ജയിലർ 2 സകല റെക്കോഡുകളും തകർത്ത് മുന്നേറുകയാണ്. സിനിമയെയും തലൈവർ രജനികാന്തിനെയും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെയും ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒരാളായ് വേഷമിടാൻ മലയാള സിനിമ നടൻ ഹക്കിം ഷായ്ക്കും കഴിഞ്ഞിരുന്നു. മികച്ച പ്രകടനനമാണ് താരം സിനിമയിൽ കാഴ്ച വെച്ചത്.
അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ വരുകയും പിന്നീട് എ.ബി.സി.ഡി എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് സജീവമാകുകയുമായിരുന്നു നടൻ. തുടർന്ന് ചെറിയ വേഷങ്ങൾ ചെയ്യുകയും പ്രണയവിലാസം എന്ന സിനിമയിലൂടെ ശ്രദ്ധേയനാവുകയുമായിരുന്നു. ഫ്രീഡം അറ്റ് മിഡ്നെറ്റ് എന്ന ഷോർട് ഫിലിമിലെ അഭിനയവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ തമിഴിൽ കുതിച്ചുയരുന്ന നെൽസൺ സംവിധാനം ചെയ്ത് രജനികാന്ത് നായകനായ ജയിലർ 2ലും മികച്ച പ്രകടനം കാഴ്ച വെച്ച് നടൻ കയ്യടി നേടുകയാണ്. ഓഡിയൻസിന്റെ പ്രതികരണങ്ങൾ കാണുമ്പോൾ തനിക്ക് അത്ഭുതം തോന്നുകയാണെന്നും റിലീസിന് ശേഷമുള്ള സിനിമയുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങളും റെഡ് എഫുമായി പങ്ക് വയ്ക്കുകയാണ് ഹക്കിം.

ജയിലർ 2ലെ രംഗം.Photo.Screen Grab/Facebook.com
‘തിയേറ്റർ ഉത്സവമാകുന്ന പ്രതിഭാസം ഞാൻ ഇതുവരെയും എക്സ്പീരിയൻസ് ചെയ്തിട്ടില്ല. സിനിമ ചെയ്യുമ്പോൾ അറിയാമായിരുന്നു ജയിലർ 2 ആണ്, പാൻ ഇന്ത്യൻ സിനിമയാണെന്നൊക്കെ. പക്ഷേ ഓഡിയൻസിന്റെ റിസപ്ഷൻ കാണുമ്പോഴാണ് അത്ഭുതം തോന്നുന്നത്. പല തിയേറ്ററിൽ നിന്നുമുള്ള ഓഡിയൻസിന്റെ ഹൈ മൊമെന്റ്സിന്റെ വീഡിയോസൊക്കെ എന്റെ ഫ്രണ്ട്സ് അയച്ച് തരാറുണ്ട്. അവർ പേപ്പറൊക്കെ കീറി വാരിയെറിയുകയാണ്.’ ഹക്കിം പറഞ്ഞു.
ജയിലർ 1ലേക്ക് തന്നെ വിളിച്ചിരുന്നുവെന്നും ഫോട്ടോസും കറന്റ് ലുക്കൊക്കെ അയച്ചിരുന്നെങ്കിലും സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞില്ലെന്നും പിന്നീട് സിനിമ റിലീസ് ആയപ്പോൾ ഏത് കഥാപാത്രത്തിലേക്കാവും തന്നെ വിളിച്ചിട്ടുണ്ടാവുകയെന്നൊക്കെ ചിന്തിച്ചിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. അന്നും തിയേറ്ററിൽ ഓഡിയൻസിന്റെ പ്രതികരണങ്ങൾ കണ്ട് ഇങ്ങനെയൊരു സിനിമയുടെ ഭാഗമാവാണെമെന്ന് ആഗ്രഹിച്ചിരുന്നെന്നും നടൻ വ്യക്തമാക്കി.

ജയിലർ 2.Photo.Screen Grab/IMDb
‘ജയിലർ 2ലേക്ക് വിളിച്ചപ്പോൾ ലുക്ക് ടെസ്റ്റുണ്ടെന്ന് പറഞ്ഞാണ് പോയത്. അവിടെയെത്തിയപ്പോൾ നെൽസൺ ലുക്ക് ടെസ്റ്റ് വേണ്ട നമ്മുക്ക് സംസാരിച്ചിരിക്കാമെന്ന് പറഞ്ഞു. അദ്ദേഹം എന്റെ കടൈസി ബിരിയാണിയും സ്വർഗ്ഗവാസലും കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. കടൈസി ബിരിയാണിലെ പോലെ അത്രയും കാമായിട്ടുള്ള സ്റ്റൈലിഷ് സൈക്കോ പരിപാടിയല്ല വേണ്ടതെന്നും എന്നാൽ സ്വർഗവാസലിലെ പോലെ അത്രയും എനർജിയും വേണ്ട, അതിനിടയിലുള്ള മീഡിയം പരിപാടി ആണ് തനിക്ക് വേണ്ടതെന്ന് പറഞ്ഞു.
പിന്നെ അദ്ദേഹം മൂന്ന് കഥാപാത്രങ്ങൾ ഓപ്ഷനായിട്ട് തന്നിട്ട് ഏതു വേണമെങ്കിലും ചൂസ് ചെയ്യാൻ പറഞ്ഞു. ഞാനതിലൊന്ന് തെരഞ്ഞെടുത്തു, പിന്നീട് ഒരുപാട് ഓഡിഷനും ലുക്ക് ടെസ്റ്റൊക്കെ ചെയ്തു. അങ്ങനെയാണ് ഒടുവിൽ ശർവ എന്ന കഥാപാത്രത്തിലേക്കെത്തുന്നത്. ഷൂട്ടിങ്ങിനു രണ്ടാഴ്ച്ച മുൻപാണ് കൺഫേം ആയത്. ഞാൻ ഭയങ്കര എക്സൈറ്റഡായിരുന്നു.’ ഹക്കിം പറഞ്ഞു.
ജയിലർ 2ൽ ഹക്കിമിനെ കൂടാതെ നിരവധി മലയാളി സാന്നിധ്യങ്ങളാണുള്ളത്. മോഹൻലാൽ, സുരാജ് വെഞ്ഞാറമൂട്, വിനായകൻ, കോട്ടയം നസീർ, സുജിത് ശങ്കർ, രാജേഷ് മാധവൻ, ഷംന കാസിം, അന്ന രാജൻ, മിർന മേനോൻ തുടങ്ങിയവരാണ് മറ്റ് മലയാളി താരങ്ങൾ.
Content Highlight: Hakkim Shahjahan stated that he had never seen such a high before and added that Jailer 2 gave him that kind of an experience
