ഇവനാണോ ഇനി അടുത്ത കോഹ്‌ലി; വിരാടിന്റെയടക്കം പ്രമുഖരുടെ റെക്കോഡുകള്‍ തകര്‍ത്തുകൊണ്ട് ഹര്‍ദിക് പാണ്ഡ്യ
Cricket
ഇവനാണോ ഇനി അടുത്ത കോഹ്‌ലി; വിരാടിന്റെയടക്കം പ്രമുഖരുടെ റെക്കോഡുകള്‍ തകര്‍ത്തുകൊണ്ട് ഹര്‍ദിക് പാണ്ഡ്യ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 27th June 2022, 10:35 pm

 

ഇന്ത്യ-അയര്‍ലന്‍ഡ് ട്വന്റി-20 പരമ്പരയില്‍ ഇന്ത്യയുടെ നായകന്‍ ഹര്‍ദിക് പാണ്ഡ്യയാണ്. നായകനായുള്ള ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ തന്നെ മികച്ച രീതിയിലാണ് താരം ടീമിനെ നയിച്ചത്.

കുറേകാലത്തിന് ശേഷം പരിക്കിന്റെയും ഫോം ഔട്ടിന്റെയും പിടിയിലായിരുന്ന ഹര്‍ദിക് മികച്ച രീതിയില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചുവന്നിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഗുജറാത്തിനെ ആദ്യ സീസണില്‍ തന്നെ കിരീടത്തിലേക്ക് നയിക്കാന്‍ ഹര്‍ദിക്കിന് സാധിച്ചിരുന്നു.

ഈ വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള പുറപ്പാടിലാണ് ഹര്‍ദിക് പാണ്ഡ്യ. ട്വന്റി-20യില്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് താരം ഇപ്പോള്‍ കാഴ്ചവെക്കുന്നത്.

ഇപ്പോഴിതാ പുതിയ റെക്കോഡിട്ടിരിക്കുകയാണ് ഹര്‍ദിക്. ഇന്ത്യന്‍ ടീമിന്റെ അന്താരാഷ്ട്ര ടി-20 ചരിത്രത്തില്‍ മിനിമം 500 റണ്‍സ് എടുത്തവരില്‍ ഏറ്റവും കൂടുതല്‍ പ്രഹരശേഷിയുള്ള താരമാണ് ഹര്‍ദിക് പാണ്ഡ്യ. ടി-20 കരിയറില്‍ 40 ഇന്നിങ്‌സില്‍ 670 റണ്‍ നേടിയ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 147.57 ആണ്.

രണ്ടാമതുള്ള ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ് 142.49 ആാണ്. 139ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുമായി ശ്രേയസ് അയ്യരും നായകന്‍ രോഹിത് ശര്‍മയുമാണ് മൂന്നും നാലും സ്ഥാനത്തുള്ളത്.

മുന്‍ നായകന്‍ വിരാട് കോഹ്‌ലി 137 പ്രഹരശേഷിയുമായി അഞ്ചാം സ്ഥാനത്ത് നിലകൊള്ളുമ്പോള്‍ മുന്‍ മധ്യനിര രാജാക്കന്‍മാരായിരുന്ന യുവരാജ് സിങ്ങും സുരേഷ് റെയ്‌നയുമാണ് ആറും ഏഴും സ്ഥാനത്ത്.

ശിഖര്‍ ധവാന്‍, മനീഷ് പാണ്ഡെ, എം.എസ് ധോണി എന്നിവരാണ് ആദ്യ പത്തിലുള്ള ബാക്കി മൂന്ന് പേര്‍.

ഈ ലോകകപ്പിന് ഇന്ത്യ ഇറങ്ങുമ്പോള്‍ ഹര്‍ദിക് പാണ്ഡ്യയുടെ സ്‌ട്രൈക്ക് റേറ്റിനൊപ്പം ഉത്തരവാദിത്തം നിറഞ്ഞ പ്രകടനങ്ങളും ഇന്ത്യന്‍ ടീം പ്രതീക്ഷിക്കുന്നുണ്ട്.

Content Highlights: Hardik Pandya sets a  new record in Indian Cricket team by strike rate