ഗുജറാത്ത് വിമാനാപകടം; മരണസംഖ്യ 290 കടന്നു, മരിച്ചവരില്‍ ബി.ജെ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പ്രദേശവാസികളും
national news
ഗുജറാത്ത് വിമാനാപകടം; മരണസംഖ്യ 290 കടന്നു, മരിച്ചവരില്‍ ബി.ജെ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പ്രദേശവാസികളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th June 2025, 7:03 am

അഹമ്മദാബാദ്: ഗുജറാത്തിലുണ്ടായ വിമാനാപകടത്തില്‍ മരണസംഖ്യ ഉയരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം അപകടത്തില്‍ 296 പേര്‍ മരിച്ചു. 265 മൃതദേഹങ്ങള്‍ കണ്ടെത്തി. വിമാനയാത്രക്കാരായ 241 പേര്‍ക്ക് പുറമെ 20ലധികം പ്രദേശവിദേശികളുമാണ് അപകടത്തില്‍ മരണപ്പെട്ടത്. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ബന്ധുക്കളുടെ ഡി.എന്‍.എകള്‍ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. 140 ആളുകളുടെ ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

അപകടത്തില്‍ ഇനിയും മരണസംഖ്യ ഉയരാന്‍ സാധ്യതയെന്നാണ് വിവരം. എന്‍.ഡി.ആര്‍.എഫ് അടക്കമുള്ള സേനകള്‍ സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ചവരില്‍ വിമാനം ഇടിച്ചിറങ്ങിയ ബി.ജെ മെഡിക്കല്‍ ഹോസ്റ്റലിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. പരിക്കേറ്റ അറുപതോളം വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍ കഴിയുകയാണ്.

ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച്, ബി.ജെ കോളേജ് ഹോസ്റ്റലിലെ 20ഓളം വിദ്യാര്‍ത്ഥികളെയും ഏതാനും നാട്ടുകാരെയും കാണാനില്ലെന്ന് വിവരമുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 1.30 യോടെ ടേക്ക് ഓഫ് ചെയ്ത് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനമാണ് രണ്ട് മിനുറ്റിനുള്ളില്‍ തീഗോളമായി മാറിയത്.

എയര്‍ ഇന്ത്യ ബോയിങ് ഡ്രീംലൈനര്‍ 787 വിമാനമാണ് തകര്‍ന്ന് വീണത്. ആദ്യഘട്ടത്തില്‍ അപകടത്തെ തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്നവരെല്ലാം മരിച്ചുവെന്ന് കേന്ദ്രവ്യോമയാന മന്ത്രി സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ മാത്രം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാര്‍ രമേശാണ് രക്ഷപ്പെട്ടത്. ഇദ്ദേഹം എമര്‍ജന്‍സി എകിസ്റ്റ് വഴി രക്ഷപ്പെടുകയായിരുന്നു. യാത്രക്കാരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ 241 പേരാണ് മരിച്ചത്. 30 യാത്രക്കാരും 12 കാബിന്‍ ക്രൂവുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

നിലവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ അഹമ്മദാബാദില്‍ എത്തുമെന്നാണ് വിവരം. സിവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ പ്രധാനമന്ത്രി സന്ദര്‍ശിക്കും. അപകടം വിലയിരുത്താന്‍ ഉന്നതതല സമിതിയെ നിയോഗിക്കും. അപകടത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിമാനപകടത്തില്‍ ഒരു മലയാളിയും മരണപ്പെട്ടിരുന്നു. പത്തനംതിട്ട സ്വദേശിയായ രജ്ഞിതയാണ് മരിച്ചത്. ഒമാനില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന രജ്ഞിത അവധി കഴിഞ്ഞതിനെ തുടര്‍ന്ന് യു.കെയിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. രഞ്ജിതയുടെ മൃതദേഹം ബന്ധുക്കൾ ഇന്ന് ഏറ്റുവാങ്ങും. രഞ്ജിതയുടെ സഹോദരൻ അഹമ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

അതേസമയം, തകര്‍ന്നുവീണ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. അപകടം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. ഇപ്പോള്‍ രണ്ടാമത്തെ ബ്ലാക്ക് ബോക്സിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ഗുജറാത്ത് അപകടത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്കോ കാര്‍ണി, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

Content Highlight: Gujarat plane crash; Death toll crosses 290, BJ College medical students among dead