വാലിബൻ ക്ലാസ്സോ മാസോ? ഇത് രണ്ടുമല്ലെന്ന് ഹരീഷ് പേരടിയുടെ മറുപടി, പിന്നെയെന്ത്?
Entertainment
വാലിബൻ ക്ലാസ്സോ മാസോ? ഇത് രണ്ടുമല്ലെന്ന് ഹരീഷ് പേരടിയുടെ മറുപടി, പിന്നെയെന്ത്?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd January 2024, 9:48 am

ആരാധകർക്കിടയിലും സിനിമ പ്രേമികൾക്കിടയിലും ഒരുപോലെ പ്രതീക്ഷയുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.

സിനിമയ്ക്ക് വേണ്ടി ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാവാത്ത ലിജോ ജോസ് പെല്ലിശ്ശേരിയെന്ന സംവിധായകനും മലയാളത്തിന്റെ മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ആകാംക്ഷയാണ് എല്ലാവർക്കും. പ്രഖ്യാപനം മുതൽ തന്നെ വലിയ ഹൈപ്പ് സൃഷ്‌ടിച്ച ചിത്രമാണ് വാലിബൻ.

താര സമ്പന്നമായ ചിത്രത്തിൽ ഹരീഷ് പേരടിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മലൈക്കോട്ടൈ വാലിബൻ ഒരു ക്ലാസ്സ്‌ സിനിമയാണോ മാസ് സിനിമയാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഹരീഷ്.

ഒറ്റ ഉത്തരം മാത്രമേ തനിക്കുള്ളൂ, വാലിബൻ ഒരു ജനകീയ സിനിമയാണ് എന്നാണ് ഹരീഷ് പേരടി പറഞ്ഞത്. ഇത് പഴയ കാലത്തെ കഥയാണെന്നും എന്നാൽ പുതിയ കാലത്ത് മനസിലാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിട്ടുള്ളതെന്നും ഹരീഷ് പറയുന്നു. പുതിയ മനുഷ്യരോട് സംവദിക്കുന്ന ജനകീയ സിനിമയായിരിക്കും വാലിബനെന്നും റേഡിയോ സുനോയോട് ഹരീഷ് പേരടി പറഞ്ഞു.

‘ഞാൻ അതിന് ഒറ്റ ഉത്തരമേ പറയുന്നുള്ളൂ, ഇതൊരു പഴയ കാലത്തിലൂടെയുള്ള യാത്രയാണ്. പഴയകാലത്തിലൂടെ നടത്തുന്ന യാത്രയാണെങ്കിലും പുതിയകാലത്തും മനസിലാവുന്ന ഒരു ജനകീയ സിനിമയായിരിക്കും വാലിബൻ. ഞാൻ ഇതിനെ ജനകീയ സിനിമ എന്നായിരിക്കും വിളിക്കുക.

കാരണം മനുഷ്യന്റെ മനസും തലച്ചോറുമൊക്കെ എത്രയൊക്കെ വികസിച്ചുവെന്ന് പറഞ്ഞാലും എന്താണ് എന്നൊരു ചോദ്യമുണ്ടല്ലോ, അത്തരം ഒരു അന്വേഷണവും കൂടെ ഇതിൽ നടക്കുന്നുണ്ട്.

പുതിയ കാലത്തെ മനുഷ്യനോട് സംവദിക്കുന്ന ഒരു ജനകീയ സിനിമയായിരിക്കും വാലിബൻ,’ഹരീഷ് പേരടി പറഞ്ഞു.

Content Highlight: Hareesh Peradi Says That Malaikottai Valiban Is A Popular Cinema