സാമ്പത്തിക പ്രതിസന്ധിയില്‍ ആടിയുലഞ്ഞ് രാജ്യം; ഗുജറാത്തില്‍ ആത്മഹത്യ ചെയ്തത് 15 തൊഴിലാളികള്‍; തകര്‍ന്നടിഞ്ഞ് വജ്ര വ്യാപാരം
Economic Crisis
സാമ്പത്തിക പ്രതിസന്ധിയില്‍ ആടിയുലഞ്ഞ് രാജ്യം; ഗുജറാത്തില്‍ ആത്മഹത്യ ചെയ്തത് 15 തൊഴിലാളികള്‍; തകര്‍ന്നടിഞ്ഞ് വജ്ര വ്യാപാരം
ന്യൂസ് ഡെസ്‌ക്
Friday, 18th October 2019, 2:54 pm

രാജ്യമൊട്ടാകെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുകയാണ്. വിപണിയും നിര്‍മ്മാണ മേഖലയും വ്യവസായങ്ങളും ബാങ്കിങ് മേഖലയുമടക്കം രാജ്യത്തെ എല്ലാ കോണുകളിലും മാന്ദ്യം പിടിമുറുക്കുകയാണെന്ന വാര്‍ത്തകളാണ് ദിനംതോറും പുറത്തുവരുന്നത്. ഇതിന് ആക്കം കൂട്ടുകയാണ് ഗുജറാത്തില്‍നിന്നുള്ള പുതിയ റിപ്പോര്‍ട്ട്.

വജ്ര വ്യവസായത്തിന് പേരുകേട്ട ഗുജറാത്തിലെ സൂറത്തിനെ സാമ്പത്തിക പ്രതിസന്ധി പിടിച്ചുലച്ചത് ചെറുതായൊന്നുമല്ല. വജ്രത്തിന്റെ തിളക്കമൊന്നും ഇപ്പോഴവരുടെ ജീവിതങ്ങള്‍ക്കില്ല. മുന്നോട്ടുള്ള ജീവിതം താറുമാറായിരിക്കുന്ന വജ്രവ്യാപാരികള്‍ ജീവിതമവസാനിപ്പിക്കുകയാണെന്ന് ഡെക്കാന്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

തൊഴിലില്ലായ്മയാണ് സൂറത്ത് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. കഴിഞ്ഞ ദിവസം ജോലിപോയ ഒരു വജ്ര നിര്‍മ്മാണ തൊഴിലാളികൂടെ ആത്മഹത്യ ചെയ്തതോടെ മൂന്നുമാസത്തിനുള്ളില്‍ മാത്രം 15 പേരാണ് സൂറത്തില്‍ ആത്മഹത്യ ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതിസന്ധിയെത്തുടര്‍ന്ന് സൂറത്തില്‍ വ്യാപകമായി തൊഴിലാളികളെ പിരിച്ചുവിടുകയും ശമ്പളം വെട്ടിച്ചുരുക്കുകയുമാണ്. ആറുമാസത്തിനുള്ളില്‍ 30,000 മുതല്‍ 40,000വരെ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാവുകയാണെന്നും ദീപാവലി അവധിദിനങ്ങള്‍ കൂട്ടാനുള്ള നീക്കത്തിലാണ് കമ്പനികള്‍.

കഴിഞ്ഞയാഴ്ചമാത്രം 200 തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഉടമകള്‍ രണ്ട് മാസത്തോളം കമ്പനികള്‍ പൂട്ടിയിട്ടിരുന്നെന്നും എന്നിട്ടും പ്രതിസന്ധി മറികടക്കാനാവുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്. 66,000 ഡയമണ്ട് പോളിഷിങ് കമ്പനികള്‍ അടച്ചുപൂട്ടിയെന്ന് നേരത്തെ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മൂന്നുവര്‍ഷമായി ഞങ്ങള്‍ പ്രതിസന്ധിക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടപ്പെടുന്നു. ദീപാവലിയും ഞങ്ങള്‍ക്ക് പ്രതീക്ഷ ജനിപ്പിക്കുന്ന ഒന്നും തരുന്നില്ല. ഇനിയും കാത്തിരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്’, സൂറത്ത് ഡയമണ്ട് അസോസിയേഷന്‍ പറയുന്നു.

‘എട്ടുമുതല്‍ പത്ത് ലക്ഷം തൊഴിലാളികള്‍ ഡയമണ്ട് കട്ടിങ്, പോളിഷിങ് ജോലികളെടുക്കുന്നവരാണ്. ഇവര്‍ക്കാര്‍ക്കും ഫെസ്റ്റിവല്‍ ബോണസുകള്‍പോലും ലഭിച്ചിട്ടില്ല. ബോണസിനേക്കുറിച്ച് സംസാരിക്കാന്‍ പോലും പറ്റുന്ന അവസ്ഥയല്ല. ശമ്പളം വെട്ടിക്കുറക്കുന്നത് കുറയ്ക്കാനെങ്കിലും കഴിയുമോ എന്നാണ് ഞങ്ങള്‍ ശ്രമിക്കുന്നത്’, വ്യവസായികളിലൊരാള്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 ശതമാനം കയറ്റുമതിയാണ് ഇത്തവണ കുറഞ്ഞത്. ചില കാര്യങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും വ്യവസായികള്‍ വ്യക്തമാക്കുന്നു.

ബാങ്ക് ഇടപാടുകളില്‍ നിയന്ത്രണം വരുത്തിയതോടെ വജ്രവ്യവസായത്തിന്റെ നട്ടെല്ലൊടിഞ്ഞെന്നും ജി.എസ്.ടി നിലവില്‍ വന്നതോടെ ചെറുകിട വ്യവസായങ്ങള്‍ പൂര്‍ണമായും തകര്‍ന്നെന്നും ഇവര്‍ തീര്‍ത്തുപറയുന്നു.

സര്‍വ മേഖലയിലും സാമ്പത്തികമാന്ദ്യം പിടിമുറുക്കിയതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടിരിക്കുകയാണ് ഇന്ത്യയിലെ വിവിധ കമ്പനികളിലെ ഉദ്യോഗസ്ഥന്‍മാരും തൊഴിലാളികളുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

ഉറക്കമില്ലാത്ത രാത്രികളും, ഉത്കണ്ഠയും ഉയര്‍ന്ന അളവിലുള്ള രക്തസമ്മര്‍ദ്ദവുമാണ് ഉദ്യോഗസ്ഥരെ ഇപ്പോള്‍ വേട്ടയാടുന്നത്. മാനസികമായി വലിയ പിരിമുറുക്കത്തിലാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലെ ഉദ്യോസ്ഥന്‍മാര്‍ എന്നാണ് വിവിധ പഠനങ്ങളെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ