മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നാണ് അൻവർ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ. ദുൽഖർ സൽമാനും തിലകനും പ്രധാന വേഷത്തിലെത്തിയ ചിത്രം നിരൂപക പ്രശംസയ്ക്കൊപ്പം വലിയ വിജയവും നേടിയിരുന്നു. ടെക്നിക്കൽ ക്വാളിറ്റിയിലും ഏറെ മികവ് പുലർത്തിയ ചിത്രമായിരുന്നു ഉസ്താദ് ഹോട്ടൽ. ചിത്രത്തിൽ സംഗീതം ചെയ്തത് ഗോപി സുന്ദറായിരുന്നു. ഗോപി സുന്ദറിന്റെ മികച്ച വർക്കിൽ ഒന്നാണിത്.
ഉസ്താദ് ഹോട്ടൽ എന്ന സിനിമയിൽ പ്രവർത്തിച്ചതിന്റെ കുറിച്ച് സംസാരിക്കുകയാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. തന്നെ ഒരാളെ വിശ്വസിച്ചിട്ടാണ് ഉസ്താദ് ഹോട്ടലിലെ ഒരുപാട് ഷോട്ടുകൾ എടുത്തിരിക്കുന്നതെന്ന് അൻവർ റഷീദ് തന്നോട് പറഞ്ഞെന്ന് ഗോപി സുന്ദർ പറയുന്നു. ആ ഒരു വാക്കിന് പുറത്താണ് താൻ എന്ന സംഗീത സംവിധായകനോട് താൻ നീതി പുലർത്തിയതെന്നും ഗോപി സുന്ദർ പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അൻവർ റഷീദ് എൻ്റെ അടുത്ത് പറഞ്ഞത് നിങ്ങളെ വിശ്വസിച്ചാണ് കുറേ സീൻ ലാഗിട്ട് എടുത്തത് എന്ന്. കുറെയൊക്കെ അതിൽ സോഫ്റ്റ് ഷോട്‌സ് ആണ് എടുത്തിരിക്കുന്നത്. ‘നിങ്ങളെ വിശ്വസിച്ചാണ് ഞാൻ ഇരിക്കുന്നത്’ എന്ന ഒറ്റ വാക്കിന് പുറത്താണ് ഈ സിനിമ ചെയ്തത്. ഈ ഒരു ഒറ്റ വാക്കിലാണ് ഞാൻ എന്ന മ്യൂസിക് ഡയറക്ടറോട് നീതി പുലർത്തുന്നത്.
അതുപോലെ എത്രപേർ പറയും? എത്രപേർ ലാഗിട്ട് ഷോട്ട് എടുക്കും? വേഗം വേഗം മൂന്ന് കട്ട് ഇടാൻ ഏത് പൊട്ടനും പറ്റും. പക്ഷെ വേറൊരു മേക്കിങ്ങിലേക്ക് കൊണ്ടുവരുമ്പോഴാണ് നല്ല പ്രതലം ഉണ്ടാകുന്നത്. ആ പ്രതലം നന്നായാൽ മാത്രമേ പശ്ചാത്തലം നന്നാകൂ. പശ്ചാത്തല സംഗീതം എന്നും പശ്ചാത്തലമാണ്, ഏതോ ഒരു പ്രതലത്തിൻ്റെ എന്ന് മനസിലാക്കണം,’ ഗോപി സുന്ദർ പറയുന്നു.