നിന്റെ പടം പോലെയല്ല ഭാവന സ്റ്റുഡിയോസിന് ഒരു മിനിമം ക്വാളിറ്റി ഉണ്ട്; ബെത്‌ലഹേമിന് പിന്നാലെ വൈറലായി ഗിരീഷ് എ.ഡിയുടെ പഴയ അഭിമുഖം
Malayalam Cinema
നിന്റെ പടം പോലെയല്ല ഭാവന സ്റ്റുഡിയോസിന് ഒരു മിനിമം ക്വാളിറ്റി ഉണ്ട്; ബെത്‌ലഹേമിന് പിന്നാലെ വൈറലായി ഗിരീഷ് എ.ഡിയുടെ പഴയ അഭിമുഖം
അശ്വിന്‍ രാജേന്ദ്രന്‍
Saturday, 22nd August 2026, 9:36 am

സിനിമാ പ്രേമികളെയാകെ ആവേശം കൊള്ളിക്കുന്ന റിപ്പോര്‍ട്ടുകളാണ് റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റില് ലഭിക്കുന്നത്, നിവിന്‍ പോളി, മമിത ബൈജു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ റോം കോം ചിത്രത്തിന് ഹൈലി പോസിറ്റീവ് റിവ്യൂസ് വന്നതോടെ കളക്ഷനിലും പ്രീ ബുക്കിങ്ങിലും വലിയ കുതിപ്പാണ് ബെത്‌ലഹേം നടത്തുന്നത്. ഗിരീഷ് തന്നെ സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം പ്രേമലുവിന്റെ നിര്‍മാതാക്കളായ ഭാവന സ്റ്റുഡിയോസാണ് ബെത്‌ലഹേം കുടുംബ യൂണിറ്റും നിര്‍മിച്ചിരിക്കുന്നത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്‌. Photo: District

ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള ഭാവന സ്റ്റുഡിയോസും ഗിരീഷ് എ.ഡിയും ഒന്നിക്കുന്ന രണ്ടാമത്തെ പ്രൊജക്ടാണിത്. കുമ്പളങ്ങി നൈറ്റ്‌സ്, ജോജി, പാല്‍ത്തു ജാന്‍വര്‍, തങ്കം തുടങ്ങിയ സിനിമകള്‍ നിര്‍മിച്ച പ്രൊഡക്ഷന്‍ ഹൗസിന് വലിയ വിജയമായിരുന്നു പ്രേമലുവിലൂടെ ഗിരീഷ് എ.ഡി സമ്മാനിച്ചത്. ചിത്രം 150 കോടിയോളം തിയേറ്ററുകളില്‍ നിന്നും നേടുകയും ഹിന്ദി അടക്കമുള്ള ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തിരുന്നു.

സമാനമായി രണ്ടാമത്തെ ചിത്രവും മികച്ച പ്രതികരണം നേടി മുന്നേറുമ്പോള്‍ ഗിരീഷ് എ.ഡി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഭാവന സ്റ്റുഡിയോസിനൊപ്പം പ്രേമലു ചെയ്യാനായി തീരുമാനിച്ചപ്പോള്‍ പലരും തന്നോട് ചോദിച്ച കാര്യത്തെ കുറിച്ചാണ് ഗിരീഷ് ഓര്‍ത്തെടുത്തത്. ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ക്കെല്ലാം ഒരു മിനിമം ക്വാളിറ്റി ഉണ്ടെന്നും തന്റെ ടൈപ്പ് ചിത്രങ്ങളല്ല അവരില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് എന്നുമായിരുന്നു ഗിരീഷിനോട് പലരും പറഞ്ഞത്.

‘പ്രേമലു അനൗണ്‍സ് ചെയ്തപ്പോള്‍ എന്റെ അടുത്ത് പലരും ചോദിച്ചത് ഒരു കാര്യമാണ്. ഭാവന സ്റ്റുഡിയോസ് ചെയ്യുന്ന പടങ്ങള്‍ക്കെല്ലാം ഒരു മിനിമം ക്വാളിറ്റി ഉണ്ട്. നിങ്ങള്‍ ചെയ്യുന്ന പോലത്തെ പരിപാടിയൊന്നുമല്ല പ്രേക്ഷകര്‍ അവരില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അത് കേട്ടപ്പോള്‍ ഞാനാകെ വല്ലാതായി. ഇതെന്താണ് ഇവര്‍ ഇങ്ങനെ പറയുന്നത്. ആ കൊള്ളാമെടാ എന്ന് പറഞ്ഞ് നമ്മളെ പ്രോത്സാഹിപ്പിക്കും എന്നാണ് ഞാന്‍ കരുതിയത്.

ഒരു ഘട്ടത്തില്‍ ഇനിയിപ്പോള്‍ ഇങ്ങനെയാണോ എന്ന് ഞാന്‍ ആലോചിച്ചു. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ എന്റെ പടം വന്നാല്‍ ആളുകള്‍ തിയേറ്ററില്‍ പോയി കാണില്ലേ എന്നാണ് ഞാന്‍ ചിന്തിച്ചത്,’ ഗിരീഷ് പറഞ്ഞു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്‌. Photo: Bhavana Studios/ Youtube.com

എന്നാല്‍ മുന്‍വിധി എഴുതിയവര്‍ക്കെല്ലാം തെറ്റി എന്ന് ഉറപ്പിക്കുന്നതായിരുന്നു പ്രേമലുവിന് ലഭിച്ച വിജയം. ഇതേ പാറ്റേണില്‍ മറ്റൊരു ചിത്രം കൂടി ഇന്നലെ തിയേറ്ററുകളിലെത്തിയപ്പോള്‍ പ്രേമലുവിന്റെ കളക്ഷനെയും വെട്ടിച്ച് മുന്നേറാമെന്നുള്ള പ്രതീക്ഷയിലാണ് ഗിരീഷ് എ.ഡിയും ഭാവന സ്റ്റുഡിയോസും. നിവിന്‍ പോളിയ്ക്കും മമിത ബൈജുവിനും പുറമെ സുരേഷ് കൃഷ്ണ, സംഗീത് പ്രതാപ്, റോഷന്‍ ഷാനവാസ്, വിനയ് ഫോര്‍ട്ട് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Girish AD’s old interview goes viral after Bethlehem Kudumba unit gets highly positive revirews

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.