മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം ജനുവരി 23ന് തിയേറ്ററുകളിലെത്തും. തമിഴിലെ ഹിറ്റ് ഫിലിം മേക്കറായ ഗൗതം സംവിധാനം ചെയ്യുന്ന ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്‍. ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ് എന്ന സിനിമ താന്‍ ചെയ്തത് തനിക്ക് കരിയറിന്റെ തുടക്കം മുതല്‍ വര്‍ക്ക് ചെയ്യണം എന്ന് ആഗ്രഹമുള്ള മമ്മൂട്ടിയുടെ കൂടെ ആണെന്ന് ഗൗതം വാസുദേവ് മേനോന്‍ പറയുന്നു.
2005ല്‍ മമ്മൂട്ടിയുടെ അടുത്ത് കഥ പറയാന്‍ പോയെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ വീണ്ടും കണ്ടപ്പോള്‍ ആ കഥയുടെ കാര്യം പറഞ്ഞെന്നും ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ് എന്ന സിനിമ ഞാന്‍ ചെയ്തത് എന്റെ കരിയര്‍ തുടങ്ങിയപ്പോള്‍ മുതല്‍ എനിക്ക് വര്‍ക്ക് ചെയ്യണം എന്ന് ആഗ്രഹമുള്ള നടന്റെ കൂടെയാണ്. എനിക്ക് കമല്‍ ഹാസനെ ഇഷ്ടമായിരുന്നു അതുകൊണ്ട് ഞാന്‍ അദ്ദേഹത്തെ വെച്ച് സിനിമയെടുത്തു. ഇപ്പോഴും എനിക്ക് അദ്ദേഹത്തിന്റെ കൂടെ ഇനിയും ഒരു സിനിമ ചെയ്യണം എന്ന് ആഗ്രഹമുണ്ട്.
അതുപോലെതന്നെയാണ് മമ്മൂട്ടി സാറും. എന്റെ യാത്രയില്‍ പല വഴികളില്‍ ഞാന്‍ മമ്മൂട്ടി സാറിന്റെ സിനിമകള്‍ കണ്ടിട്ടുണ്ട്. അവയില്‍ പലതും എന്നെ വളരെയേറെ ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ട്. 2005ല്‍ ഞാന്‍ അദ്ദേഹത്തോട് കഥ പറയാനായി പോയിട്ടുണ്ട്.
അതിന് ശേഷം ഈ അടുത്ത് ഞങ്ങള്‍ കണ്ടപ്പോള്‍ അദ്ദേഹം ആദ്യം പറഞ്ഞത് ‘എനിക്ക് ഇപ്പോഴും അന്ന് താന്‍ പറഞ്ഞ കഥ ഓര്‍മയുണ്ടെന്നും പിന്നെന്താ നീ വേറെ കഥയുമായി എന്റെ അടുത്തേക്ക് വരാത്തത്’ എന്നാണ്,’ ഗൗതം വാസുദേവ് മേനോന്‍ പറയുന്നു.