'11 ഭാര്യമാരുള്ള ഹാജിയാര്‍'; മലയാളത്തില്‍ ഒഴിവാക്കിയ മരക്കാറിലെ സീന്‍, തമിഴിലും ഹിന്ദിയിലുമുള്ള സീന്‍; പ്രിയദര്‍ശനെതിരെ രൂക്ഷ വിമര്‍ശനം
Entertainment news
'11 ഭാര്യമാരുള്ള ഹാജിയാര്‍'; മലയാളത്തില്‍ ഒഴിവാക്കിയ മരക്കാറിലെ സീന്‍, തമിഴിലും ഹിന്ദിയിലുമുള്ള സീന്‍; പ്രിയദര്‍ശനെതിരെ രൂക്ഷ വിമര്‍ശനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th December 2021, 10:47 am

ഒന്നിലധികം കല്ല്യാണം കഴിക്കുന്ന ഹാജിയാര്‍, പച്ചബെല്‍റ്റിട്ട് കനത്ത ശബ്ദത്തില്‍ പ്രത്യേക സ്ലാംഗില്‍ സംസാരിക്കുന്നവര്‍, മലയാള സിനിമ പൊതുവെ മുസ്‌ലിം കഥാപാത്രങ്ങള്‍ക്കുണ്ടാക്കിയ പൊതുരൂപങ്ങളില്‍ ഒന്നാണിത്.

പൊതുവെ പ്രിയദര്‍ശന്‍ സിനിമകളിലെ മുസ്‌ലിം കഥാപാത്രങ്ങളും ഈ പൊതുരൂപത്തില്‍ പെടുന്നതാണ്. ചന്ദ്രലേഖ, കിളിചുണ്ടന്‍ മാമ്പഴം തുടങ്ങിയ സിനിമകളില്‍ സമാനമായ കഥാപാത്രങ്ങളെ കണ്ടിട്ടുണ്ട്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ എന്നാല്‍ ഇത്തരത്തിലുള്ള പരാമര്‍ശമോ രംഗങ്ങളോ സിനിമയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തതോടെ മലയാളത്തില്‍ ഇല്ലാത്ത എന്നാല്‍ മറ്റു ഭാഷകളില്‍ ഉള്ള ഒരു രംഗമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

കുഞ്ഞാലി മരക്കാറും പട്ടുമരക്കാറും സാമൂതിരിയുടെ കൊട്ടാരത്തില്‍ എത്തുന്ന രംഗത്തിലാണ് ‘പതിനൊന്ന് കെട്ടിയ’ ഹാജിയാരുടെ രംഗമുള്ളത്.

മാമുക്കോയയാണ് പതിനൊന്ന് കെട്ടിയ താനൂര്‍ അബൂബക്കര്‍ ഹാജി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഈ കഥാപാത്രത്തോട് സിദ്ദീഖിന്റെ പട്ടുമരക്കാര്‍ പണ്ട് കൊണ്ടോട്ടി മാര്‍ക്കറ്റില്‍ വെച്ച് സ്ഥിരം തല്ല് വാങ്ങിയിരുന്ന ആളല്ലെയെന്നും പല്ല് കണ്ടാല്‍  തനിക്ക് തിരിച്ചറിയാമെന്നും പട്ടുമരക്കാര്‍ പറയുന്നുണ്ട്.

പോര്‍ച്ചുഗീസുകാര്‍ ഇനിയും വരുമെന്നും അന്ന് ഇതുപോലെ ചക്ക വീണ് മുയല്‍ ചാവില്ലെന്നും പറയുന്ന അബൂബക്കറിനോട് പട്ടുമരക്കാര്‍ ചോദിക്കുന്നത് ‘തനിക്ക് എത്ര ഭാര്യമാര്‍ ഉണ്ടെന്നാണ്?’ തുടര്‍ന്ന് ‘പതിനൊന്ന്’ ഭാര്യമാര്‍ എന്ന് ഉത്തരം പറയുന്ന അബുബക്കര്‍ ഹാജി വീട്ടിലേക്ക് ശരിക്കും എത്ര പേരുണ്ടെന്ന് എണ്ണി നോക്കാന്‍ പോവുന്നതോടെയാണ് സീന്‍ അവസാനിക്കുന്നത്.

എന്നാല്‍ ഈ രംഗങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ ഇല്ല. എന്നാല്‍ തമിഴ് – ഹിന്ദി പതിപ്പുകളില്‍ ഈ രംഗം ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

രൂക്ഷ വിമര്‍ശനമാണ് സിനിമ ഗ്രൂപ്പുകളില്‍ ഈ രംഗത്തെ കുറിച്ച് ഉയരുന്നത്. കാലമിത്രയായിട്ടും ഇത്തരം പൊതുബോധ നിര്‍മ്മിതിയില്‍ നിന്ന് പ്രിയദര്‍ശന് മാറി നില്‍ക്കാനായിട്ടില്ലെന്നും. മുമ്പ് മലയാള പതിപ്പ് വന്നപ്പോള്‍ പ്രിയദര്‍ശന് ഇതെന്ത് പറ്റിയെന്ന് തോന്നിയിരുന്നെന്നും ചിലര്‍ പറയുന്നുണ്ട്.

‘അണ്ണാന്‍ മൂത്താലും മരം കയറ്റം മറക്കുമോ’ ?, പ്രിയദര്‍ശന്‍ സിനിമയിലെ ജാതിയതയും വംശീയതയും എപ്പോഴും ഉണ്ടാകുമെന്നുമാണ് സിനിമ ഗ്രൂപ്പുകളില്‍ വരുന്ന വിമര്‍ശനങ്ങളില്‍ ഒന്ന്.

ഡിസംബര്‍ 17 നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. മോഹന്‍ലാല്‍, നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി,ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

‘Hajiyar with 11 wives’; Scene in Marakkar Arabikadalinte simham Tamil and Hindi; Criticism of Priyadarshan