ആ പാട്ട് ലാലേട്ടനെ കൊണ്ട് പാടിക്കാന്‍ ആലോചിച്ചിരുന്നു, പിന്നീടാണ് കമല്‍ സാറിലേക്കെത്തിയത്: ഗോവിന്ദ് വസന്ത
Entertainment
ആ പാട്ട് ലാലേട്ടനെ കൊണ്ട് പാടിക്കാന്‍ ആലോചിച്ചിരുന്നു, പിന്നീടാണ് കമല്‍ സാറിലേക്കെത്തിയത്: ഗോവിന്ദ് വസന്ത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th May 2025, 11:54 am

തമിഴില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നാണ് മെയ്യഴകന്‍. 96ന് ശേഷം പ്രേം കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കാര്‍ത്തിയും അരവിന്ദ് സ്വാമിയുമാണ് പ്രധാനവേഷത്തിലെത്തിയത്. രണ്ട് പേരുടെ സൗഹൃദത്തോടൊപ്പം ഗ്രാമത്തിന്റെ ഭംഗിയും ഗ്രാമീണ നിഷ്‌കളങ്കതയും മനോഹരമായി വരച്ചിട്ട മെയ്യഴകന്റെ മറ്റൊരു മാജിക്കായിരുന്നു ഗോവിന്ദ് വസന്തന്റെ സംഗീതം.

ചിത്രത്തില്‍ കമല്‍ഹാസന്‍ പാടിയ യാരോ ഇവന്‍ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് ഗോവിന്ദ് വസന്ത. കമല്‍ഹാസനെ കൊണ്ടു പാടിക്കാം എന്ന ഐഡിയ പ്രേം കുമാറിന്റേതായിരുന്നുവെന്നും സ്‌ക്രിപ്റ്റില്‍ ഈ പാട്ടിന് മുമ്പ് മറ്റൊരു പാട്ടായിരുന്നു ആദ്യം ഉണ്ടായിരുന്നതെന്നും ഗോവിന്ദ് വസന്ത പറയുന്നു. അരവിന്ദ് സ്വാമിയുടെ കഥാപാത്രം വീട് വിട്ട് ഇറങ്ങുമ്പോള്‍ ആ ഗ്രാമവും വീടും പാടുന്ന തരത്തിലൊരു ശബ്ദം എന്നതായിരുന്നു തങ്ങളുടെ ഐഡിയ എന്നും അദ്ദേഹം പറയുന്നു.

യേശുദാസൊക്കെയായിരുന്നു തന്റെ മനസില്‍ വന്നതെന്നും മോഹന്‍ലാലിനെ വെച്ച് ചെയ്താലോ എന്ന് വരെ താന്‍ ചിന്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ മോഹന്‍ലാലിന്റെ കാര്യം പറഞ്ഞപ്പോളാണ് കമല്‍ ഹാസന്റെ പേര് പ്രേം കുമാര്‍ പറയുന്നതെന്നും അങ്ങനെ സൂര്യ വഴി അദ്ദേഹത്തോട് പറയുകയായിരുന്നുവെന്നും ഗോവിന്ദ് വസന്ത പറഞ്ഞു. ക്ലബ് എ.ഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പാട്ട് കമല്‍ഹാസനെ കൊണ്ട് പാടിക്കാം എന്ന സെലക്ഷന്‍ പ്രേമിന്റെയായിരുന്നു. സ്‌ക്രിപ്റ്റില് യാരോ ഇവന്‍ മുമ്പ്, പോറേന്‍ ഞാന്‍ പോറേന്‍ എന്ന പാട്ടായിരുന്നു ആദ്യം ഉണ്ടായിരുന്നത്. ആദ്യത്തെ ആ പാട്ടില്‍ ഇവന്‍ വീട് വിട്ട് ഇറങ്ങുമ്പോള്‍ വില്ലേജ് പാടുന്നത് പോലെ, വില്ലേജും ആ വീടും പാടുന്ന പോലുള്ള ഒരു വോയ്‌സ് വേണമെന്നുള്ളതായിരുന്നു ഐഡിയ. എന്റെ മനസില്‍ ദാസേട്ടനോ, അങ്ങനത്തെ ആളുകളായിരുന്നു വന്നത്. ഇപ്പോള്‍ എസ്.പി.ബി സാറുണ്ടായിരുന്നെങ്കില്‍ അദ്ദേഹമോ, അങ്ങനെയുള്ള സിങ്ങേഴ്‌സായിരുന്നു മനസില്‍.

ഞാന്‍ ലാലേട്ടനെ വരെ ആലോചിച്ചിട്ടുണ്ട് ആക്ച്വലി. ലാലേട്ടന്റെ കാര്യം പറഞ്ഞപ്പോഴാണ് പുള്ളി കമല്‍ സാറിന്റെ പേര് പറയുന്നത്. കമല്‍ഹാസനെ ഒന്നും അപ്രോച്ച് ചെയ്യാന്‍ പറ്റില്ല എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍, പ്രേം കുമാര്‍ ഞാന്‍ നോക്കട്ടെ എന്ന് പറഞ്ഞു. അങ്ങനെ പുള്ളി സൂര്യ സാര്‍ മുഖേന ട്രൈ ചെയ്തു. അങ്ങനെ കമല്‍ഹാസന് പാട്ട് നല്ല ഇഷ്ടമായി. അങ്ങനെയാണ് യാരോ ഇവന്‍ കൂടെ അദ്ദേഹത്തെ അപ്രോച്ച് ചെയ്യുന്നത്. അത് നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു,’ ഗോവിന്ദ് വസന്ത പറയുന്നു.

Content highlight: Govind Vasantha on the song in Meiyazhagan