സ്‌കൂളില്‍ വെച്ച് പ്രിന്‍സിപ്പാളിന്റെ അക്രമം; മൊഴിക്ക് വിരുദ്ധമായി എഫ്.ഐ.ആര്‍ തയ്യാറാക്കി പൊലീസ്; മുഖ്യമന്ത്രിക്ക് അധ്യാപികയുടെ പരാതി
Kerala News
സ്‌കൂളില്‍ വെച്ച് പ്രിന്‍സിപ്പാളിന്റെ അക്രമം; മൊഴിക്ക് വിരുദ്ധമായി എഫ്.ഐ.ആര്‍ തയ്യാറാക്കി പൊലീസ്; മുഖ്യമന്ത്രിക്ക് അധ്യാപികയുടെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th March 2022, 9:52 pm

പാലക്കാട്: പട്ടാമ്പി വല്ലപ്പുഴ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രിന്‍സിപ്പാളിന്റെ അതിക്രമത്തില്‍ പൊലീസ് നടപടിയെടുക്കാന്‍ കൂട്ടാക്കുന്നില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കി അധ്യാപിക. വല്ലപ്പുഴ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കെമിസ്ട്രി അധ്യാപികയായ ധന്യയാണ് പൊലീസിന്റെ അനാസ്ഥയില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.

പ്രിന്‍സിപ്പാള്‍ ശരീരത്തില്‍ കടന്നു പിടിക്കുകയും അസഭ്യം പറയുകയും ദേഹത്തേയ്ക്ക് തുപ്പുകയും ചെയ്തതായി വിശദമായി മൊഴി നല്‍കിയിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി പ്രതിയെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

പ്രിന്‍സിപ്പാളിനെതിരെ നടപടിയെടുക്കുന്നതിന് പുറമെ തന്റെ മൊഴിക്ക് വിരുദ്ധമായി എഫ്.ഐ.ആര്‍ തയ്യാറാക്കിയ പട്ടാമ്പി സബ് ഇന്‍സ്പെക്ടര്‍ ബിന്ദുലാല്‍ പി.ബിക്കെതിരെയും നടപടിയെടുക്കണമെന്നും ധന്യ പരാതിയില്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്ക് പുറമെ, പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്സിനും വനിതാ പോലീസ് സെല്ലിനും പരാതി നല്‍കിയിട്ടുണ്ടെന്നും അധ്യാപിക കൂട്ടിച്ചേര്‍ത്തു.

വല്ലപ്പുഴ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി.ടി. മുഹമ്മദ്കുട്ടിക്കെതിരെയാണ് പരാതി. തൊഴിലിനും ജീവനും ഭീഷണിയുണ്ടാക്കുന്ന തരത്തില്‍ പ്രിന്‍സിപ്പാള്‍ പെരുമാറിയെന്നു ചൂണ്ടിക്കാട്ടി ഈ മാസമാദ്യം അധ്യാപിക സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു.

ഇതിനു പുറമെയാണ് ചൊവ്വാഴ്ച സ്റ്റാഫ് മീറ്റിങ് വേളയിലുണ്ടായ അതിക്രമം.

യോഗത്തിന്റെ മിനുട്സ് രേഖപ്പെടുത്തണമെന്ന് പ്രിന്‍സിപ്പാളിനോടാവശ്യപ്പെട്ടപ്പോള്‍ അയാള്‍ ദേഷ്യപ്പെടുകയായിരുന്നുവെന്നും, യോഗം അവസാനിച്ച ശേഷം പുറത്തു പോകവെ പ്രിന്‍സിപ്പാള്‍ കൈയ്ക്ക് കയറിപ്പിടിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

‘ബലപ്രയോഗത്തില്‍ ഞാന്‍ താഴേയ്ക്കു വീണു. പ്രിന്‍സിപ്പാളിനെ മറ്റുള്ളവര്‍ ചേര്‍ന്നു പിടിച്ചു പിന്തിരിപ്പിക്കുമ്പോള്‍ കേട്ടാല്‍ അറപ്പുളവാക്കുന്ന തരത്തില്‍ അസഭ്യം പറയുകയും അയാള്‍ എന്റെ ദേഹത്തേയ്ക്കു കാര്‍ക്കിച്ചു തുപ്പുകയും ചെയ്തു. ‘എന്നോടു കളിച്ചാല്‍ നിന്റെ തല ഇവിടെ ഉരുളും’ എന്നു പറഞ്ഞു ഭീഷണിപ്പെടുത്തി’യെന്നും അധ്യാപിക പരാതിയില്‍ വിവരിച്ചു.

ബുധനാഴ്ച രാവിലെ പട്ടാമ്പി പൊലീസ് സ്റ്റേഷനിലെത്തി സി.ഐയ്ക്കു മുമ്പാകെ അധ്യാപിക പരാതി നല്‍കിയിരുന്നു. ഉച്ചയായിട്ടും നടപടിയില്ലാത്തതിനാല്‍ വീണ്ടും സ്റ്റേഷനിലെത്തി വിശദമായി മൊഴി നല്‍കി.

എന്നാല്‍, ഇതുവരേയും പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും, ഒരു തരത്തിലുള്ള നടപടിയും ഉണ്ടായിട്ടില്ലെന്നും അധ്യാപിക മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചു.

Content Highlight: The teacher complained to the CM that the police were not taking action against the principal who abused her