സ്‌കൂള്‍ സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്താന്‍ ഗുജറാത്ത് സര്‍ക്കാര്‍; സ്വാഗതം ചെയ്ത് കോണ്‍ഗ്രസും ആം ആദ്മിയും
national news
സ്‌കൂള്‍ സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്താന്‍ ഗുജറാത്ത് സര്‍ക്കാര്‍; സ്വാഗതം ചെയ്ത് കോണ്‍ഗ്രസും ആം ആദ്മിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th March 2022, 7:47 am

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ആറാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള സ്‌കൂള്‍ സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്താന്‍ തീരുമാനം.

സര്‍ക്കാരിന് കീഴിലുള്ള എല്ലാ സ്‌കൂളുകളിലും (ഇംഗ്ലീഷ് മീഡിയം ഉള്‍പ്പെടെ) ഭഗവത് ഗീത ഉള്‍പ്പെടുത്താനാണ് തീരുമാനം.

ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ജിതു വഘാനിയാണ് വിദ്യാഭ്യാസ ബജറ്റിന്റെ ചര്‍ച്ചക്കിടെ വ്യാഴാഴ്ച പ്രഖ്യാപനം നടത്തിയത്.

”ആത്മാഭിമാനവും നമ്മുടെ പാരമ്പര്യവും ആചാരങ്ങളുമായുള്ള ബന്ധവും കുട്ടികളില്‍ വളര്‍ത്തിയെടുക്കാനാണ് ഈ തീരുമാനം,” വിഷയത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ഇന്ത്യന്‍ സംസ്‌കാരം സിലബസുകളില്‍ ഉണ്ടായിരിക്കണമെന്നും അത് കുട്ടികളുടെ സമഗ്ര വികസനത്തിന് വേണ്ടിയാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.

”ശ്രീമത് ഭഗവത് ഗീതയുടെ മൂല്യവും പ്രിന്‍സിപ്പലുകളും പ്രാധാന്യവും എല്ലാ മതങ്ങളിലും പെട്ട ജനങ്ങള്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ടതാണ്.

കുട്ടികള്‍ക്ക് ഇതിന്മേല്‍ താല്‍പര്യം വളര്‍ത്തുന്ന തരത്തിലായിരിക്കും ആറാം ക്ലാസ് സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്തുക,” വിദ്യാഭ്യാസ മന്ത്രി ജിതു വഘാനി കൂട്ടിച്ചേര്‍ത്തു.

കഥകളുടെയും ശ്ലോകങ്ങളുടെയും രൂപത്തിലായിരിക്കും ഗീത സിലബസില്‍ ഉള്‍പ്പെടുത്തുക എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഒമ്പതാം ക്ലാസ് മുതല്‍ ഇതിന്റെ വിശദാംശങ്ങള്‍ പഠിപ്പിച്ച് തുടങ്ങുമെന്നും വ്യക്തമാക്കുന്നു.

അതേസമയം ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സ്വാഗതം ചെയ്തു.

”സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഗുജറാത്ത് സര്‍ക്കാര്‍ തന്നെ ഗീതയില്‍ നിന്നും പലതും പഠിക്കേണ്ടതുണ്ട്,” ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് ഹേമങ് റാവല്‍ പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇത് വിദ്യാര്‍ത്ഥികളുടെ നന്മക്ക് വേണ്ടിയാണെന്നും ആം ആദ്മി പാര്‍ട്ടി വക്താവ് യോഗേഷ് ജദ്‌വാനി പ്രതികരിച്ചു.


Content Highlight: Gujarat government includes Bhagavad Gita in school syllabus, Congress, AAP welcome move