റൊമാന്റിക് ചിത്രങ്ങളുടെയും കോപ് ആക്ഷന്‍ ത്രില്ലറുകളുടെയും വക്താവാണ് ഗൗതം വാസുദേവ് മേനോന്‍. മിന്നലേ, വാരണം ആയിരം, വിണ്ണൈത്താണ്ടി വരുവായ എന്നീ സിനിമകള്‍ സിനിമാപ്രേമികള്‍ ഏറ്റെടുത്ത ചിത്രങ്ങളാണ്. ജി.വി.എം എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന ഗൗതം വാസുദേവിന്റെ പല സിനിമകളുടെയും റീലുകളും മറ്റും സാമൂഹ മാധ്യമങ്ങളില്‍ ഇന്നും സുലഭമായി കാണാറുണ്ട്.
ഗൗതം വാസുദേവ് മേനോന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച് 2008 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വാരണം ആയിരം. സൂര്യയാണ് ചിത്രത്തില്‍ നായകനായി എത്തിയിരുന്നത്.
അച്ഛന്‍ തന്റെ മകന്റെ ജീവിതത്തില്‍ എങ്ങനെ ഒരു നായകപരിവേഷം കൈവരിക്കുന്നുവെന്നും എങ്ങനെയൊക്കെ അയാളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഒക്കെയാണ് സിനിമയുടെ കഥ. 2008 ല്‍ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം വാരണം ആയിരത്തിന് ലഭിക്കുകയുണ്ടായി.
ഇപ്പോള്‍ തനിക്ക് വീണ്ടും കാണാന്‍ ബുദ്ധിമുട്ടുള്ള ഒരു സിനിമയാണ് വാരണം ആയിരം എന്ന് ഗൗതം വാസുദേവ് പറയുന്നു. സിനിമയില്‍ കാണുന്ന പലതും തന്റെ അച്ഛന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ള കാര്യങ്ങളാണെന്നും സിനിമയിലെ ചില ഡയലോഗുകളും, ഓരോ സീനുകളും താന്‍ തന്റെ അച്ഛന്റെ ജീവിതത്തില്‍ കണ്ടിട്ടുള്ള കുറച്ച് കാര്യങ്ങള് തന്നെയാണെന്നും ഗൗതം വാസുദേവ് കൂട്ടിച്ചേര്‍ത്തു.
അതുകൊണ്ട് തന്നെ തനിക്ക് ആ സിനിമ വീണ്ടും കാണാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ അടിയെ കൊല്ലുതേ എന്ന പാട്ട് താന്‍ കേള്‍ക്കാറുണ്ടെന്നും തങ്ങള്‍ അത് ചിത്രീകരിച്ചിരിക്കുന്ന രീതി തനിക്ക് വളരെ ഇഷ്ടമാണെന്നും ഗൗതം വാസുദേവ് പറയുന്നു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്ക് വാരണം ആയിരം കാണാന്‍ ബുദ്ധിമുട്ടാണ്. കാരണം ആ സിനിമയില്‍ അധികവും പറഞ്ഞിരിക്കുന്നത് എന്റെ അച്ഛനെ കുറിച്ചാണ്. സൂര്യ ചെയ്ത അച്ഛന്‍ കഥാപാത്രത്തിന്റെ സീനുകളും അതിലെ ഡയലോഗുകളും ആ സിനിമയില്‍ ഉള്ള പല മൊമെന്‍സും, എന്റെ സ്വന്തം അച്ഛന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുള്ള കുറച്ച് കാര്യങ്ങളാണ്. കൂടുതലും അങ്ങനെയാണ്.
അതുകൊണ്ട് ആ സിനിമ വീണ്ടും കാണാന്‍ എനിക്ക് കുറച്ച് ബുദ്ധിമുട്ടാണ്. അടിയേ കൊല്ലുതേ എന്ന പാട്ട് ഞാന്‍ വീണ്ടും കാണും കാരണം എനിക്ക് ആ പാട്ട് ഞങ്ങള്‍ എടുത്തിരിക്കുന്ന രീതി വളരെ ഇഷ്ടമാണ്. പിന്നെ അഞ്ചലാ എന്ന പാട്ട് വളരെ പോപ്പുലര്‍ ആണ്. എവിടെ പോയാലും ആ പാട്ട് പ്ല ചെയ്യാറുണ്ട്,’ ഗൗതം വാസുദേവ് പറയുന്നു.
Content highlight: Gautham Vasudev says that Vaaranam Aayiram is a film that he finds difficult to watch again.