'ലോണ്‍ തരണമെങ്കില്‍ ലൈംഗിക ബന്ധത്തില്‍ എര്‍പ്പെടണം'; കര്‍ഷകന്റെ ഭാര്യയോട് ഫോണില്‍ അശ്ലീല സംഭാഷണം നടത്തി സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍
Women Abuse
'ലോണ്‍ തരണമെങ്കില്‍ ലൈംഗിക ബന്ധത്തില്‍ എര്‍പ്പെടണം'; കര്‍ഷകന്റെ ഭാര്യയോട് ഫോണില്‍ അശ്ലീല സംഭാഷണം നടത്തി സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th June 2018, 11:47 am

മുബൈ: കാര്‍ഷിക ലോണ്‍ തരണമെങ്കില്‍ തന്റെ ലൈംഗികാവശ്യങ്ങള്‍ക്ക് വഴങ്ങിത്തരണമെന്ന് കര്‍ഷകന്റെ ഭാര്യയോട് ബാങ്ക് മാനേജര്‍. മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയിലെ സെന്‍ട്രല്‍ ബാങ്ക് മാനേജരാണ് വായ്പയ്ക്കായെത്തിയ കര്‍ഷകന്റെ ഭാര്യയോട് മോശമായി പെരുമാറിയത്.

അശ്ലീല പരാമര്‍ശം നടത്തിയ ബാങ്ക് മാനേജര്‍ രാജേഷ് ഹിവാസെയും സംഭവത്തിന് കൂട്ടുനിന്ന  പ്യൂണ്‍ മനോജ് ചവാനും ഇപ്പോള്‍ ഒളിവിലാണ്. കര്‍ഷകന്റെ ഭാര്യയുടെ പരാതിയില്‍ പൊലീസ് ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് കാര്‍ഷിക വായ്പയ്ക്കായി ബുല്‍ദാന സ്വദേശിയായ കര്‍ഷകന്‍ ബാങ്കിലെത്തിയത്. ലോണിനായുള്ള അപേക്ഷ സമര്‍പ്പിച്ച ശേഷം വിശദമായ പരിശോധനയ്ക്ക് ശേഷം വായ്പ നല്‍കാമെന്നും കോണ്‍ടാക്ട് നമ്പര്‍ നല്‍കണമെന്നും മാനേജര്‍ രാജേഷ് ആവശ്യപ്പെട്ടു.


ALSO READ: കാശ്മീര്‍ പണ്ഡിറ്റുകളുടെ കൂട്ടപലായനത്തിന് കാരണം ഗവര്‍ണര്‍ ജഗ്‌മോഹന്‍ സിംഗ്; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിയാഫുദ്ദിന്‍ സോസ്


കര്‍ഷകന്‍ തന്റെ ഭാര്യയുടെ നമ്പരാണ് ബാങ്കിന്റെ ആവശ്യങ്ങള്‍ക്ക് വിളിക്കാനായി നല്‍കിയത്. എന്നാല്‍ പിന്നീട് ഭാര്യയുടെ നമ്പറിലേക്ക് മാനേജര്‍ ആവശ്യമില്ലാതെ വിളിച്ചുകൊണ്ടിരുന്നുവെന്നും, ഫോണിലൂടെ അശ്ലീലഭാഷയില്‍ സംസാരിച്ചുവെന്നും കര്‍ഷകന്റെ പരാതിയില്‍ പറയുന്നു.

വായ്പ വേണമെങ്കില്‍ തന്റെ കൂടെ ഒരു ദിവസം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്നും എന്നാല്‍ ലോണിനുള്ള കാര്യങ്ങള്‍ വേഗം ശരിയാക്കിത്തരാമെന്നും മാനേജര്‍ പറഞ്ഞു. പിന്നീട് തന്റെ പ്യൂണായ മനോജ് ചവാനെ കര്‍ഷകന്റെ വീട്ടിലേക്ക് വിട്ട് ഇയാള്‍ തന്റെ ആവശ്യം അറിയിച്ചു.

മാനേജരുടെ ആവശ്യം നിറവേറ്റിയാല്‍ ഇപ്പോള്‍ തരുന്ന ലോണിനോടൊപ്പം അധികം തുക നല്‍കുമെന്നും വേറൊരു ലോണ്‍ കൂടി വേണമെങ്കില്‍ ശരിയാക്കി തരാമെന്നും ഇയാള്‍ പറഞ്ഞതായി പരാതിയില്‍ പറയുന്നു.


ALSO READ: കഞ്ചിക്കോട് ഫാക്ടറി ഉപേക്ഷിക്കരുത്; ആവശ്യവുമായി വി.എസ് അച്യുതാനന്ദന്‍ റെയില്‍വേ മന്ത്രിയുടെ അടുത്ത്


പിന്നീട് മാനേജര്‍ ഫോണിലൂടെ ഇത്തരത്തില്‍ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. സഹികെട്ടതിനെത്തുടര്‍ന്ന് കര്‍ഷകന്റെ ഭാര്യ ഇയാളുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് ബാങ്ക് മാനേജര്‍ക്കും പ്യൂണിനും എതിരെ മാല്‍ക്ക്പൂര്‍ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്. അതേസമയം ഒളിവിലായ ഇവരെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

പ്രദേശത്ത് വ്യാപക പ്രതിഷേധം ശക്തമായിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ബാങ്കിന്റെ കര്‍ഷകദ്രോഹ നടപടിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.


ALSO: ദല്‍ഹിയില്‍ ആര്‍മി ഉദ്യോഗസ്ഥന്റെ ഭാര്യയെ തൊണ്ടകീറിയ ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു 


സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികളുടെ ബാക്കിയാണ് ഈ സംഭവമെന്നും കേന്ദ്രത്തിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ നിര്‍ത്താനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ പറഞ്ഞു.

കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്ന സ്ഥലമാണ് മഹാരാഷ്ട്ര. കര്‍ഷകരെ എല്ലാതരത്തിലും ചൂഷണം ചെയ്യാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും അശോക് ചവാന്‍ കുറ്റപ്പെടുത്തി.