ഈ കാലത്ത് ഇത്തരമൊരു സിനിമ പ്രിയന്‍ - ലാല്‍ സംഘത്തില്‍ നിന്നു വരുന്നത് ശുഭകരം; മരക്കാറിന് ഫാസിസ്റ്റ് വിരുദ്ധരുടെ പിന്തുണ കിട്ടേണ്ടതുണ്ടെന്നും എഴുത്തുകാരന്‍ അന്‍വര്‍ അബ്ദുള്ള
Movie Day
ഈ കാലത്ത് ഇത്തരമൊരു സിനിമ പ്രിയന്‍ - ലാല്‍ സംഘത്തില്‍ നിന്നു വരുന്നത് ശുഭകരം; മരക്കാറിന് ഫാസിസ്റ്റ് വിരുദ്ധരുടെ പിന്തുണ കിട്ടേണ്ടതുണ്ടെന്നും എഴുത്തുകാരന്‍ അന്‍വര്‍ അബ്ദുള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th December 2021, 12:14 am

കൊച്ചി: പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ പിന്തുണ നല്‍കേണ്ടത് സുപ്രധാനമാണെന്ന് എഴുത്തുകാരന്‍ അന്‍വര്‍ അബ്ദുള്ള.

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. ഇന്നത്തെ ഒരു രാഷ്ട്രീയസാഹചര്യത്തില്‍, പ്രിയദര്‍ശന്‍ കുഞ്ഞാലിമരയ്ക്കാര്‍ എന്ന സിനിമയെടുക്കുക, അതില്‍ മോഹന്‍ലാല്‍ മരയ്ക്കാറായി അഭിനയിക്കുക എന്നതു തന്നെ സുപ്രധാനമാണെന്നു താന്‍ കരുതുന്നെന്ന് അന്‍വര്‍ പറഞ്ഞു.

സിനിമയില്‍ സാമൂതിരിക്ക് അടിമയായിട്ടല്ല മരയ്ക്കാറെ ചിത്രീകരിച്ചിരിക്കുന്നത്. അതുപോലെ, ഹിന്ദു നാടുവാഴികളുടെ കുത്തിത്തിരിപ്പുകൊണ്ടാണ് മരയ്ക്കാറും സാമൂതിരിയും തോല്‍ക്കുന്നത്. ഇതൊക്കെക്കൊണ്ടുതന്നെ, ഈ നരേറ്റീവ് സപ്പോര്‍ട്ട് ചെയ്യേണ്ട ഒന്നായിട്ടാണ് തനിക്കു തോന്നുന്നത്. സിനിമ, കുട്ടികളുമായിപ്പോയി തിയേറ്ററില്‍ക്കണ്ട് പിന്തുണ നല്കുകയും ചെയ്‌തെന്നും അന്‍വര്‍ പറഞ്ഞു.

പല കാരണങ്ങളാല്‍ ഈ സിനിമയെ താന്‍ പൂര്‍ണമായും പിന്താങ്ങുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ കാലത്ത് ഇത്തരമൊരു സിനിമ പ്രിയന്‍ – ലാല്‍ സംഘത്തില്‍ നിന്നു വരുന്നത് ശുഭകരമാണ്. അതിന് ഫാസിസ്റ്റു വിരുദ്ധരുടെ പിന്തുണ കിട്ടേണ്ടതുണ്ടെന്നു കരുതുന്നെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ എഴുതി.

ഈ സിനിമയെ ചീത്തവിളിക്കുന്നവര്‍ ഒരു പ്രത്യേകതരക്കാരും അവരുടെ ഗൂഢോദ്ദേശ്യം മനസ്സിലാകാത്ത ഏറാന്‍മൂളികളുമാണെന്നും ആ ഗൂഢോദ്ദേശ്യസംഘത്തോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാനും ഈ സിനിമയെ താന്‍ പിന്തുണയ്ക്കുന്നെന്നും അദ്ദേഹം പറയുന്നു.

മോഹന്‍ലാലും പ്രിയദര്‍ശനും തന്റെ ബാല്യകൗമാരയൗവ്വനങ്ങളെ ആനന്ദത്താല്‍ ഭരിതമാക്കിയിട്ടുള്ള രണ്ടുപേരാണ്. അവരുടെ വീഴ്ചയില്‍ എനിക്കു സന്തോഷം തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സിനിമയ്ക്ക് ധാരാളം കുഴപ്പങ്ങളുണ്ട്. പക്ഷേ, അതൊന്നും സാരമില്ലെന്നാണ് കരുതുന്നത്. സിനിമ നന്നാകുന്നതിനേക്കാള്‍, അതായത്, സമൂഹത്തിന്റെ കലാബോധം ഉയര്‍ത്തുന്നതിനേക്കാള്‍ പ്രധാനപ്പെട്ട പല ധര്‍മങ്ങളും സിനിമയ്ക്ക് സമൂഹത്തില്‍ ചെയ്യാനുണ്ട്. കുഞ്ഞാലിമരയ്ക്കാര്‍ ചെയ്യുന്ന ആ ധര്‍മങ്ങളെ താന്‍ ആദരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

അന്‍വര്‍ അബ്ദുള്ളയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,

ഇന്നത്തെ ഒരു രാഷ്ട്രീയസാഹചര്യത്തില്‍, പ്രിയദര്‍ശന്‍ കുഞ്ഞാലിമരയ്ക്കാര്‍ എന്ന സിനിമയെടുക്കുക, അതില്‍ മോഹന്‍ലാല്‍ മരയ്ക്കാറായി അഭിനയിക്കുക എന്നതു തന്നെ സുപ്രധാനമാണെന്നു ഞാന്‍ കരുതുന്നു.

അതില്‍ സാമൂതിരിക്ക് അടിമയായിട്ടല്ല മരയ്ക്കാറെ ചിത്രീകരിച്ചിരിക്കുന്നത്. അതുപോലെ, ഹിന്ദു നാടുവാഴികളുടെ കുത്തിത്തിരിപ്പുകൊണ്ടാണ് മരയ്ക്കാറും സാമൂതിരിയും തോല്‍ക്കുന്നത്. ഇതൊക്കെക്കൊണ്ട് തന്നെ, ഈ നരേറ്റീവ് സപ്പോര്‍ട്ട് ചെയ്യേണ്ട ഒന്നായിട്ടാണ് എനിക്കു തോന്നുന്നത്. ഞാന്‍ സിനിമ, കുട്ടികളുമായിപ്പോയി തിയേറ്ററില്‍ക്കണ്ട് പിന്തുണ നല്കുകയും ചെയ്തു.

ചരിത്രത്തില്‍ വ്യക്തതയില്ലാത്ത സംഭവത്തിന് പ്രിയന്‍ തനിക്കു പറ്റുന്നതുപോലെ ഭാവനാരൂപം നല്കുകയാണ്. പ്രിയന്റെ ഭാവന ഇങ്ങനെയാണ്. നല്ല ആളുകളെക്കൊണ്ടു തിരക്കഥയെഴുതിക്കാമായിരുന്നു. പക്ഷേ, അപ്പോള്‍ പ്രിയനുദ്ദേശിക്കുന്ന തിരക്കഥയല്ലല്ലോ കിട്ടുക. പിന്നെ, മോഹന്‍ലാല്‍ മെതേഡ് ആക്ടിംഗ് ശൈലിയില്‍ അല്പം വീക്കാണ്.

ഹിസ്റ്ററിക്കല്‍ സിനിമയ്ക്കു പറ്റിയ ഒരു ഭാഷയേ അല്ല മലയാളം. എം.ടി രക്ഷപ്പെടുന്നത് മീറ്ററില്‍ എഴുതുന്ന ഗദ്യകവിതയാണദ്ദേഹത്തിന്റെത് എന്നതിനാലാണ്. പിന്നെ, അപാരമായ സാഹിത്യവും. എങ്കിലും പഴശ്ശിരാജ അട്ടര്‍ ഊളത്തരമായിരുന്നല്ലോ.

പല കാരണങ്ങളാല്‍ ഈ സിനിമയെ ഞാന്‍ പൂര്‍ണമായും പിന്താങ്ങുന്നു. ഒന്ന്, ഈ കാലത്ത് ഇത്തരമൊരു സിനിമ പ്രിയന്‍ – ലാല്‍ സംഘത്തില്‍ നിന്നു വരുന്നത് ശുഭകരമാണ്. അതിന് ഫാസിസ്റ്റ് വിരുദ്ധരുടെ പിന്തുണ കിട്ടേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. രണ്ട്, ഈ സിനിമയെ ചീത്തവിളിക്കുന്നവര്‍ ഒരു പ്രത്യേകതരക്കാരും അവരുടെ ഗൂഢോദ്ദേശ്യം മനസ്സിലാകാത്ത ഏറാന്‍മൂളികളുമാണ്. ആ ഗൂഢോദ്ദേശ്യസംഘത്തോടുള്ള എതിര്‍പ്പു പ്രകടിപ്പിക്കാനും ഈ സിനിമയെ ഞാന്‍ പിന്തുണയ്ക്കുന്നു.

മൂന്ന്, മോഹന്‍ലാലും പ്രിയദര്‍ശനും എന്റെ ബാല്യകൗമാരയൗവ്വനങ്ങളെ ആനന്ദത്താല്‍ ഭരിതമാക്കിയിട്ടുള്ള രണ്ടുപേരാണ്. അവരുടെ വീഴ്ചയില്‍ എനിക്കു സന്തോഷം തോന്നുന്നില്ല.

ധാരാളം കുഴപ്പങ്ങളുണ്ട്. പക്ഷേ, അതൊന്നും സാരമില്ലെന്നാണു ഞാന്‍ കരുതുന്നത്. സിനിമ നന്നാകുന്നതിനേക്കാള്‍, അതായത്, സമൂഹത്തിന്റെ കലാബോധം ഉയര്‍ത്തുന്നതിനേക്കാള്‍ പ്രധാനപ്പെട്ട പല ധര്‍മങ്ങളും സിനിമയ്ക്കു സമൂഹത്തില്‍ ചെയ്യാനുണ്ട്. ഞാന്‍ കുഞ്ഞാലിമരയ്ക്കാര്‍ ചെയ്യുന്ന ആ ധര്‍മങ്ങളെ ആദരിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Writer Anwar Abdullah says it is important to support Marakkar’s Lion of the Arabian Sea in the current political climate