അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്, എല്ലാവർക്കും അതിഷ്ടപ്പെടണമെന്നില്ല: രൺജി പണിക്കരാണ്
Entertainment
അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്, എല്ലാവർക്കും അതിഷ്ടപ്പെടണമെന്നില്ല: രൺജി പണിക്കരാണ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th May 2025, 3:52 pm

തിരക്കഥാകൃത്ത്, സംവിധായകൻ, നടൻ എന്നീ നിലകളിൽ പ്രശസ്തനാണ് രൺജി പണിക്കർ. സുരേഷ് ഗോപി നായകനായി അഭിനയിച്ച സൂപ്പർഹിറ്റ് സിനിമ ഭരത് ചന്ദ്രൻ ഐ.പി.എസ്, മമ്മൂട്ടി പൊലീസ് ഓഫീസറായി അഭിനയിച്ച രൗദ്രം എന്നീ സിനിമകളുടെ തിരക്കഥ എഴുതിയതും നിർമാണം, സംവിധാനം നിർവഹിച്ചതും രൺജി പണിക്കരാണ്.

ഇപ്പോൾ നടൻ അജു വർഗീസ് തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും പടക്കുതിര സിനിമയിലെ ഓരോ ഷോട്ട് കഴിയുമ്പോഴും കാര്യങ്ങൾ പറയുമെന്നും രൺജി പണിക്കർ പറയുന്നു. ഡബ്ബിങ്ങിൽ പോലും തനിക്ക് ഒരുപാട് സജക്ഷൻസ് തന്നിരുന്നുവെന്നും അത് തന്നെ ഒരുപാട് സഹായിച്ചിരുന്നുവെന്നും രൺജി പണിക്കർ പറയുന്നു. ഫിൽമിബീറ്റ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഷോട്ടിൻ്റെ ഇടയിൽ അജു എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഓരോ ഷോട്ട് കഴിയുമ്പോഴും എനിക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കാര്യങ്ങൾ പറയാനുള്ള മനസ്ഥിതി അജു കാണിച്ചിട്ടുണ്ട്. ഈ സിനിമയിൽ അതെന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഡബ്ബിങ്ങിൽ പോലും അഭിപ്രായങ്ങൾ പറയുമായിരുന്നു.

ഡബ്ബിങ്ങിൻ്റെ ഇടയിൽ അജു ‘സാറെ അതിങ്ങനെ ചെയ്യാൻ പറ്റുമോ’ എന്ന് ചോദിക്കാറുണ്ട്. വളരെ പോസിറ്റീവായിട്ടാണ് എനിക്കത് തോന്നിയത്. ഡബ്ബ് ചെയ്യുമ്പോഴും അഭിനയിക്കുമ്പോഴും നമുക്ക് ശരിയെന്ന് തോന്നുന്ന രീതിയിലാണ് ഓരോരുത്തരും ചെയ്യുന്നത്. അതൊരു കോ ആർട്ടിസ്റ്റ് പറയുമ്പോൾ ചിലപ്പോൾ നമുക്ക് ഇഷ്ടപ്പെട്ടുവെന്ന് വരില്ല. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം അത്തരം അഭിപ്രായങ്ങളോ നിരീക്ഷണങ്ങളോ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. അതെന്നെ കൂടുതൽ സഹായിച്ചിട്ടേയുള്ളു,’ രൺജി പണിക്കർ പറഞ്ഞു.

പത്രപ്രവർത്തകനായി തുടക്കമിട്ട രൺജി പണിക്കർ ഷാജി കൈലാസിൻ്റെ സംവിധാനത്തിൽ റിലീസായ ഡോ. പശുപതി എന്ന സിനിമയ്ക്ക് തിരക്കഥയെഴുതിയാണ് സിനിമയിലേക്കെത്തുന്നത്. തുടർന്ന് ഷാജി കൈലാസ് – രൺജി പണിക്കർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ സൂപ്പർഹിറ്റുകളായിരുന്നു.

Content Highlight: He has helped me a lot, not everyone may like that says Ranji Panicker