ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗഭേദം വെളിപ്പെടുത്തി യൂട്യൂബര്‍; നോട്ടീസയച്ച് തമിഴ്‌നാട് ആരോഗ്യ വകുപ്പ്
national news
ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗഭേദം വെളിപ്പെടുത്തി യൂട്യൂബര്‍; നോട്ടീസയച്ച് തമിഴ്‌നാട് ആരോഗ്യ വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st May 2024, 9:52 pm

ചെന്നൈ: ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയ പരിശോധന നടത്തി പരസ്യമായി വെളിപ്പെടുത്തിയതിന് യൂട്യൂബറിന് ആരോഗ്യ വകുപ്പിന്റെ നോട്ടീസ്. തമിഴ്നാട്ടിലെ ഇര്‍ഫാന്‍ എന്ന യൂട്യൂബര്‍ക്കെതിരെയാണ് നടപടി.

കുഞ്ഞിന്റെ ലിംഗ നിര്‍ണയം നടത്തുന്ന രണ്ട് വീഡിയോകള്‍ ഇര്‍ഫാന്‍ തന്റെ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്തിരുന്നു. പിന്നാലെയാണ് ആരോഗ്യ വകുപ്പ് നോട്ടീസ് അയക്കുന്നത്.

1994ലെ ഇന്ത്യന്‍ നിയമപ്രകാരം രാജ്യത്തെ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം നിര്‍ണയിക്കുന്നത് കുറ്റകരമാണ്. എന്നാല്‍ ലിംഗ നിര്‍ണയം നിയമപരമായി അനുവദിക്കുന്ന ദുബായിലാണ് ഇര്‍ഫാന്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയത്. ഇന്ത്യയില്‍ നിയമവിരുദ്ധമായതിനാലാണ് ദുബായില്‍ പരിശോധന നടത്തുന്നതെന്ന് വീഡിയോയുടെ തുടക്കത്തില്‍ ഇര്‍ഫാന്‍ പറയുന്നുമുണ്ട്.

വീഡിയോയില്‍ ഇര്‍ഫാന്റെ പങ്കാളിയായ ആലിയ ടെസ്റ്റ് വിവരങ്ങള്‍ വിശദമാക്കുകയും ചെയ്യുന്നുണ്ട്. ‘ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടി’ എന്ന പേരിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ആദ്യത്തെ വീഡിയോയില്‍, ദമ്പതികള്‍ ആശുപത്രി സന്ദര്‍ശിക്കുന്നതും ഡോക്ടര്‍മാരുമായി സംസാരിക്കുന്നതും ആലിയ പരിശോധനയുടെ നടപടിക്രമങ്ങള്‍ക്ക് വിധേയമാകുന്നതായും കാണാം.

രണ്ടാമത്തെ വീഡിയോയില്‍ നടിയും തമിഴ് ബിഗ് ബോസ് താരവുമായ മായ എസ്. കൃഷ്ണന്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന പാര്‍ട്ടിയുടെ ദൃശ്യങ്ങളുമാണ് ഉള്ളത്.

എന്നാല്‍ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കുന്നത്.

Content Highlight: Health department notice to YouTuber for publicly disclosing unborn child’s gender