വാഷിങ്ടണ്‍: എച്ച്-1 ബി വിസയുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് യു.എസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ്. നിലവില്‍ എച്ച്-1 ബി വിസയുള്ളവരെ പുതിയ നിയമം ബാധിക്കില്ലെന്ന് കരോലിന്‍ ലെവിറ്റ് അറിയിച്ചു. എക്സിലൂടെയാണ് കരോലിന്‍ ഇക്കാര്യം അറിയിച്ചത്.
പുതിയ നിയമപ്രകാരമുള്ള ഫീസ് ഒറ്റ തവണത്തേക്ക് മാത്രം ഈടാക്കുന്നതാണെന്നും വര്‍ഷം തോറും ഈടാക്കില്ലെന്നും കരോലിന്‍ വ്യക്തമാക്കി. അതായത് ഒരാള്‍ വിസയ്ക്കായി അപേക്ഷ നല്‍കുമ്പോള്‍ അടയ്ക്കേണ്ട ഫീസാണിതെന്നാണ് കരോലിന്‍ വ്യക്തമാക്കുന്നത്.
To be clear:
1.) This is NOT an annual fee. It’s a one-time fee that applies only to the petition.
2.) Those who already hold H-1B visas and are currently outside of the country right now will NOT be charged $100,000 to re-enter.
മാത്രമല്ല നിലവിലുള്ള വിസ പുതുക്കുമ്പോള്‍ പുതിയ ഫീസ് നല്‍കേണ്ടതില്ലെന്നും കരോലിന്‍ പറയുന്നു. കൂടാതെ നിലവില്‍ എച്ച്-1ബി വിസയുള്ളവര്‍ക്ക് യു.എസില്‍ താമസിക്കാനോ വിദേശത്തേക്ക് പോകാനോ തിരികെ വരാനോ മറ്റു തടസങ്ങളില്ലെന്നും യു.എസ് പ്രസ് സെക്രട്ടറി അറിയിച്ചു.
ഈ മാറ്റങ്ങളെല്ലാം വരാനിരിക്കുന്ന ലോട്ടറി സൈക്കിളില്‍ നടപ്പിലാക്കുമെന്നും കരോലിന്‍ വ്യക്തമാക്കി. പുതിയ തീരുമാനങ്ങള്‍ ഇന്നത്തോടെ (ഞായര്‍) പൂര്‍ണമായും പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം.
ഉന്നത വിദ്യാഭ്യാസവും പരിശീലനും വൈദഗ്ധ്യവും ആവശ്യമുള്ള മേഖലകളില്‍ വിദേശത്ത് നിന്നുളള പ്രൊഫഷണലുകളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്നതാണ് എച്ച്-1 ബി വിസ. എച്ച്-1 ബി വിസയ്ക്ക് ഒരു ലക്ഷം ഡോളര്‍ നല്‍കണമെന്നാണ് യു.എസിന്റെ തീരുമാനം.
യു.എസിന്റെ അറിയിപ്പിന് പിന്നാലെ എച്ച്-1 ബി വിസ ഉടമകളോ അവരുടെ കുടുബാംഗങ്ങളോ ജോലിക്കോ അവധിക്കാലത്തിനോ വേണ്ടി പുറത്തുപോയിട്ടുണ്ടെങ്കില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ തിരിച്ചെത്താന്‍ ശ്രമിക്കണമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം യു.എസിന്റെ പുതിയ തീരുമാനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആശങ്ക അറിയിച്ചിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയിലൂടെ കുടുംബങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ കാരണം മാനുഷിക പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് ഇന്ത്യ പ്രതികരിച്ചത്.
Content Highlight: H-1B visa fee hike; Only new applicants affected: US Press Secretary