അന്ന് മമ്മൂട്ടി സാര്‍ ആ കഥയെ കുറിച്ച് സംസാരിച്ചപ്പോള്‍ ഞാന്‍ ആകെ സര്‍പ്രൈസ്ഡായി: ഗൗതം വാസുദേവ് മേനോന്‍
Entertainment
അന്ന് മമ്മൂട്ടി സാര്‍ ആ കഥയെ കുറിച്ച് സംസാരിച്ചപ്പോള്‍ ഞാന്‍ ആകെ സര്‍പ്രൈസ്ഡായി: ഗൗതം വാസുദേവ് മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd January 2025, 11:16 am

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം ജനുവരി 23നാണ് തിയേറ്ററുകളിലെത്തുന്നത്.

തമിഴിലെ ഹിറ്റ് ഫിലിം മേക്കറായ ഗൗതം സംവിധാനം ചെയ്യുന്ന ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. എന്നാല്‍ താന്‍ 2005ല്‍ മമ്മൂട്ടിയോട് മറ്റൊരു കഥ പറഞ്ഞിരുന്നുവെന്ന് പറയുകയാണ് ഗൗതം വാസുദേവ് മേനോന്‍.

ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സിന്റെ കഥ പറയാന്‍ മമ്മൂട്ടിയുടെ അടുത്ത് പോയപ്പോള്‍ അദ്ദേഹം അത് ഓര്‍ത്തെടുത്തെന്നും അതില്‍ താന്‍ സര്‍പ്രൈസായെന്നും സംവിധായകന്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ 2005ല്‍ മമ്മൂട്ടി സാറിനോട് ഒരു കഥ പറഞ്ഞിരുന്നു. ഞങ്ങള്‍ സാറിനോട് ഡൊമിനിക്കിന്റെ കഥ പറയാന്‍ പോയപ്പോള്‍ സാര്‍ അത് ഓര്‍ത്തെടുത്തു. ‘മുമ്പ് ഒരു സിനിമയെ പറ്റി പറഞ്ഞിരുന്നില്ലേ, അതിന് എന്തുപറ്റി’ എന്നായിരുന്നു അദ്ദേഹം അന്ന് ചോദിച്ചത്.

അന്നത്തെ ആ കഥയെ കുറിച്ച് സാര്‍ എന്നോട് സംസാരിക്കുകയും ചെയ്തു. മമ്മൂട്ടി സാര്‍ അത് ഓര്‍ക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ആകെ സര്‍പ്രൈസ്ഡായി,’ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.

ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സില്‍ മമ്മൂട്ടി അഭിനയിക്കുന്നു എന്നുള്ളത് സന്തോഷം നല്‍കിയ കാര്യം തന്നെയായിരുന്നെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. ആദ്യമായാണ് തന്റെ ഒരു സിനിമ ജനുവരിയില്‍ റിലീസ് ചെയ്യുന്നതെന്നും ഗൗതം കൂട്ടിച്ചേര്‍ത്തു.

‘മമ്മൂട്ടി സാര്‍ അഭിനയിക്കുന്നു എന്നുള്ളത് സന്തോഷം നല്‍കിയ കാര്യം തന്നെയായിരുന്നു. സെക്കന്റ് ടേക്ക് ചോദിക്കുമ്പോള്‍ സാര്‍ എന്തുപറ്റിയെന്ന് ചോദിക്കും. അപ്പോള്‍ നമ്മള്‍ സാറിനോട് അതിനുള്ള കാരണം വളരെ കൃത്യമായി തന്നെ പറയണം. അതിനായി ഓരോ ഷോട്ടും നമ്മളുടെ മനസിലുണ്ടാകണം.

നമുക്ക് വെറുതെ കളയാന്‍ സമയം ഉണ്ടായിരുന്നില്ല. മമ്മൂട്ടി സാര്‍ പറഞ്ഞ 40 അല്ലെങ്കില്‍ 45 ദിവസത്തിനുള്ളില്‍ തന്നെ നമുക്ക് ഷൂട്ട് പൂര്‍ത്തിയാക്കണമായിരുന്നു. അതിനായി ഒരുപാട് വര്‍ക്ക് ചെയ്തു. മലയാളത്തിലെ ആദ്യ സിനിമയായതിന്റെ എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു.

പിന്നെ ആദ്യമായാണ് എന്റെ ഒരു സിനിമ ജനുവരിയില്‍ റിലീസ് ചെയ്യുന്നത്. പല സിനിമയുടെ സമയത്തും ജനുവരിയില്‍ റിലീസ് ചെയ്യാനായി ഞാന്‍ ഒരുപാട് തവണ ശ്രമിച്ചിരുന്നു. പക്ഷെ എപ്പോഴും ഫെബ്രുവരിയിലേക്ക് റിലീസ് ഷിഫ്റ്റ് ചെയ്യേണ്ടിവരികയായിരുന്നു. എന്തെങ്കിലും പ്രശ്‌നം വരാറാണ്.

അതുകൊണ്ട് തന്നെ ഈ സിനിമ ജനുവരിയില്‍ വരുന്നതില്‍ ഞാന്‍ ഏറെ എക്‌സൈറ്റഡാണ്. ഞാന്‍ മലയാളത്തിലെ എന്റെ ആദ്യ സിനിമക്കായി കാത്തിരിക്കുകയായിരുന്നു. പിന്നെ ഞാന്‍ എന്റെ ഏത് സിനിമ ചെയ്യുമ്പോഴും അത് എന്റെ ആദ്യ സിനിമ പോലെയാണ് ചെയ്യാറുള്ളത്,’ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.

Content Highlight: Gautham Vasudev Menon Talks About Mammootty And Dominic And The Ladies Purse Movie