്യത്തെ മുഖ്യമന്ത്രിയും ഞാനാണ്.” സിംഗ് പറഞ്ഞു.

രാജ്യത്തെ ജനസംഖ്യയുടെ 95 ശതമാനം വരുന്ന ഹിന്ദുക്കളെ സംഘപരിവാര്‍ പ്രതിനിധീകരിക്കുന്നില്ലെന്നും സിംഗ് പറയുന്നു. ” എത്ര ഹിന്ദുക്കള്‍ ആര്‍.എസ്.എസ് അംഗങ്ങളായുണ്ട്? യഥാര്‍ത്ഥത്തില്‍ ആര്‍.എസ്.എസ്. എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത സംഘടന നിലവിലില്ല. രജിസ്റ്റര്‍ ചെയ്യപ്പെട്ട അംഗങ്ങള്‍ പോലുമില്ലാത്ത ഒരു സംഘടനയെക്കുറിച്ച് നിങ്ങളെന്തിനാണ് വേവലാതിപ്പെടുന്നത്?” ദിഗ്‌വിജയ് സിംഗ് ചോദിക്കുന്നു.


Also Read“ലോണ്‍ തരണമെങ്കില്‍ ലൈംഗിക ബന്ധത്തില്‍ എര്‍പ്പെടണം”; കര്‍ഷകന്റെ ഭാര്യയോട് ഫോണില്‍ അശ്ലീല സംഭാഷണം നടത്തി സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍


സനാതന ധര്‍മത്തെ തെറ്റായരീതിയില്‍ ചിത്രീകരിക്കുന്നതിനാലാണ് താന്‍ ഹിന്ദുത്വയെ എതിര്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നതാണ് കോണ്‍ഗ്രസ്സിന്റെ പാരമ്പര്യമെന്നായിരുന്നു സിംഗിന്റെ പ്രതികരണം. “രാഹുല്‍ മാത്രല്ല, സോണിയ, ഇന്ദിര, നെഹ്രു, മോത്തിലാല്‍ എന്നിവരും ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. മഹാത്മാ ഗാന്ധിയുടെ “രാം ധുന്‍” ആര്‍.എസ്.എസിനു മരണമണിയായിരുന്നു. ഈ വീക്ഷണങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു.”

മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിനാകട്ടെ, പാര്‍ലമെന്ററി ജനാധിപത്യത്തിലൂന്നിയ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കണമെന്നു നിര്‍ബന്ധമില്ലെന്നായിരുന്നു ഉത്തരം.

“ഞാന്‍ തികഞ്ഞ ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനാണ്. എന്റെ അനുഭാവം കോണ്‍ഗ്രസ്സ് പാര്‍ട്ടിയോടും നെഹ്രു കുടുംബത്തോടുമാണ്. അവരാവശ്യപ്പെടുന്നത് ഞാന്‍ ചെയ്യും. “മോദി എന്ന ബ്രാന്‍ഡ് ക്ഷയിച്ചുതുടങ്ങുകയാണെന്നും സിംഗ് പറയുന്നുണ്ട്. “അദ്വാനിയുടെ ഭാഗത്തേക്കു പോലും മോദി ശ്രദ്ധിക്കുന്നില്ല. അരുണ്‍ ഷൂരി, തൊഗാഡിയ എന്നിവരാണ് അദ്ദേഹത്തെ വളര്‍ത്തിക്കൊണ്ടു വന്നത്.”


Also Read: കാശ്മീര്‍ പണ്ഡിറ്റുകളുടെ കൂട്ടപലായനത്തിന് കാരണം ഗവര്‍ണര്‍ ജഗ്‌മോഹന്‍ സിംഗ്; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിയാഫുദ്ദിന്‍ സോസ്


ബി.ജെ.പിക്കെതിരെ വിശാല സഖ്യത്തിന്റെ ആവശ്യം വരികയില്ലെന്നും ദിഗ്‌വിജയ് സിംഗ് പ്രസ്താവിച്ചു “ഗാന്ധിയുടെയും നെഹ്രുവിന്റെയുമാണ് ഒരു പ്രത്യയശാസ്ത്രം, ഗോള്‍വാള്‍ക്കറുടേയും ഗോഡ്‌സേയുടെയുമാണ് മറ്റേത്. ഇതിലൊന്നാണ് തെരഞ്ഞെടുക്കേണ്ടത്. ഏറ്റുമുട്ടുക ആശയങ്ങളാണ്, വ്യക്തികളല്ല. 2004ല്‍ സഖ്യമില്ലാതെയാണ് ഭരണം പിടിച്ചത്. ഇത്തവണയും വിജയിക്കുക തന്നെ ചെയ്യും.”

മധ്യപ്രദേശ് തെരഞ്ഞെടുപ്പു കമ്മീഷന്റെ ചെയര്‍മാന്‍ കൂടിയാണ് ദിഗ് വിജയ് സിംഗ്.