ഈയിടെ വീണ്ടും പടം കണ്ട് അദ്ദേഹം പറഞ്ഞത്, വിനായകൻ എന്തൊരു ഗംഭീര നടനാണ് എന്നാണ്: ഗൗതം മേനോൻ
Entertainment
ഈയിടെ വീണ്ടും പടം കണ്ട് അദ്ദേഹം പറഞ്ഞത്, വിനായകൻ എന്തൊരു ഗംഭീര നടനാണ് എന്നാണ്: ഗൗതം മേനോൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th November 2023, 4:28 pm

സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്തിരം. ചിയാൻ വിക്രം പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തിൽ മലയാളി താരം വിനായകനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഒരു സ്പൈ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം 7 വർഷത്തോളമെടുത്താണ് ഷൂട്ട്‌ പൂർത്തിയാക്കിയത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പലപ്പോഴായി മാറി മറഞ്ഞിട്ടുണ്ട്. ജയിലർ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം വിനായകൻ വീണ്ടും ഒരു തമിഴ് ചിത്രത്തിൽ എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ.

ചിത്രത്തിലെ വിനായകന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ഗൗതം മേനോൻ.

ജയിലറിലെ വിനായകന്റെ പ്രകടനം കണ്ടപ്പോൾ തനിക്ക് അത്ഭുതം തോന്നിയെന്നും ധ്രുവനച്ചത്തിരത്തിലെ പ്രകടനം കണ്ടിട്ട് നടൻ വിക്രം വിനായകന്റെ പ്രകടനത്തെ കുറിച്ച് പ്രശംസിച്ചെന്നും ഗൗതം മേനോൻ സിനിമ വികടന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ജയിലർ സിനിമയിൽ വിനായകൻ വളരെ നന്നായിട്ടുണ്ടായിരിന്നു. കാരണം ഞാൻ ഇത്‌ വരെ ആ ഒരു രീതിയിൽ അവരെ കണ്ടിട്ടില്ല. ധ്രുവനച്ചത്തിരത്തിന്റെ ഷൂട്ട്‌ എല്ലാം കഴിഞ്ഞതാണ്. പക്ഷെ ജയിലറിൽ അദ്ദേഹം പെർഫോം ചെയ്ത രീതി എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. ജയിലറിൽ അദ്ദേഹത്തെ അവതരിപ്പിച്ച രീതി ഞാൻ മുൻപ് കണ്ടിട്ടില്ല.

നല്ല ക്ലാസ്സ്‌ ആയിട്ടുള്ള ഡ്രസിങിലും ആറ്റിട്യൂഡിലുമൊക്കെയാണ് ധ്രുവ നച്ചത്തിരത്തിൽ അദ്ദേഹത്തെ അവതരിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടുള്ളത്. എന്നാൽ സംസാരിക്കുന്നത് നല്ല ലോക്കൽ ഭാഷയിലുമാവണം. കേരളത്തിൽ നിന്ന് വരുന്ന ഒരാളെ പോലെ തന്നെയാണ് വിനായകനെ ഞാൻ സിനിമയിലും ഉപയോഗിച്ചിട്ടുള്ളത്. ആ സംസാര രീതിയാണെങ്കിലും അതുപോലെ തന്നെയാണ് ഞാൻ എടുത്തിട്ടുള്ളത്.

അവർ അത് എക്സ്ട്രാ ഓർഡിനറിയായി ചെയ്തിട്ടുണ്ട്. വിക്രം സാറിന് പടം കണ്ടപ്പോൾ വിനായകന്റെ പ്രകടനം ശരിക്കും ഇഷ്ടമായി. ഈയിടെ വീണ്ടും സിനിമ കണ്ടപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് വിനായകൻ സാർ എന്തൊരു ഗംഭീര നടനാണ് എന്നായിരുന്നു,’ഗൗതം മേനോൻ പറയുന്നു.

രണ്ടു ഭാഗങ്ങളായാണ് ചിത്രം തിയേറ്ററിൽ എത്തുക. വിക്രത്തിനൊപ്പം സിമ്രാൻ, റിതു വർമ, രാധിക ശരത് കുമാർ തുടങ്ങിയ വമ്പൻ താരനിര ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജയിലറിന് ശേഷം വരുന്ന വിനായകന്റെ തമിഴ് സിനിമ എന്ന നിലയിൽ ചിത്രത്തിനായി വലിയ കാത്തിരിപ്പിൽ തന്നെയാണ് മലയാളികളും.

Content Highlight: Goutham Menon Talk About Performance Of Vinayakan In Dhruvanachathiram Film