കമൽ സാറിന്റെ ആ സീനിൽ ഞാൻ ഡാൻസ് ചെയ്തത് ആളുകൾ ശ്രദ്ധിക്കില്ലെന്ന് കരുതിയാണ്: ഗൗതം വാസുദേവ് മേനോന്‍
Entertainment
കമൽ സാറിന്റെ ആ സീനിൽ ഞാൻ ഡാൻസ് ചെയ്തത് ആളുകൾ ശ്രദ്ധിക്കില്ലെന്ന് കരുതിയാണ്: ഗൗതം വാസുദേവ് മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th January 2025, 12:26 pm

കോളിവുഡിൽ ഏറെ പ്രേക്ഷക സ്വീകാര്യതയുള്ള സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ. ഗൗതം മേനോനിന്റെ റൊമാന്റിക് സിനിമകൾക്ക് വലിയ രീതിയിയിൽ പ്രേക്ഷകരുണ്ട്. വാരണം ആയിരം, വിണ്ണൈത്താണ്ടി വരുവായ തുടങ്ങി സൂപ്പർ ഹിറ്റുകൾ നൽകിയ സംവിധായകൻ ഇന്ന് അഭിനയ രംഗത്തും സജീവമാണ്.

കമൽ ഹാസനെ നായകനാക്കി ഗൗതം മേനോൻ ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു വേട്ടയാട് വിളയാട്. ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ ഡാൻസേഴ്‌സിനൊപ്പം ഗൗതം മേനോനും പ്രത്യക്ഷപ്പെടുന്നുണ്ട്. ഈയിടെ പാട്ടിലെ ആ ഭാഗങ്ങൾ വൈറലായി മാറിയിരുന്നു.

എന്നാൽ അഭിനയിക്കണമെന്ന ആഗ്രഹം കൊണ്ടല്ല താൻ ആ പാട്ടിൽ അഭിനയിച്ചതെന്നും ഒരു എൻജോയ്മെന്റിനായി അഭിനയിച്ചതാണെന്നും ഗൗതം മേനോൻ പറയുന്നു. ബ്രിന്ദ മാസ്റ്ററാണ് തന്നോടും മറ്റുള്ളവരോടും ആ ഷോട്ടിൽ നിൽക്കാൻ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയിരുന്നു അദ്ദേഹം.

‘ആളുകൾ ശ്രദ്ധിക്കില്ലെന്ന് കരുതിയാണ് ഞാൻ അതൊക്കെ ചെയ്തത്. ആ ഒരു നിമിഷം എൻജോയ് ചെയ്തു എന്ന് മാത്രമേയുള്ളൂ. ആ പടത്തിൽ എനിക്ക് അഭിനയിക്കണം അല്ലെങ്കിൽ ക്യാമറയുടെ മുന്നിൽ നിൽക്കണമെന്നൊന്നും ആഗ്രഹമില്ലായിരുന്നു. പക്ഷെ കമൽ സാറിന്റെ പിറകിൽ ഒരു ഷോട്ടിൽ വരണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഒരു സെലിബ്രേഷൻ മൂഡായിരുന്നു അത്.

സത്യം പറഞ്ഞാൽ ഞാൻ മാത്രമല്ല ആ ഷോട്ടിൽ എല്ലാ ടെക്നിഷ്യന്മാരുമുണ്ട്. ആ ഷോട്ടിൽ പിന്നിൽ നടന്ന് വരുന്നവരൊക്കെ ആ സെറ്റിൽ വർക്ക് ചെയ്തിട്ടുള്ള ആളുകളാണ്. ബ്രിന്ദ മാസ്റ്ററാണ് ആ പാട്ട് കൊറിയോഗ്രാഫി ചെയ്തിട്ടുള്ളത്. ബ്രിന്ദ മാസ്റ്ററാണ് എല്ലാവരോടും ഉള്ളിലേക്ക് പോകാൻ പറഞ്ഞത്. അങ്ങനെ ആ യൂണിറ്റിലുള്ള ആളുകളാണ് സാറിന്റെ കൂടെ നടന്നുവരുന്നത്. അതൊരു സന്തോഷത്തിന് ചെയ്തതാണ്. അതിപ്പോൾ എല്ലാവരും ശ്രദ്ധിക്കേണ്ട ആവശ്യമില്ല,’ഗൗതം മേനോൻ പറയുന്നു.

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം ജനുവരി 23ന് തിയേറ്ററുകളിലെത്തിയിരുന്നു. ഗൗതം സംവിധാനം ചെയ്യുന്ന ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മികച്ച അഭിപ്രായമാണ് ചിത്രം തിയേറ്ററിൽ നേടുന്നത്.

 

Content Highlight: Goutham Menon About His Dance In Vettayad Villayad  Movie Song