ഹൃദയത്തിലേക്ക് വിളിച്ചപ്പോൾ പ്രതികാരം ചെയ്യാനാണോയെന്ന് ഞാൻ വിനീതിനോട് ചോദിച്ചു: ജോണി ആന്റണി
Entertainment
ഹൃദയത്തിലേക്ക് വിളിച്ചപ്പോൾ പ്രതികാരം ചെയ്യാനാണോയെന്ന് ഞാൻ വിനീതിനോട് ചോദിച്ചു: ജോണി ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th November 2023, 2:57 pm

മലയാളികളുടെ പ്രിയപ്പെട്ടവനാണ് വിനീത് ശ്രീനിവാസൻ. നടനായും ഗായകനായും സംവിധായകനുമായുമെല്ലാം സകലകലാവല്ലഭനായി നിറഞ്ഞുനിൽക്കുന്ന വിനീത് ശ്രീനിവാസൻ ആദ്യമായി അഭിനയിക്കുന്നത് ജോണി ആന്റണി ഒരുക്കിയ സൈക്കിൾ എന്ന ചിത്രത്തിലാണ്.

വിനീത് ശ്രീനിവാസനെ ആദ്യമായി സിനിമയിലേക്ക് അഭിനയിക്കാൻ വിളിച്ചപ്പോഴുള്ള അനുഭവം പറയുകയാണ് സംവിധായകൻ ജോണി ആന്റണി.

വിനീതിനെ ആദ്യമായി വിളിച്ചപ്പോൾ അച്ഛൻ ശ്രീനിവാസനായിരുന്നു സംസാരിച്ചതെന്നും അദ്ദേഹത്തിന് ഒരു അച്ഛന്റെ ടെൻഷൻ ഉണ്ടായിരുന്നെന്നും ജോണി ആന്റണി പറയുന്നു. വിനീതിന്റെ അച്ഛനായിട്ടാണ് ഞാൻ സംസാരിക്കുന്നത് എന്ന് പറഞ്ഞാണ് അദ്ദേഹം സംസാരിച്ചതെന്നും ജോണി ആന്റണി ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘വളരെ ബുദ്ധിയുള്ള ഒരു നല്ല ചെറുപ്പക്കാരനാണ് വിനീത് ശ്രീനിവാസൻ. സൈക്കിൾ എന്ന സിനിമയിലേക്ക് ആദ്യമായി വിനീതിനെ അഭിനയിക്കാൻ വിളിക്കുന്നതിന് മുൻപ് ശ്രീനിവാസൻ സാറോട് ഞാൻ സംസാരിച്ചിരുന്നു. ശ്രീനിയേട്ടൻ എന്നെ വിളിച്ചിട്ട് നേരിട്ട് കാണണമെന്ന് പറഞ്ഞു.

വിനീത് ആദ്യമായി അഭിനയിക്കുന്നതിൽ അവർക്ക് നല്ല ഉൽകണ്ഠ ഉണ്ടായിരുന്നു. ശ്രീനിയേട്ടൻ അന്ന് എന്നോട് പറഞ്ഞത്, നടനും സംവിധായകനുമായ ശ്രീനിവാസൻ അല്ല ഇപ്പോൾ സംസാരിക്കുന്നത് വിനീതിന്റെ അച്ഛനാണ്.

ജോണി ഇതിന് മുൻപ് ചെയ്ത സിനിമകളിലെല്ലാം മമ്മൂട്ടിയും ദിലീപുമൊക്കെ അല്ലായിരുന്നോ. അവർ വലിയ താരങ്ങളാണ്. വിനീത് അങ്ങനെ അല്ലല്ലോ. പുതുമുഖങ്ങളെ വെച്ച് സിനിമ ചെയ്തിട്ടില്ലല്ലോയെന്ന്. അപ്പോൾ ഞാൻ പറഞ്ഞത്, അന്നവരും എന്നെ പറ്റി അങ്ങനെയാണ് ചിന്തിക്കുന്നതെങ്കിൽ അതും നടക്കില്ലല്ലോയെന്നായിരുന്നു. ശ്രീനിയേട്ടന് ഞാൻ പറഞ്ഞത് നന്നായി മനസിലായി.

പിന്നെ കുറച്ച് ദിവസം കഴിഞ്ഞ് അദ്ദേഹം കണ്ണൂർ ഭാഗത്തേക്ക്‌ വന്നപ്പോൾ എടുത്ത സീനുകളൊക്കെ ഞാനൊന്ന് കട്ട്‌ ചെയ്ത് കാണിച്ചിരുന്നു. അത് കണ്ട് അദ്ദേഹം പറഞ്ഞത് വിനീതിനെ കൊണ്ട് നിങ്ങൾ നന്നായി ചെയ്യിപ്പിച്ചിട്ടുണ്ട് എന്നായിരുന്നു.

ആ വാക്കുകൾ പിന്നീടുള്ള വർക്കുകൾക്ക് വലിയ ഉപകാരമായി. സിനിമ മോശവുമായില്ല. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞ ഒരു സിനിമ ആയിരുന്നു അത്. ഞാൻ കൊണ്ടുവന്നില്ലെങ്കിലും വിനീത് നടനാവും. എനിക്കായിരുന്നു അത് വിധിച്ചത് എന്നേയുള്ളു.

പിന്നെ ഹൃദയത്തിലേക്ക് എന്നെ അഭിനയിക്കാൻ വിളിച്ചപ്പോൾ ഞാൻ ചോദിച്ചത് പ്രതികാരം ചെയ്യാൻ വിളിക്കുകയാണോ എന്നായിരുന്നു( ചിരി ),’ ജോണി ആന്റണി പറയുന്നു.

Content Highlight: Jhony Antony Talk About Vineeth Sreenivasan And Sreenivasan